ഏഷ്യയിലെ ഏറ്റവും വലിയ കണ്ടന്റ് ഫെസ്റ്റിവൽ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഐ എഫ് പി (ഇന്ത്യൻ ഫിലിം പ്രൊജക്റ്റ് ) ഫെസ്റ്റിവലിൽ മലയാളത്തിന് വിജയത്തിളക്കം. അമച്വർ വിഭാഗത്തിൽ മികച്ച ചിത്രത്തിനുള്ള പ്ലാറ്റിനം പുരസ്കാരം തലശ്ശേരി സ്വദേശി ജിതിൻ മോഹൻ സംവിധാനം ചെയ്ത ‘ഡോ. പശുപാൽ’ എന്ന ചിത്രം നേടി.
മുംബൈ ആസ്ഥാനമായി നടക്കുന്ന ഫെസ്റ്റിവലിന്റെ പത്താമത്തെ സീസൺ അവാർഡ് പ്രഖ്യാപനമാണ് കഴിഞ്ഞ ദിവസം നടന്നത്. മൊബൈൽ, അമച്വർ, പ്രഫഷണൽ വിഭാഗങ്ങളിലായി വ്യത്യസ്ത വിഷയങ്ങളിൽ ആയിരുന്നു മത്സരം. 18 രാജ്യങ്ങളിലെ 322 നഗരങ്ങളിൽ നിന്നായി 3000 ത്തിൽപ്പരം ചിത്രങ്ങൾ പങ്കെടുത്ത മത്സരത്തിൽ നിന്നാണ് മലയാള ചിത്രം ഈ നേട്ടം കൈവരിക്കുന്നത്. ആദ്യമായാണ് ഒരു മലയാള ചിത്രം ഈ പുരസ്കാരം സ്വന്തമാക്കുന്നത്.
നൽകിയിരിക്കുന്ന വിഷയത്തിൽ കഥ, തിരക്കഥ, ചിത്രീകരണം, എഡിറ്റിംഗ്, ഡബ്ബിംഗ്, സംഗീതം തുടങ്ങി എല്ലാ പ്രവർത്തികളും 50 മണിക്കൂറിനുള്ളിൽ പൂർത്തീകരിച്ച് സമർപ്പിക്കണം എന്നതാണ് 50 ഹാവേഴ്സ് ഓഫ് ഫിലിം ചലഞ്ച് എന്ന മത്സര രീതി. ബോളിവുഡിൽ നിന്നുള്ള നാല് പ്രശസ്ത ചലച്ചിത്ര സംവിധായകർ ആയിരുന്നു ജൂറി അംഗങ്ങൾ.
ശിവപ്രസാദ് കാശിമാങ്കുളം തിരക്കഥ നിർവഹിച്ച ചിത്രം നിർമ്മിച്ചിരിക്കുന്നത് മൂപ്പൻ ഫിലിംസ് ആണ്. ഛായാഗ്രഹണം വിഷ്ണു രവീന്ദ്രൻ. സനിൽ സത്യദേവ്, സുജേഷ് മേപ്പയിൽ, അഭിലാഷ് മണി, ആദർശ് മറക്കാടൻ, ഗൗതം പ്രദീപ് എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ. എഡിറ്റിംഗ് മിഥുൻ. സംഗീത സംവിധാനം ഷഫീക് മണ്ണാർക്കാട്. സംവിധാന സഹായി വൈശാഖ് മിത്രൻ. പ്രൊഡക്ഷൻ കൺട്രോളർ സുജേഷ് മേപ്പയിൽ. നിരവധി ഹൃസ്വ – ചലച്ചിത്രങ്ങളിൽ പിന്നണി പ്രവർത്തകരായ ഇവരുടെ കഴിഞ്ഞ വർഷത്തെ ചിത്രവും മികച്ച പത്തിൽ ഇടം നേടിയിരുന്നു.