Cinemapranthan
null

തിയറ്ററിൽ പൊടി പാറിക്കാൻ ‘ദസറയും’, ‘പത്ത് തലയും’; ഈ ആഴ്ച്ച പ്രദർശനത്തിനെത്തുന്ന ചിത്രങ്ങൾ

‘ദസറ’യും, ‘പത്ത് തലയും’, ‘ഭോലയും’ ഇന്ന് തിയറ്ററുകളിൽ എത്തിയിരിക്കുകയാണ്

null

ഈയാഴ്ച പ്രേക്ഷകന്റെ മുന്നിലേക്ക് 6 സിനിമകളാണ് എത്തുന്നത്. അതിൽ മൂന്നെണ്ണം ബിഗ് ബഡ്ജറ്റ് ചിത്രങ്ങൾ ആണ്. ടോളിവുഡിൽ നിന്നും ദസറ, കോളിവുഡിൽ നിന്നും പത്തു തല, പത്താന് ശേഷം മറ്റൊരു ഹിറ്റ് പ്രതീക്ഷിച്ച് ബോളിവുഡിൽ നിന്നും ഭൂല. മികവുറ്റ സിനിമകൾ തന്ന സംവിധായകൻ വെട്രിമാരന്റെ ‘വിടുതലൈ പാർട്ട് 1’ ആണ് മറ്റൊരു പ്രതീക്ഷയുള്ള ചിത്രം. മോളിവുഡ്ൻ്റെതായി ഇറങ്ങുന്ന രണ്ട് ചിത്രങ്ങളാണ് ഹിഗ്വിറ്റയും ജവാനും മുല്ലപ്പൂവും. ‘ദസറ’യും, ‘പത്ത് തലയും’, ‘ഭോലയും’ ഇന്ന് തിയറ്ററുകളിൽ എത്തിയിരിക്കുകയാണ്.

‘ഹിറ്റ്’ എന്ന സിനിമയ്ക്ക് ശേഷം നാനി പ്രധാന കഥാപാത്രമാകുന്ന ചിത്രമാണ് ദസറ. ശ്രീകാന്ത് ഒഥെല രചന സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൻറെ സംഗീതം ഒരുക്കിയിരിക്കുന്നത് അനിരുദ്ധ് രവിചന്ദർ ആണ്. ഇതിനോടകം തന്നെ ഏറെ പ്രേക്ഷക പ്രീതി പിടിച്ചു പറ്റിയ ചിത്രത്തിൽ നാനിക്ക് പുറമേ കീർത്തി സുരേഷ്, ഷൈൻ ടോം ചാക്കോ, സമുദ്രക്കനി, സറീന വഹാബ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കൈതി, മാസ്റ്റർ, തീരൻ തുടങ്ങിയ ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ച സത്യൻ സൂര്യൻ ആണ് ദസറയുടെ ഛായാഗ്രാഹകൻ. ട്രെയിലറും ടീസറും കണ്ട പ്രേക്ഷകന് ഒരു കാര്യം ഉറപ്പാണ്, പെർഫോമൻസിന്റെ കാര്യത്തിൽ നാനി രണ്ടും കൽപ്പിച്ചാണ്..! ശ്രീകാന്ത് ഒഥെലയുടെ മേക്കിങ്ങും അനിരുദ്ധിന്റെ സംഗീതവും തീർക്കുന്ന മാജിക് തിയേറ്ററുകളിൽ നിറഞ്ഞാൽ മറ്റൊരു പാൻ ഇന്ത്യൻ ഹിറ്റ് അടിക്കാൻ സാധ്യതകൾ ഏറെയുള്ള ചിത്രമാണ് ദസറ.

