Cinemapranthan
null

‘സ്ലീവാച്ചനും ഗോവിന്ദും’; അഭിനയ വിദ്യാർഥികൾക്ക് ഒരു പാഠമാക്കാവുന്ന പ്രകടനം

തീയേറ്റര്‍ സംവിധായകനും അധ്യാപകനുമായ ജ്യോതിഷ് എം. ജി. ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ്

null

ആസിഫലിയുടെ സ്ലീവാച്ചൻ, ഗോവിന്ദ് എന്നീ കഥാപത്രങ്ങൾ നൽകുന്ന അഭിനയ പാഠങ്ങൾ എന്താണെന്ന് വിശകലനം ചെയ്യുകയാണ് തീയേറ്റര്‍ സംവിധായകനും അധ്യാപകനുമായ ജ്യോതിഷ് എം. ജി. ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് അഭിനയ കലയെയും മാനദണ്ഡങ്ങളെയും കുറിച്ച് പരിശോധിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ചർച്ചയായി കൊണ്ടിരിക്കുന്ന ഈ കുറിപ്പ് ആസിഫ് അലി എന്ന നടന്റെ അഭിനയപാടവം എന്താണെന്ന് പറയുന്നു.

ജ്യോതിഷ് എം. ജിയുടെ ഫേസ്ബുക്ക് കുറിപ്പ്

എല്ലാവരും പൊതുവെ അഭിപ്രായം പറയുന്ന ഒന്നാണ് അഭിനയകല. ഇഷ്ടപ്പെട്ടു, ഇഷ്ടപ്പെട്ടില്ല തുടങ്ങിയ മാനദണ്ഡങ്ങളിലാണ് പലപ്പോഴും ഇവ വിലയിരുത്തപ്പെടുന്നത്. പക്ഷേ ഈ വിലയിരുത്തലുകളുടെ പിന്നിൽ ഏതെങ്കിലും തരത്തിലുള്ള മാനദണ്ഡങ്ങളോ ശാസ്ത്രീയതയോ ഉണ്ടോ? പൊതുവെ അഭിനയ കല ഉപയോഗിക്കപ്പെടുന്ന ഒട്ടനവധി കലാരൂപങ്ങൾ ഉണ്ട്; കൂടിയാട്ടം, കഥകളി, നൃത്തനൃത്യങ്ങൾ, മൈം തുടങ്ങി ഒട്ടനവധി കലാരൂപങ്ങൾ; പക്ഷേ ഇവയെ കുറിച്ചൊന്നും സാധാരണ നമ്മൾ അഭിപ്രായം പറയാറില്ല. കാരണം അവയെ വിലയിരുത്താൻ ആ ഫോമിനെ കുറിച്ച് കൃത്യമായ ധാരണ ഉണ്ടാവേണ്ടത് അത്യാവശ്യമാണ്. പക്ഷേ സിനിമാ അഭിനയത്തെക്കുറിച്ച് എല്ലാവരും അഭിപ്രായം പറയാറുണ്ട്. കാരണം അത് ജീവിതത്തിൽ മനുഷ്യർ പെരുമാറുന്നതുപോലെ ആണ് എന്നുള്ളത് കൊണ്ടാണ്.

എന്നാൽ അഭിനയമെന്ന കല ജീവിതത്തിലെ പോലെ സ്വാഭാവികമായ പെരുമാറ്റം മാത്രമാണോ?

എങ്ങനെയാണ് അത് ഒരു കലയായി മാറുന്നത്?

കേവല പെരുമാറ്റങ്ങൾക്കപ്പുറം അതിൽ പ്രത്യേകിച്ച് എന്തെങ്കിലും സംഭവിക്കുന്നുണ്ടോ?

