Cinemapranthan
null

‘കപ്പേളയുടെ’ തെലുങ്ക് റീമേക്ക്; ‘ബുട്ട ബൊമ്മ’ ട്രെയിലർ പുറത്തിറങ്ങി

ഫെബ്രുവരി 4 നു ആണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്

null

അന്ന ബെൻ, ശ്രീനാഥ് ഭാസി, റോഷൻ മാത്യു എന്നിവർ അഭിനയിച്ച്, 2010 ൽ പുറത്തിറങ്ങിയ ‘കപ്പേള’ ഏറെ പ്രേക്ഷക പ്രീതി നേടിയ ചിത്രമായിരുന്നു. ‘കപ്പേളയുടെ’ തെലുങ്ക് റീമേക്ക് ഒരുങ്ങുന്നതായി നേരത്തെ വാർത്തകൾ വന്നിരുന്നു. ഇപ്പോഴിതാ ‘കപ്പേളയുടെ’ തെലുങ്ക് റീമേക്ക് ആയ ‘ബുട്ട ബൊമ്മ’യുടെ ട്രെയിലർ റിലീസ് ചെയ്തിരിക്കുകയാണ്. ഫെബ്രുവരി 4 നു ആണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്.

മലയാളത്തില്‍ അന്ന ബെന്‍ അവതരിപ്പിച്ച കഥാപാത്രമായി അനിഖ സുരേന്ദ്രൻ ആണ് എത്തുന്നത്. റോഷന്‍ മാത്യുവിന്‍റെ കഥാപാത്രം സൂര്യ വശിഷ്ടയും ശ്രീനാഥ് ഭാസിയുടെ കഥാപാത്രം അര്‍ജുന്‍ ദാസുമാണ് തെലുങ്കിൽ അവതരിപ്പിക്കുന്നത്. ‘ബുട്ട ബൊമ്മ’ നിർമ്മിക്കുന്നത് തെലുങ്കിലെ പ്രമുഖ നിര്‍മ്മാണ കമ്പനിയായ സിതാര എന്‍റര്‍ടെയ്‍ന്‍മെന്‍റ്സ് ആണ്. അയ്യപ്പനും കോശിയും, പ്രേമം എന്നീ മലയാള ചിത്രങ്ങളുടെ തെലുങ്ക് റീമേക്കും നിർമ്മിച്ചത് സിതാര എന്‍റര്‍ടെയ്‍ന്‍മെന്‍റ്സ് ആണ്.

നടൻ മുസ്തഫയാണ് ‘കപ്പേള’യുടെ സംവിധാനം നിർവ്വഹിച്ചത്. കോവിഡ് പ്രതിസന്ധി ആരംഭിക്കുന്ന സമയത്ത് റിലീസായ ചിത്രം തിയറ്ററിൽ വിജയം കാണാതെ പോയെങ്കിലും പിന്നീട് നെറ്റ്ഫ്ലിക്സിലൂടെ എത്തിയ ചിത്രം മികച്ച പ്രതികരണം നേടുകയും ചർച്ചയാവുകയും ചെയ്തിരുന്നു. ചിത്രത്തെ പ്രശംസിച്ച് ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ് ഉൾപ്പടെയുള്ളവർ രംഗത്തെത്തിയിരുന്നു. കഥാസ് അണ്‍ടോള്‍ഡിന്‍റെ ബാനറില്‍ വിഷ്‍ണു വേണു നിർമ്മിച്ച ‘കപ്പേള’യിൽ സുധി കോപ്പ, തന്‍വി റാം എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. മുസ്തഫ തന്നെയാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചതും. അതേസമയം ചിത്രത്തിന്‍റെ തമിഴ് റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നത് സംവിധായകന്‍ ഗൗതം മേനോന്‍ ആണ്.

cp-webdesk

null
null