തീയേറ്ററുകളിൽ എഴുപത് ദിവസം പിന്നിട്ട് ‘ഓപ്പറേഷൻ ജാവ’. ‘എഴുപത് അഭിമാന ദിവസങ്ങൾ’ എന്നാണ് സംവിധായകനായ തരുൺ മൂർത്തി തന്റെ ഫേസ്ബുക് പോസ്റ്റിൽ കുറിച്ചിരിക്കുന്നത്. എഴുപത് ദിവസങ്ങൾ പിന്നിട്ട സന്തോഷത്തിനൊപ്പം ആശങ്കയും പങ്കു വെക്കുകയാണ് സംവിധായകൻ.
”ഇനി എത്ര ദിവസം ഈ ഒരു സാഹചര്യത്തിൽ നിലനിൽക്കാൻ കഴിയും എന്ന് അറിയില്ല. ഇത് വരെ കൈപിടിച്ച് കൂടെ നിർത്തിയതിനും കൈ അടിച്ച് ആവേശം തന്നതിനും പറഞ്ഞാലും പറഞ്ഞാലും തീരാത്ത നന്ദി’. തരുൺ മൂർത്തി കുറിക്കുന്നു. കോവിഡ് പ്രതിസന്ധിക്ക് ശേഷം വീണ്ടും തിയറ്ററുകൾ തുറന്ന് പ്രവർത്തിക്കുന്നെങ്കിലും കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തിൽ തിയേറ്ററുകൾ ഒമ്പത് മണിക്ക് അടയ്ക്കണമെന്ന അറിയിപ്പ് വന്നിരുന്നു. ഇത് സിനിമാ മേഖലയെ ആശങ്കയിലാക്കുകയാണ്.
ഇർഷാദ് അലി, വിനായകൻ, ഷൈൻ ടോം ചാക്കോ, ബിനു പപ്പു, ബാലു വർഗീസ് എന്നിവർ അഭിനയിച്ച ‘ഓപ്പറേഷൻ ജാവ’ ഏറെ ശ്രദ്ധ നേടിയ ചിത്രമായിരുന്നു. തരുൺ മൂർത്തിയുടെ ആദ്യ ചിത്രമായ ‘ഓപ്പറേഷൻ ജാവ’ സമകാലിക സമൂഹത്തിലെ പ്രശ്നങ്ങളെ പ്രമേയമാക്കിയുള്ളതാണ്. വി. സിനിമാസ് ഇന്റർനാഷണലിന്റെ ബാനറിൽ പത്മ ഉദയ് ആണ് ഓപ്പറേഷൻ ജാവ നിർമിച്ചിരിക്കുന്നത്.