പല നടന്മാർക്കും ഫാൻസ് അസോസിയേഷനുകളും ഉണ്ട്. പക്ഷേ ഇത് അഭിനയം എന്ന കലയുടെ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണോ അതോ ഹീറോയിസം മുൻനിർത്തിയുള്ള സാമൂഹ്യ നിർമിതികളോടുള്ള ആരാധനയാണോ?പൊതുബോധത്തെ തൃപ്തിപ്പെടുത്തുന്ന തരത്തിലുള്ള കഥാപാത്ര നിർമ്മിതികളാണ് പൊതുവെ ജനപ്രിയമാക്കുന്നത്. പലപ്പോഴും നടൻമാർ കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതിൽ വരെ ഇത്തരം മാനദണ്ഡങ്ങൾ വളരെ അധികം സ്വാധീനിച്ച് കാണാറുണ്ട്.

സിനിമാ അഭിനയത്തിൽ പൊതുവെ ഉപയോഗിക്കപ്പെടുന്നത് റിയലിസം എന്ന ശൈലിയാണ്. പക്ഷെ വളരെ തെറ്റിദ്ധരിക്കപ്പെടുന്ന രീതിയിലാണ് പലപ്പോഴും ഈ ശൈലി ഉപയോഗിച്ച് കണ്ടിട്ടുള്ളത്.

“ജീവിതത്തിനു നേരെ പിടിച്ച കണ്ണാടി” എന്ന വലിയ അർത്ഥം വരുന്ന ഒരു കലാ പ്രസ്ഥാനമാണ് റിയലിസം.

യുറോപ്പിൽ പതിനെട്ടാം നൂറ്റാണ്ടിലെ അവസാനത്തിൽ നിലനിന്നിരുന്ന എല്ലാ റൊമാൻറിക് സങ്കല്പങ്ങളെയും വെല്ലുവിളിച്ചുകൊണ്ട് യുക്തിബോധത്തിനും ശാസ്ത്ര ചിന്തയുടെയും അടിസ്ഥാനത്തിൽ കടന്നുവന്ന വിപ്ലവകരമായ ഒരു കലാ പദ്ധതിയാണ് റിയലിസം. നിത്യജീവിത സാഹചര്യങ്ങളും സാധാരണ മനുഷ്യരും കഥാവിഷയം ആകുന്നത് ഈ കലാ പദ്ധതിയിലൂടെ ആയിരുന്നു. കഥാപാത്രങ്ങളുടെ ആഴത്തിലുള്ള മന:ശാസ്ത്ര ആവിഷ്കാരം ലക്ഷ്യം വയ്ക്കുന്ന റിയലിസം കേവലം കെട്ടുകാഴ്ചകൾക്കപ്പുറം ആഴത്തിലുള്ള സാമൂഹിക വിശകലനവും, മനശാ:സ്ത്രപരവുമായ മനുഷ്യരുടെ ജീവിതാവസ്ഥകളെ കലർപ്പില്ലാതെ ചിത്രീകരിക്കാൻ ലക്ഷ്യമാക്കിയിട്ടുള്ള ശൈലിയാണ്.

ഇന്ന് സിനിമയിൽ ധാരാളം ഉപയോഗിച്ചുവരുന്ന, ഇന്ന് റിയലിസം എന്ന പേരിൽ അവതരിപ്പിക്കപ്പെടുന്ന അതിഭാവുകത്വം കലർന്ന മെലോഡ്രാമകൾ റിയലിസം ആയി തെറ്റിദ്ധരിക്കപ്പെടുന്നു. പ്രത്യേകിച്ചും അതും അഭിനയവുമായി ബന്ധപ്പെട്ട്.

മിമിക്രിയും അഭിനയവും തമ്മിലുള്ള വ്യത്യാസം ആണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത്. അഭിനയം എന്ന കലയുടെ വിപരീതപദം ആയി നമുക്ക് മിമിക്രിയെ കണക്കാക്കാം. മിമിക്രി ഒരു കലയാണ് എന്ന് പൊതുവേ പറഞ്ഞു കേൾക്കാറുണ്ട്.

