Cinemapranthan
null

‘ചെക്കൻ’; ശ്രദ്ധേയമായി നഞ്ചിയമ്മയുടെ പുതിയ ഗാനം

ആത്‌ക്ക് അന്താ പക്കം’ എന്ന് തുടങ്ങുന്ന ചിത്രത്തിലെ ആദ്യ ഗാനം ഇതിനോടകം തന്നെ ശ്രദ്ധ നേടിയിരിക്കുകയാണ്

null

കോഴിക്കോട് : മലയാള സിനിമാപ്രേമികൾക്ക് മനോഹരമായൊരു ഗാനവുമായി നഞ്ചിയമ്മ വീണ്ടുമെത്തുന്നു. മലയാളികൾ ഏറ്റുപാടിയ അയ്യപ്പനും കോശിയും സിനിമയിലെ ‘കലകാത്ത ‘ ഗാനത്തിന് ശേഷം മനോഹരമായൊരു താരാട്ട് പാട്ടുമായാണ് നഞ്ചിയമ്മ വരുന്നത്.

ഒട്ടേറെ പ്രവാസി മലയാളികളുടെ കലാസ്വപ്നങ്ങൾക്കു നിറം പകർന്ന ഖത്തർ ആസ്ഥാനമായി പ്രവർത്തിക്കുന്ന വൺ ടു വൺ മീഡിയയുടെ ബാനറിൽ മൻസൂർ അലിനിർമ്മിച്ച് ഷാഫി എപ്പിക്കാട് രചനയും സംവിധാനവും നിർവ്വഹിക്കുന്ന ‘ചെക്കൻ’ എന്ന ചിത്രത്തിലൂടെയാണ് ഗായികയും, അഭിനേതാവുമായി നഞ്ചിയമ്മ വീണ്ടുമെത്തുന്നത്. ‘ആത്‌ക്ക് അന്താ പക്കം’ എന്ന് തുടങ്ങുന്ന ചിത്രത്തിലെ ആദ്യ ഗാനം ഇതിനോടകം തന്നെ ശ്രദ്ധ നേടിയിരിക്കുകയാണ്.

രചയിതാവും, സംഗീത സംവിധായകനും, ഗായകനുമായ പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരിയാണ് ചെക്കനിലെ ആദ്യ
ഗാനത്തിന്റെ വീഡിയോ ലോഞ്ചിംഗ് നിർവ്വഹിച്ചത്. നടൻ വിനോദ് കോവൂരും, സംവിധായകൻ ഷാഫി എപ്പിക്കാടും ചിത്രത്തിന്റെ മറ്റു അണിയറ പ്രവർത്തകരും സന്നിഹിതരായ ചടങ്ങ് കോഴിക്കോട് കൈതപ്രത്തിന്റെ വസതിയിൽ വെച്ചാണ് നടന്നത്. വൺ ടു വൺ മീഡിയ യൂട്യൂബ് ചാനലിലൂടെയാണ് ഗാനം പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്.

ഗോത്ര വിഭാഗത്തിൽ ജനിച്ച ഗായകനായൊരു വിദ്യാർത്ഥിയുടെ കഥ പറയുന്ന ചിത്രം മനോഹരമായ ഗാനങ്ങളുടെ അകമ്പടിയോടെ വയനാടിന്റെ ദൃശ്യ ഭംഗിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. പാരമ്പര്യമായി കിട്ടിയ സിദ്ധിയും, ഗായികയായ അമ്മൂമ്മ നഞ്ചിയമ്മയിൽ നിന്നും കിട്ടിയിരുന്ന അംഗീകാരവും നായകൻ ചെക്കന് ഏറെ പ്രോത്സാഹനമായിരുന്നെങ്കിലും വർത്തമാന കാലത്തും തുടരുന്ന ജാതിയുടെയും നിറത്തിന്റെയും പേരിലുള്ള അവഗണനകളും, മാറ്റിനിർത്തലുകളും നേരിടേണ്ടി വരുന്നൊരു ബാലന്റെ നിസ്സഹായതയാണ് സംവിധായകൻ ചെക്കനിലൂടെ വരച്ചു കാണിക്കുന്നത്.

കാടിന്റെയും, സംഗീതത്തിന്റെയും അകമ്പടിയോടെ ഒരുങ്ങുന്ന ചിത്രത്തിൽ നാടൻ പാട്ടു ഗായകൻ മണികണ്ഠൻ പെരുമ്പടപ്പും മനോഹരമായ ഗാനങ്ങൾക്ക് രചനയും, സംഗീതവും നിർവഹിച്ചു ആലപിക്കുന്നുണ്ട്. അടുത്ത മാസം റിലീസ് പ്രതീക്ഷിക്കുന്ന ചിത്രം തിയേറ്റർ റിലീസ് തന്നെയാണ് ഉദ്ദേശിക്കുന്നത്.

ഗപ്പി, ചാലക്കുടിക്കാരൻ ചെങ്ങാതി, എടക്കാട് ബറ്റാലിയൻ തുടങ്ങിയ ചിത്രത്തിലൂടെ ശ്രദ്ധേയനായ വിഷ്ണു പുരുഷനാണ് നായകൻ ചെക്കനായി അഭിനയിക്കുന്നത്. നായിക ആതിരയും. കൂടാതെ നഞ്ചിയമ്മ, വിനോദ് കോവൂർ , തസ്നിഖാൻ , അബു സലീം, അമ്പിളി, അലി അരങ്ങാടത്ത് , മാരാർ, സലാം കല്പറ്റ, അഫ്സൽ തുവൂർ, ടിക് ടോക് താരങ്ങളായ അബു സാലിം , ഷിഫാന, ലിയാ അമൻ തുടങ്ങിയവരോടൊപ്പം ഒട്ടേറെ നാടക താരങ്ങളും വിവിധ വേഷത്തിൽ ചിത്രത്തിലെത്തുന്നു.

ഛായാഗ്രഹണം: സുരേഷ് റെഡ് വൺ നിർവഹിക്കുന്നു. കലാ സംവിധാനം : ഉണ്ണി നിറം, ചമയം : ഹസ്സൻ വണ്ടൂർ, എഡിറ്റ്‌ : ജർഷാജ്, വസ്ത്രാലങ്കാരം : സുരേഷ് കോട്ടാല, പ്രൊജക്റ്റ്‌ ഡിസൈൻ : അസിം കോട്ടൂർ, പ്രൊ.കാണ്ട്രോളർ : ഷൗക്കത്ത് വണ്ടൂർ, പ്രൊ.മാനേജർ : റിയാസ് വയനാട്, സ്റ്റിൽസ് : അപ്പു, പശ്ചാത്തല സംഗീതം : സിബു സുകുമാരൻ, സാമ്പത്തിക നിയന്ത്രണം : മൊയ്‌ദു കെ.വി, ഗതാഗതം :ഷബാദ് സബാട്ടി,
പി.ആർ. ഒ : അജയ് തുണ്ടത്തിൽ, ഡിസൈൻ : മനു ഡാവിഞ്ചി.

cp-webdesk

null
null