Cinemapranthan
null

‘തോല്‍വി എന്നും കൂടപ്പിറപ്പായ കുരുവിളയുടെയും കുടുംബത്തിന്റെയും വിജയ കഥ’; ‘തോൽവി എഫ്.സി’ റിവ്യൂ വായിക്കാം

null

കരിയറിന്റെ തുടക്കം ഷോര്‍ട്ട് ഫിലിമുകളിലൂടെ തുടങ്ങി മലയാള സിനിമ മേഖലയിലെത്തിപ്പെട്ട കഴിവുറ്റ യുവ പ്രതിഭയാണ് ജോർജ്ജ് കോര.. പ്രേമം എന്ന എവർടൈം ബ്ലോക്ക് ബസ്റ്ററിൽ അഭിനേതാവായി തിളങ്ങിയ അദ്ദേഹം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ്. തോൽവി എഫ്.സി. ഡൗണ്‍സിന്‍ഡ്രോം ബാധിച്ച ഗോപീകൃഷ്ണന്‍ നായകകഥാപാത്രത്തെ അവതരിപ്പിച്ച ‘തിരികെ’ എന്ന ചിത്രമായിരുന്നു ജോർജ്ജ് കോര സംവിധാനം ചെയ്ത ആദ്യ ചിത്രം.

തോൽവി എഫ്.സി യിലേക്ക് എത്തുമ്പോൾ ‘തിരകെ’ ക്ക് ലഭിച്ച നിരൂപണ പ്രശംസ ഒരു പരിധി വരെ ജോർജ്ജ് കോര എന്ന സംവിധായകനിൽ പ്രകടമാണ്. തന്റെ രണ്ടാം ചിത്രം അത്രയും മനോഹരമായാണ് അദ്ദേഹം ഒരുക്കി വച്ചത്. ആദ്യ സിനിമയിൽ ഉണ്ടായ പോരായ്മകളെ എല്ലാം കൃത്യമായി മറച്ചു വച്ച് ഒരുക്കിയ ഒരു മികച്ച ഫാമിലി ഫീൽ ഗുഡ് സിനിമ. അഭിനേതാക്കളുടെ പ്രകടനം കൊണ്ടും നുറുങ്ങു തമാശകൾ കൊണ്ടും പ്രേക്ഷകനെ ഒട്ടും ബോറടിപ്പിക്കാത്ത ഒരു കുഞ്ഞു ചിത്രം.

തോല്‍വി എന്നും കൂടപ്പിറപ്പായ കുരുവിളയുടെയും കുടുംബത്തിന്റെയും കഥപറയുന്ന ചിത്രമാണ് തോൽവി എഫ്.സി.
ജീവിതം തിരിച്ചുപിടിക്കാനുള്ള നെട്ടോട്ടത്തെ ഹാസ്യരൂപത്തിൽ ആവിഷ്‌കരിക്കുകയാണ് സംവിധായകൻ. ഷറഫുദ്ദീന്‍, മീനാക്ഷി രവീന്ദ്രന്‍, ജോണി ആന്റണി, ആശാ മടത്തില്‍, അല്‍ത്താഫ് സലീം, അനുരാജ്, പിന്നെ സംവിധായകൻ കൂടിയായ ജോർജ്ജ് കോര എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ജോണി ആന്റണിയും ആശാ മടത്തിലും അവതരിപ്പിക്കുന്ന അപ്പന്റെയും അമ്മയുടെ മക്കളാണ് ഷറഫുദ്ധീനും ജോർജ്ജ് കോരയും
ബാംഗ്ളൂരിലെ ഐ ടി ജോലി മതിയാക്കി നാട്ടിൽ ഒരു കഫേ തുടങ്ങിയ ആളാണ്‌ കുരുവിളയുടെ മൂത്ത മകൻ ഉമ്മൻ (ശറഫുദ്ധീൻ ). നാട്ടിൽ കുട്ടികളെ വച്ച് തമ്പി എഫ്.സി എന്ന പേരിൽ ഒരു ഫുട്ബോൾ ക്ലബ് നടത്തുന്ന കോച്ചാണ് രണ്ടാമത്തെ മകൻ തമ്പി (ജോർജ്ജ് കോര) ക്രിപ്റ്റോ കറൻസിയിൽ പണം നിക്ഷേപിച്ച് ട്രേഡിങ്ങ് നടത്തുന്ന ആളാണ് അപ്പൻ കുരുവിള (ജോണി ആന്റണി) മൂന്നുപേരും തങ്ങളുടെ മേഖലയിൽ തോൽവി നേരിടുന്നവരാണ്. തൊഴിൽ മേഖല മാത്രമല്ല പ്രണയം,പണം, കളി, ജീവിതം എന്നിങ്ങനെ എല്ലാത്തിലും തോറ്റു കൊണ്ടിരിക്കുന്ന ആ കുടുംബത്തിന്റെ തിരിച്ചുവരവിന്റെ കഥയാണ് തോൽവി എഫ്.സി. മേല്പറഞ്ഞ പോലെ ഒരു ഇമോഷണൽ സെന്റിമെൻസ് സിനിമക്കുള്ള എല്ലാ വകുപ്പുമുണ്ടായിരുന്നിട്ടും ഒരു തരി പോലും അങ്ങോട്ട് വഴി മാറാതെ പൂർണമായും ഹാസ്യത്തിന്റെ മേമ്പൊടിയിൽ ഒരുക്കിയെന്നത് തന്നെയാണ് ഈ ചിത്രത്തിന്റെ പോസിറ്റീവ്.

ചിത്രത്തിന്റെ ടെക്നിക്കൽ മേഖലയിലേക്ക് കടന്നാൽ ശ്യാമപ്രസാദ് എം എസ്സാണ് ഛായാഗ്രാഹണം. പ്രമേയത്തിനൊത്തെ ഛായാഗ്രാഹണം ശ്യാമപ്രസാദിന്റേത്. കളര്‍ ടോണിലടക്കും പുതുമ അനുഭവപ്പെടുത്താനുമായിട്ടുണ്ട്. ധനുഷ് നായനായരുടെ സൗണ്ട് ഡിസൈനിംഗും ചിത്രത്തില്‍ പരാമര്‍ശം അര്‍ഹിക്കുന്നു. സിബി മാത്യു അലക്സിന്റെ പശ്ചാത്തല സംഗീതവും ആഖ്യാനത്തിന് ഗുണകരമായിട്ടുണ്ട്.
മൊത്തത്തിൽ തീർച്ചയായും സുകുടുംബം ആസ്വദിച്ച് കാണാവുന്ന ഒന്നാണെന്ന് കണ്ടിറങ്ങുന്നവരുടെ മുഖത്തെ നിറഞ്ഞ ചിരി തന്നെ സാക്ഷ്യപ്പെടുത്തുന്നു. ധൈര്യമായി ടിക്കറ്റ് എടുക്കാം

cp-webdesk

null
null