100 ശതമാനം അനുകരണത്തിൽ ഊന്നിയ മിമിക്രി പുതുതായി യാതൊന്നും സൃഷ്ടിക്കുന്നില്ല. നിലനിൽക്കുന്ന ഒന്നിനെ അതേപടി അനുകരിക്കുന്നു. ഒറിജിനലും ആയുള്ള താരതമ്യം ആണ് ഇവിടെ മികവിന്റെ അളവുകോൽ. ഒറിജിനലുമായി എത്രത്തോളം സാമ്യം തോന്നുവോ അത്രത്തോളം മികവുറ്റതാക്കുന്നു അനുകരണം. ഇതിന് സ്കിൽ വേണ്ട എന്നല്ല, മറിച്ച് ഇതിനെ ക്രാഫ്റ്റ് എന്നാണ് പൊതുവേ പറയാറ്; ഒരു ഫോട്ടോസ്റ്റാറ്റ്. ഒരു ഫോട്ടോസ്റ്റാറ്റ് ഒരിക്കലും നമ്മൾ ക്രിയേറ്റീവ് എന്ന് പറയാറില്ലല്ലോ.

അപ്പോൾ എന്താണ് അഭിനയവും മിമിക്രിയും തമ്മിലുള്ള വ്യത്യാസം. കൃതിയിൽ വരികളിലൂടെ മാത്രം വിശദീകരിക്കപ്പെട്ടിട്ടുള്ള ഒരു കഥാപാത്രത്തെ പൂർണ്ണാർത്ഥത്തിൽ ശരീരവും മനസ്സും ശബ്ദവും ചിന്തയും ഉള്ള ഒരു കഥാപാത്രമായി നിർമ്മിച്ച് എടുക്കുകയാണ് ഒരു നടൻ / നടി ചെയ്യുന്നത്. ജീവനുള്ള ഒരു പുതിയ മനുഷ്യനെ നടൻ സൃഷ്ടിച്ചെടുക്കുന്നു; സ്വന്തം ശരീരത്തിലൂടെയും ശബ്ദത്തിലൂടെയും മനസ്സിലൂടെയും. നടൻ സ്വന്തം മനസ്സാണ് ഉപയോഗിക്കുന്നതെങ്കിലും സ്വന്തം സ്വഭാവത്തിൽ നിന്നും തീർത്തും വ്യത്യസ്തമായ ഒരു മനുഷ്യനെയാണ് ഇവയിലൂടെ അദ്ദേഹം നിർമ്മിച്ചെടുക്കുന്നത്.

പൊതുവേ സിനിമാ അഭിനയത്തിൽ നമ്മൾ കണ്ടുവരുന്നത് സ്വന്തം സ്വഭാവത്തിനും രൂപത്തിനും അനുയോജ്യമായ കഥാപാത്രങ്ങളെ ചെയ്യുന്ന നടന്മാരെ ആണ്. എന്നാൽ ഓരോ മനുഷ്യരും, ഒരോ കഥാപാത്രങ്ങളും എത്ര വൈവിധ്യം ഉള്ളവരാണ്. എത്ര യുണീക്കാണ്.

സ്ക്രിപ്റ്റ് റൈറ്ററും സംവിധായകനും ഭാവനയിൽ കണ്ട കഥാപാത്രത്തെ ഒരുപക്ഷേ അതിനോട് അടുത്തോ അതിലും മെച്ചപ്പെട്ട രീതിയിലോ നടൻ നിർമ്മിച്ചെടുക്കുന്നത് കേവലം ചില വരികളിൽ നിന്നാണ്. ജീവിതാനുഭവവും നിരീക്ഷണങ്ങളുമാണ് നടന്റെ റോമെറ്റീരിയൽസ്; ഒപ്പം ഉയർന്ന ഭാവനയുടെ സഹായത്തോടെ, കൃത്യമായ പഠന വിശകലനങ്ങളിലൂടെ കഥാപാത്രത്തെ വ്യാഖ്യാനിച്ച് പൂർണ്ണരൂപം നൽകുകയാണ് ചെയ്യുന്നത്.

