Cinemapranthan
null

സൗഹൃദത്തിന്റെയും കുടുംബ ബന്ധങ്ങളുടെയും കഥ പറയുന്ന മറ്റൊരു സിനിമകൂടി ‘ആനന്ദപുരം ഡയറീസ്’; റിവ്യൂ വായിക്കാം

null

ഒരുപിടി മികച്ച സിനിമകൾ സമ്മാനിച്ചുകൊണ്ട് മുന്നേറുന്ന പുതുവർഷത്തിൽ മറ്റൊരു നല്ല സിനിമ കൂടി. എന്നും മികച്ച വേഷങ്ങളിലൂടെ നമ്മളെ വിസ്മയിപ്പിച്ച പ്രിയ താരം മീന മുഖ്യ കഥാപാത്രമായി എത്തിയ ആനന്ദപുരം ഡയറീസ് ആനുകാലിക പ്രസക്തിയുള്ള ഒരു വിഷയം സംസാരിക്കുന്നതിനാലാണ് പ്രേക്ഷകർക്ക് പ്രിയപെട്ടതാവുന്നത്.

നീൽ പ്രൊഡക്ഷൻസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ ശശി ഗോപാലൻ നായർ നിർമിച്ച ആനന്ദപുരം ഡയറീസ് ഇന്നായിരുന്നു (മാർച്ച്‌ 1) തീയേറ്ററുകളിലെത്തിയത്. കേന്ദ്ര കഥാപാത്രമായ മീനക്ക് പുറമെ തമിഴ്‌ നടൻ ശ്രീകാന്തും പ്രധാന വേഷത്തിലുണ്ട്. ‘ഇടം’ എന്ന ചിത്രത്തിന് ശേഷം ജയ ജോസ് രാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം സൗഹൃദത്തിന്റെയും കുടുംബ ബന്ധങ്ങളുടെയും കഥയാണ് പറയുന്നത്. കലാലയജീവിതത്തിന്റെ രസങ്ങൾക്കൊപ്പം ആനുകാലിക സാമൂഹിക വിഷയങ്ങളും ആനന്ദപുരം ഡയറീസ് ചർച്ച ചെയ്യുന്നു.

ബ്രോ ഡാഡി, ദൃശ്യം 2 തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം മീന വീണ്ടും മലയാളത്തിലേക്കെത്തിയ ചിത്രമാണ് ആനന്ദപുരം ഡയറീസ്. ചിത്രത്തിന്റെ കഥയിലേക്ക് വന്നാൽ പകുതി വഴിയിൽ മുടങ്ങിപ്പോയ നിയമ പഠനം പുനരാരംഭിക്കാൻ വീണ്ടും കോളേജിൽ എത്തുന്ന വിദ്യാർത്ഥി നന്ദിനിയുടെ കഥയാണ് ചിത്രം പറയുന്നത്. മീനായാണ് നന്ദിനി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. കോളേജിൽ എത്തിയ അവരെ ചുറ്റിപറ്റി ഉണ്ടാവുന്ന ചില സംഭവവികാസങ്ങൾ ആണ് ചിത്രം കാണിക്കുന്നത്.

ക്യാമ്പസുകളിലെ മയക്കുമരുന്ന് മാഫിയയുടെ കടന്നു കയറ്റം, ട്രാൻസ്‌ജെൻഡർ വിദ്യാര്ഥികളോടുള്ള മറ്റു വിദ്യാർത്ഥികൾക്കുള്ള സമീപനം പോക്‌സ്‌കോ കേസുകളുടെ ദുരുപയോഗം, പാരന്റിങ് ,സ്ത്രീ ശാക്തീകരണം എന്ന് തുടങ്ങി സമൂഹത്തിലെ ഒട്ടുമിക്ക വിഷയങ്ങളെ കുറിച്ചും ചിത്രം പറഞ്ഞു വക്കുന്നുണ്ട്. മികച്ച ഒരുപാട് അഭിനയ മുഹൂർത്തങ്ങൾ കൊണ്ടും സമ്പന്നമാണ് സിനിമ. എല്ലാ അഭിനേതാക്കളും മികച്ച രീതിയിൽ തന്നെ അവരുടെ വേഷങ്ങൾ മനോഹരമാക്കിയിട്ടുണ്ട്. റോഷൻ അബ്ദുൾ റഹൂഫ്, സിദ്ധാർത്ഥ് ശിവ, ജാഫർ ഇടുക്കി, സുധീർ കരമന, മാലാ പാർവ്വതി, സിബി തോമസ്, രാജേഷ് അഴീക്കോടൻ, അഭിഷേക് ഉദയകുമാർ, ശിഖ സന്തോഷ്, നിഖിൽ സഹപാലൻ, സഞ്ജന സാജൻ, രമ്യ സുരേഷ്, ഗംഗ മീര, കുട്ടി അഖിൽ, ആർജെ അഞ്ജലി, വൃദ്ധി വിശാൽ തുടങ്ങിയ ഒരുപിടി പ്രമുഖ താരങ്ങളും സിനിമയിൽ അണിനിക്കുന്നുണ്ട്. തീർച്ചയും കുടുംബസമേതം കാണാൻ പറ്റിയ നല്ലൊരു ചിത്രം തന്നെ ആണ് ആനന്ദപുരം ഡയറീസ്

cp-webdesk

null
null