Cinemapranthan
null

നടൻ മാമുക്കോയയെ ആദ്യമായി അഭിനയിപ്പിച്ച സംവിധായകൻ; പലരും മറന്നു പോയ നിലമ്പൂർ ബാലന്റെ ജീവിതം വായിക്കാം

null

മലയാള ചലച്ചിത്ര നടൻ, സംവിധായകൻ, നാടക പ്രവർത്തകൻ എന്നീ നിലകളിൽ അറിയപ്പെട്ട കലാകാരനാണ് നിലമ്പൂർ ബാലൻ,. കോഴിക്കോട് ജില്ലയിലെ വടകരയിൽ ജനിച്ച അദ്ദേഹം ജനനം കൊണ്ട് വടകരക്കാരനെങ്കിലും, കർമ്മം കൊണ്ട് എല്ലാ അർത്ഥത്തിലും നിലമ്പൂർകാരനായിരുന്നു ബാലൻ. തന്നിലെ മനുഷ്യനെയും കലാകാരനേയും ഒരുപോലെ വാർത്തെടുത്ത ഭൂമികയെ അയാൾ തന്റെ പേരിനൊപ്പം ചേർത്ത് വച്ചതും അതുകൊണ്ടായിരുന്നു.

വളരെ ചെറുപ്പത്തിൽ തന്നെ നാടകങ്ങളിൽ അഭിനയിച്ചു തുടങ്ങിയ ബാലൻ 1965-ൽ മുറപ്പെണ്ണ് എന്ന സിനിമയിലൂടെ ആണ് ചലച്ചിത്രാഭിനയത്തിന് തുടക്കം കുറിക്കുന്നത്. തുടർന്ന് അറുപതിലധികം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. 1979-ൽ അന്യരുടെ ഭൂമി എന്ന ചിത്രം ബാലൻ സംവിധാനം ചെയ്തു. ഈ സിനിമയിലാണ് പ്രശസ്ത നടൻ മാമുക്കോയ ആദ്യമായി അഭിനയിക്കുന്നത്

ജീവിതാനുഭങ്ങൾ ആയിരുന്നു നിലംബൂർ ബാലനെ കലാകാരനാക്കിയത്. എം എസ് പി പോലീസുകാരനായിരുന്ന പൊക്കൻന്റെയും ചെറുപ്പളശ്ശേരി സ്വദേശിനി ലക്ഷ്മിയുടെയും ആറു മക്കളിൽ രണ്ടാമത്തെ സന്തതിയാണ് 1933 ൽ ബാലൻ ജനിക്കുന്നത്. എം എസ് പി നിലമ്പൂരിൽനിന്നും റിട്ടയർആയ അച്ഛൻ, പഴയകാല നിലമ്പൂർ ചെട്ടിയങ്ങാടിയിൽ ആദ്യകാല കച്ചവടക്കാരിൽ ഒരാളായി ചായക്കച്ചവടം തുടങ്ങി. ബാലനും ഇടക്ക് അവിടെ ചെറിയ സഹായങ്ങൾക്ക് നിൽക്കാറുണ്ട്. എന്നാൽ ബാലന് പതിമൂന്നു വയസ്സുള്ളപ്പോൾ ആണ് അദ്ദേഹത്തിന്റെ പിതാവ് മരിക്കുന്നത്. അതോടെ കുടുംബഭാരം മുഴുവൻ ബാലന്റെ ചുമലിലായി. എട്ടാം ക്ളസ്സോടെ പഠനവും നിർത്തി. തുടർന്നു, നിലംബൂർ കോവിലകത്തെ തയ്യൽ വേലകൾ നിർവഹിച്ചിരുന്ന ഉള്ളാട്ടിൽ ബാലൻ എന്ന ടൈലറുടെ കൂടെ കൂടി തയ്യൽപണി പഠിക്കുവാൻ തുടങ്ങി. അവിടെനിന്നാണ് കമ്മ്യൂണിസത്തിൽ ആകൃഷ്ടനാകുന്നത്. യു ബാലനിലൂടെ മുതിർന്ന കമ്മ്യൂണിസ്റ്റ്‌ അനുഭാവികളുമായി സൗഹൃദത്തിലായി. പാർട്ടിയുടെ ഒളിപ്രവർത്തനങ്ങളിലും മറ്റും ബാലൻ പങ്കാളിയായി. 1948 കമ്മ്യൂണിസ്റ്കാരെ തിരഞ്ഞുപിടിച്ചു ജയിലിലടക്കുന്ന കാലം. സഖാവ് കുഞ്ഞാലിയുടെ പക്കൽനിന്നും കിട്ടിയ ഒരു ഡയറിയിൽനിന്നും ബാലന്റെ വീട്ടിൽ നിന്നും ഭക്ഷണം കഴിച്ച വിവരം ലഭിച്ച അടിസ്ഥാനത്തിൽ പതിനഞ്ചു വയസുകാരനായ ബാലൻ അറസ്റ്റ് ചെയ്യപ്പെട്ടു. ജയിൽമോചിതനായ ശേഷം പാർട്ടി പ്രവർത്തനത്തിൽ സജീവമായി. ജയിൽ വാസവും പരന്ന വായനയും ബാലനെ നല്ലൊരു പ്രാസംഗികനാക്കി മാറ്റിയിരുന്നു. പിന്നീട ബാലനും സുഹൃത്തുക്കളും ചേർന്ന് രൂപീകരിച്ച നിലമ്പൂർ യുവജന കലാസമിതി സാമൂഹ്യ പരിഷ്ക്കരണത്തിനു വേണ്ടിയുള്ള നാടകങ്ങൾ അവതരിപ്പിച്ച് ശ്രദ്ധനേടി നാടകങ്ങൾ ആയിരുന്നു സിനിമയിലേക്ക് വഴിതെളിച്ചത്.

മുറപ്പെണ്ണ്, പകൽകിനാവ്, നഗരമേ നന്ദി ,അസുരവിത്ത്, നിഴലാട്ടം, ഓളവും തീരവും, കുട്ട്യേടത്തി, ചെമ്പരത്തി, ഗായത്രി, നിർമ്മാല്യം, അമ്മ അറിയാൻ എന്ന് തുടങ്ങി അറുപതോളം സിനിമകൾ പദ്മരാജൻ ചിത്രം ‘ഇന്നലെ’ ആണ് അദ്ദേഹം അവസാനമായി അഭിനയിച്ച ചിത്രം

​​1990 ഫെബ്രുവരി 4 നു് നിലമ്പൂർ ബാലൻ അകാലത്തിൽ വിടപറഞ്ഞു. നിലമ്പൂർ ബാലന്റെ ഓർമ്മയ്ക്കായി ചലച്ചിത്ര, നാടക രംഗത്ത് മികച്ച സംഭാവന നൽകിയവർക്കുള്ള അവാർഡ് നിലമ്പൂർ ബാലൻ അനുസ്മരണ സമിതി ഏർപ്പെടുത്തിയിട്ടുണ്ട്. പുതിയ തലമുറയിലെ എത്രപേർക്ക് ഇദ്ദേഹത്തെ അറിയാമെന്നറിയില്ല. പക്ഷെ മലയാള സിനിമയുടെ ചരിത്രം ചികയുമ്പോൾ ഈ പേരും അറിയാതെ നമുക്ക് മുന്നിൽ എത്തും

cp-webdesk

null
null