ഇതിൽ പ്രധാനമായും രണ്ടു ഘട്ടങ്ങളുണ്ട്. ഒന്ന് കഥാപാത്ര നിർമ്മാണത്തിന്റെ ഘട്ടം; കഥാപാത്രത്തെ കുറിച്ച് ആഴത്തിൽ പഠിക്കുകയും വിശകലനം ചെയ്യുകയും സംവിധായന്റെ വിഷനും കൂട്ടി ചേർത്ത് കഥാപാത്രത്തെ മനസിലാക്കിയെടുക്കുന്ന ഘട്ടം. രണ്ട് അത് എക്സിക്യൂട്ട് ചെയ്യുന്ന ഘട്ടം; റിഹേർസലുകളും ഷൂട്ടിങ്ങും .

ഇവിടെ പലപ്പോഴും സിനിമ പോലുള്ള മാധ്യമങ്ങളിൽ നടന്മാർക്ക് സ്ക്രിപ്റ്റ് നേരത്തെ കിട്ടാറില്ല; പ്രധാനകഥാപാത്രങ്ങൾ ഒഴികെ. പലപ്പോഴും നടൻമാർ സ്വന്തം പരിമിതികളിലേക്ക് ചുരുങ്ങി പോകാനുള്ള കാരണവും ഇതുതന്നെയാണ്.

പക്ഷേ ഇതേ പരിമിതികൾക്കുള്ളിൽ തന്നെ നിന്നുകൊണ്ട് ഉണ്ട് ചില നടന്മാർ സൃഷ്ടിച്ചെടുക്കുന്ന കഥാപാത്ര ആവിഷ്കാരം കാണുമ്പോൾ അത്ഭുതമാണ്. ചെറിയ സമയം കൊണ്ട് തന്നെ അവർ നിർമ്മിച്ചെടുക്കുന്ന കഥാപാത്രങ്ങളുടെ പിന്നിലെ കൃത്യമായ ചിന്തയും ഹോംവർക്കും പ്രകടമാണ്. ഇത്തരം നടൻമാർ മിമിക്കിങ്ങ് (സ്വയമോ നിരന്തരം തുടർന്നു പോകുന്ന ഒരു ശൈലിയോ) എന്നതിനേക്കാളുപരി കഥാപാത്രത്തിൻറെ സ്വഭാവവും ചിന്തയും നിർമ്മിച്ചെടുക്കുകയാണ് ചെയ്യുന്നത്.

റിയലിസം ഏറ്റവും നന്നായി ആവിഷ്കരിക്കാൻ കഴിയുന്ന ഒരു മാധ്യമമാണ് സിനിമയെന്നിരിക്കെ, സ്വന്തം സ്വഭാവത്തെയും രൂപത്തെയും വെല്ലുവിളിച്ചുകൊണ്ട് ഒരു നടൻ ഓരോ കഥാപാത്രം പുതുതായി നിർമ്മിക്കുമ്പോൾ മാത്രമാണ് പൂർണ്ണാർത്ഥത്തിൽ ഒരാൾ നടനായി മാറുന്നത്.

ഉദാഹരണമായി നമുക്ക് Daniel day Lewis-ലും ഭരത് ഗോപിയിലും ഇത്തരം നടന്മാരെ കാണാം. ഇവരെ നമുക്ക് പൂർണാർത്ഥത്തിൽ നടന്മാർ എന്ന് വിളിക്കാം. ഇതുപോലെതന്നെ സ്വന്തം സ്വഭാവത്തിനുള്ളിൽ നിന്നുതന്നെ കഥാപാത്രത്തിൻറെ പ്രത്യേകതകളെ കണ്ടെത്തുന്ന നടന്മാരും ഉണ്ട്; ഇത്തരം നടന്മാരെ പേഴ്സണാലിറ്റി ആക്ടർസ് എന്ന് പറയപ്പെടുന്നു.