ഒബെലി എൻ കൃഷ്ണ രചന – സംവിധാനം നിർവഹിച്ച പത്തു തല എന്ന ചിമ്പു ചിത്രം അങ്ങ് തമിഴ്നാട്ടിലും ഇങ് കേരളത്തിലും കുറച്ചൊന്നുമല്ല ഓളം ഉണ്ടാക്കിയിരിക്കുന്നത്. ചിത്രത്തിലെ പാട്ടുകൾക്കും ട്രെയിലറിനും എല്ലാം ഏറെ സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്നും കിട്ടിയിട്ടുള്ളത്. ലെജണ്ടറി മ്യൂസിഷൻ എ ആർ റഹ്മാൻ സംഗീതം നിർവഹിക്കുന്ന ചിത്രം ആരാധകരിൽ നിറച്ചിരിക്കുന്ന പ്രതീക്ഷ വലുതാണ്. ചിമ്പു, ഗൗതം കാർത്തിക്, പ്രിയ ഭവാനി ശങ്കർ, ഗൗതം വാസുദേവ്, അനു സിതാര, ആര്യ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കോളിവുഡിൽ സൂപ്പർ ഹിറ്റ് ആയി മാറിയ ലോഗേഷ് കനകരാജിന്റെ കൈതി എന്ന കാർത്തി ചിത്രത്തിൻ്റെ റീമേക്ക് ഭോല. അജയ് ദേവ്ഗൺ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നതും അദ്ദേഹം തന്നെയാണ്. അമല പോൾ, തബു എന്നിവർ പ്രധാന കഥാപാത്രങ്ങളായി സിനിമയിൽ എത്തുന്നുണ്ട്. ഇതിനോടകം തന്നെ ഏറെ ഫാൻ ബേസ് ഉള്ള കൈതി എന്ന ചിത്രത്തിൻറെ എക്സ്പെക്ടഷൻ മീറ്റ് ചെയ്യുക എന്നതായിരിക്കും ഭോല നേരിടാൻ പോകുന്ന ഏറ്റവും വലിയ വെല്ലുവിളി. കൈതി – 2 ന് വേണ്ടി കാത്തിരിക്കുന്ന സൗത്ത് ഇന്ത്യയിൽ ഒരു തരംഗം ഉണ്ടാക്കാൻ ഭോലയും അജയിയും നന്നേ പണിപ്പെടേണ്ടി വരും..!

ഒരുപിടി കരുത്തുറ്റ കഥാപാത്രങ്ങളെയും മികച്ച സിനിമകളെയും തന്ന സംവിധായകൻ വെട്രിമാരൻ ഒരുക്കുന്ന തമിഴ് ചിത്രമാണ് വിടുതലൈ പാർട്ട് 1. വിജയ് സേതുപതി, സൂരി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ഏറെ പ്രതീക്ഷയോടെ പ്രേക്ഷകർ ഉറ്റു നോക്കുന്ന സിനിമയാണ്. പ്രകാശ് രാജ്, ഭവാനി ശ്രീ, ഗൗതം വാസുദേവ് മേനോൻ, ഇളവരശ് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ബി ജയമോഹന്റെ തുണൈവൻ എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കിയതാണ്. ഇളയരാജ സംഗീതം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് വെട്രിമാരനും, ജയമോഹനും ചേർന്നാണ്. അസുരൻ, ആടുകളം, വേലൈ ഇല്ല പട്ടതാരി, വാടാ ചെന്നൈ എന്നീ ചിത്രങ്ങളുടെ ഛായാഗ്രഹണം നിർവ്വഹിച്ച വേൽരാജ് ആണ് ‘വിടുതലൈ പാർട്ട് 1 ന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. മാർച്ച് 31 ന് ആണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്.

ഹേമന്ത് ജി നായർ രചന – സംവിധാനം നിർവഹിച്ച ഹിഗ്വിറ്റ എന്ന ചിത്രം കണ്ണൂരിന്റെ രാഷ്ട്രീയ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. ഫാസിൽ നാസർ ആണ് ചിത്രത്തിൻറെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂട്, ധ്യാൻ ശ്രീനിവാസൻ, ബിനു പപ്പു, ഇന്ദ്രൻസ്, മനോജ് കെ ജയൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്. രാഷ്ട്രീയ സിനിമകൾ ഒരുപാടുണ്ടായിട്ടുള്ള മലയാളത്തിൽ നിന്ന് ഹിഗ്വിറ്റ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്നായിരിക്കും മലയാളികൾ ഉറ്റു നോക്കുക. മാർച്ച് 31 ന് ചിത്രം പ്രദർശനത്തിന് എത്തും.

സുരേഷ് കൃഷ്ണൻ എഴുതി രഘു മേനോൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജവാനും മുല്ലപ്പൂവും. ഒരു ഫീൽ ഗുഡ് ഫാമിലി എന്റർടൈനർ ആയി എത്തുന്ന ചിത്രത്തിൽ ശിവദ, സുമേഷ് ചന്ദ്രൻ എന്നിവർ പ്രധാന കഥാപാത്രങ്ങളിൽ എത്തുന്നു. ഗ്രാമീണ പശ്ചാത്തലത്തിൽ, കൊറോണ കാലത്ത് നാട്ടിൽ തിരിച്ചെത്തിയ ജവാൻ്റെയും അയാളുടെ ഭാര്യയുടെയും ജീവിതത്തെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ടു പോകുന്നത്. ചിന്തകളുടെ അമിത ഭാരമില്ലാതെ ചിരിച്ചു കണ്ട് ഇറങ്ങാവുന്ന ഒരു ചിത്രമായിട്ടായിരിക്കും ജവാനും മുല്ലപ്പൂവും തിയറ്ററുകളിലേക്ക് എത്തുന്നത്. മാർച്ച് 31 ന് ആണ് ചിത്രത്തിന്റെ റിലീസ്.

cp-webdesk

null
null