മമ്മൂട്ടി മുഖ്യമന്ത്രിയായി എത്തുന്ന ‘വൺ’ മികച്ച പ്രതികരണം നേടി തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. കോവിഡിന് ശേഷം തിയറ്ററുകൾ സജീവമാകാൻ തുടങ്ങിയിട്ട് എത്തുന്ന രണ്ടാമത്തെ മമ്മൂട്ടി ചിത്രമാണ് ‘വൺ’. തിയറ്ററുകളിൽ മമ്മൂക്കയുടെ ‘പ്രീസ്റ്റ്’ ഉണ്ടാക്കിയ ആവേശം ഒട്ടും ചോരാതെ തന്നെയാണ് പ്രേക്ഷകർ ‘വൺ’ കാണാൻ എത്തിയത്. തിയറ്ററുകളിൽ പ്രേക്ഷകരെ നിറക്കാൻ മമ്മൂട്ടി ചിത്രങ്ങൾക്ക് കഴിഞ്ഞിരിക്കുകയാണ്. എല്ലാത്തരം പ്രേക്ഷകരെയും ആകർഷിക്കുന്ന ചിത്രമാണ് ‘വൺ’. ‘ചിറകൊടിഞ്ഞ കിനാവുകള്‍’ എന്ന സിനിമയ്ക്കുശേഷം സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വൺ’.
കേരള മുഖ്യമന്ത്രി കടക്കല്‍ ചന്ദ്രന്‍ ആയി മമ്മൂക്ക എത്തുന്ന ‘വൺ’ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. രാഷ്ട്രീയ പശ്ചാത്തലത്തിൽ എത്തുന്ന ചിത്രം ‘പൊളിറ്റിക്കല്‍ ത്രില്ലര്‍’ എന്ന വിശേഷണത്തോട് നൂറ് ശതമാനവും നീതി പുലർത്തുന്നുണ്ട്. ‘വൺ’ പലതിന്റെയും തുടക്കമാണ്, മുന്നോട്ട് പോകാനുള്ളതിന്റെ ഓർമ്മപ്പെടുത്തലും. ‘വൺ’ എന്ന ചിത്രത്തിലെ ‘Right to Recall ‘ എന്ന നിയമം ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നാണ്. ഈ നിയമം എന്നെങ്കിലും യാഥാർഥ്യം ആവുകയാണെങ്കിൽ അത് ഇന്ത്യയിൽ ഒരു ചരിത്രമാകും എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.
ചിത്രത്തെ പ്രകീർത്തിച്ചു കൊണ്ട് സംവിധായകൻ ജീത്തു ജോസഫും രംഗത്തെത്തിയിരുന്നു. ”വോട്ടിംഗ് എന്നാൽ ഒരു കരാറല്ല. നിങ്ങള്‍ നല്‍കുന്ന ഒരു അസൈന്‍മെന്റാണ്. ജനങ്ങള്‍ നിയോഗിച്ചവരെ തിരിച്ചുവിളിക്കാന്‍ അവര്‍ക്ക് അവകാശമുണ്ടെന്നും റൈറ്റ് ടു റീകാള്‍ എന്നത് സിനിമയ്ക്ക് അനുയോജ്യമായ പ്രസ്താവനയാണെന്നും” ആണ് ജീത്തു ഫേസ്ബുക്കില്‍ കുറിച്ചത്.
സാധാരണക്കാരുടെ പ്രശ്‌നങ്ങളിലൂടെയും സമകാലിക കേരള രാഷ്ട്രീയത്തില്‍ പൊതുവായി കണ്ടു വരുന്ന ചില വിഷയങ്ങളിലൂടെയുമാണ് ചിത്രത്തിന്റെ കഥ സഞ്ചരിക്കുന്നത്. എന്നാൽ ചിത്രം ഒരു രാഷ്ട്രീയ പാർട്ടികളുമായും യാതൊരു ബന്ധവും പുലർത്തുന്നില്ല. ‘കടയ്ക്കല്‍ ചന്ദ്രന്‍ എന്ന മുഖ്യമന്ത്രി’ വേഷം മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച റോളുകളിൽ ഒന്നായി മാറിയിരിക്കുകയാണ്. മുഖ്യമന്ത്രിയായി സ്‌ക്രീനിൽ നിറഞ്ഞാടുകയായിരുന്നു മമ്മൂട്ടി. പ്രേക്ഷകരിൽ ആവേശമാകാൻ ‘കടക്കൽ ചന്ദ്രന്’ നിരുപാധികം കഴിഞ്ഞു. മാസ്സ് ഡയലോഗുകളും, ഉദ്യോഗഭരിതമായ രംഗങ്ങളും, പ്രേക്ഷകരെ ആവോളം ത്രസിപ്പിക്കുന്നു.
സലീംകുറിന്റെ ദാസപ്പന്‍ എന്ന കഥാപാത്രം, മമ്മൂട്ടിയുടെ സഹോദരിയായി എത്തിയ നിമിഷ സജയന്‍, പ്രതിപക്ഷ നേതാവായി മുരളി ഗോപി, ജോജു ജോര്‍ജിന്റെ ബേബി തുടങ്ങി മികച്ച പ്രകടനമാണ് ഇവർ കാഴ്ച്ച വെച്ചത്. മധു, സിദ്ദിഖ്, ജഗദീഷ്, ശങ്കര്‍ രാമകൃഷ്ണന്‍, മാത്യു തോമസ് തുടങ്ങി വൻ താരാനിരകൾ ചിത്രത്തിൽ അണിനിരക്കുന്നു. ബോബി-സഞ്ജയ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇരുവരുടെയും തിരക്കഥയിൽ ആദ്യമായാണ് മമ്മൂട്ടി അഭിനയിക്കുന്നത്. വൈദി സോമശേഖരമാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് നിഷാദ് യൂസഫ്.