ഭിക്ഷക്കാരനും രാജാവും അവനവന്റെ ഉള്ളിൽ തന്നെയുണ്ട് എന്നുള്ള സങ്കല്പം. തന്റെ ഉള്ളിലെ രാജാവിനെയും ഭിക്ഷക്കാരനെയും ഉണർത്തിയെടുക്കുക എന്നതാണ് അവർ ചെയ്യുന്നത്. മോഹൻലാൽ ഇത്തരത്തിലുള്ള ഒരു നടനാണ്. ബാഹ്യമായ വ്യത്യാസങ്ങളേക്കാൾ ആന്തരികസ്വഭാവത്തിലാണ് ഇത്തരം നടൻമാർ ഊന്നൽ നൽകുന്നത്. ഇവിടെ നടന്റെ വ്യക്തിത്വത്തിന് ഒരു എക്സ്റ്റൻഷൻ ആയാണ് കഥാപാത്രങ്ങളെ അനുഭവപ്പെടാറ് .നടന്മാരെ സംബന്ധിച്ചെടുത്തോളം ഇത്തരത്തിലുള്ള സമീപനം കുറച്ചുകൂടി ആയാസരഹിതമാണ്.

പക്ഷേ നല്ല നടൻ ആകണമെങ്കിൽ എങ്കിൽ കഥാപാത്രത്തിന്റെ വികാര തരത്തിലേക്ക് ആഴ്ന്നിറങ്ങാൻ രണ്ടു തരത്തിലുള്ള നടന്മാർക്കും കഴിയണം.

സാധാരണ പ്രേക്ഷകർ നടൻ സൃഷ്ടിക്കുന്ന ഈ വികാരങ്ങളുമായിട്ടാണ് താദാത്മ്യം പ്രാപിക്കുന്നത്. അവർക്ക് കഥാപാത്രത്തിന്റെ വൈകാരിക അവസ്ഥയുമായി താദാത്മ്യം നടക്കുകയാണെങ്കിൽ മറ്റൊന്നും പ്രശ്നമല്ല. കഥാപാത്രത്തിൻറെ സാമൂഹികവും ശാരീരികവും മനഃശാസ്ത്രപരവുമായ മറ്റു പ്രത്യേകളെകുറിച്ച് ചിന്തിക്കാറുമില്ല പ്രേക്ഷകര്‍.

ആസിഫ് അലി

ആസിഫ് അലി അവതരിപ്പിച്ച ഉയരെ എന്ന സിനിമയിലെ ഗോവിന്ദ് എന്ന കഥാപാത്രംവും കെട്ട്യോളാണ് മാലാഖ എന്ന സിനിമയിലെ സ്ലീവാച്ചൻ എന്ന കഥാപാത്രവും വെല്ലുവിളികൾ നിറഞ്ഞ രണ്ടു കഥാപാത്രങ്ങളാണ്.

കാരണം, വലിയ പ്രത്യേകതകളൊന്നും പ്രകടമായി ഇല്ലാത്ത, അതിനാടകീയമായ മുഹൂർത്തങ്ങൾ ഇല്ലാത്ത സാധാരണം എന്നു തോന്നാവുന്ന ഈ രണ്ടു കഥാപാത്രങ്ങളുടെ കോംപ്ലക്സുകൾ വളരെ ആഴത്തിലുള്ളവയാണ്.

ഉയരെയിലെ ഗോവിന്ദ് എന്ന കഥാപാത്രം ഉദാഹരണമായെടുക്കാം.

വ്യക്തിയും നടനും രണ്ടായി കാണാത്ത സാധാരണ നടന്മാർ പലപ്പോഴും ഇത്തരം കഥാപാത്രങ്ങൾ ചെയ്യാൻ പോലും തയ്യാറാവില്ല.

ആഴത്തിലുള്ള ഇൻഫീരിയോരിറ്റി കോംപ്ലക്സുകൾ ഉള്ള ഒരു കഥാപാത്രം.

പലപ്പോഴും ഈ ഇൻഫീരിയോരിറ്റി കോംപ്ലക്സ് പുറമേ പ്രകടമാകുന്ന ഒന്നല്ല. പരാതിക്കാരിൽ തുടങ്ങി അപകടകാരികളാവുന്ന സീരിയൽ കില്ലർ വരെ ആയി തീരാവുന്ന സ്വഭാവവിശേഷം ആണിത് .

ഒരു ഇന്‍ട്രോവെര്‍ട്ട് ആയ ആളുടെ പ്രണയവും അതിന്റെ എല്ലാ സൂഷ്മാശംങ്ങളും ഒട്ടും പ്രകടനപരമല്ലാതെ ഏറ്റവും സാധാരണമായി അവതരിപ്പിക്കാൻ ആസിഫിന് കഴിഞ്ഞു.

ആ കഥാപാത്രത്തെ കുറിച്ചുള്ള ആസിഫിന്റെ മനസ്സിലാക്കൽ എല്ലാ ആണിന്റെ ഉള്ളിലും പതിയിരിക്കുന്ന ഒരു ഗോവിന്ദിനെ ഓർമ്മിപ്പിക്കുന്ന തരത്തിൽ ഉള്ള ഒന്നായിരുന്നു.

സൂക്ഷ്മമായ ശരീരഭാഷയും നോട്ടങ്ങളിലൂടെയും ആറ്റിറ്റ്യൂഡുകളിലൂടെ ആ കഥാപാത്രത്തെ പ്രകടമായ യാതൊരു വ്യത്യാസമില്ലാത്ത ഒരു സാധരണ മനുഷ്യനായി തോനിപ്പിക്കുകയും തികച്ചും രോഗാതുരമായ മാനസികാവസ്ഥയെ ഏറ്റവും സ്വാഭാവികമായി അവതരിപ്പിക്കാനും അസിഫ് കാണിച്ച മിടുക്ക് എടുത്ത് പറയേണ്ട ഒന്നാണ്.

“Don’t act do your action” എന്ന Stansilavisky യുടെ റിയലിസ്റ്റിക് ആക്റ്റിങ്ങിനെ കുറിച്ചുള്ള അടിസ്ഥാന പ്രമാണത്തെ പൂർണ്ണമായും സാധൂകരിക്കുന്ന ഒന്നായിരുന്നു അത്.

ഇത്തരത്തിലുള്ള മനുഷ്യരുടെ, കഥാപാത്രങ്ങളുടെ വലിയ പ്രത്യേകത അവർക്ക് അവർ ചെയ്യുന്നത് ഒരിക്കലും തെറ്റാണെന്ന് തോന്നുകയില്ല എന്നുള്ളതാണ്. അവർക്ക് അത് വളരെ സ്വാഭാവികമായ ഒരു കാര്യമായിരിക്കും. ഇതാണ് ആസിഫ് അന്വർത്ഥമാക്കിയത്.

ഗോവിന്ദ് എന്ന കഥാപാത്രത്തെ ഒരു സാധാരണ നടൻ ചെയ്യുകയാണെങ്കിൽ വളരെ ക്ലീഷേ ആയിട്ടുള്ള വില്ലനായി പോകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഗോവിന്ദ് എന്ന കഥാപാത്രത്തിന്റെ മാനസിക വ്യാപാരങ്ങളെ ഏറ്റവും സൂക്ഷ്മമായി മനസ്സിലാക്കുകയും അത് അയാളുടെ സ്വഭാവമാണ് എന്ന രീതിയിൽ ഒരു കഥാപാത്രമായി വികസിപ്പിക്കാനും അയാളുടെ രോഗാതുരമായ പ്രണയം ആ കഥാപാത്രത്തെ സംബന്ധിച്ച് 100 ശതമാനം ശരിയാണ് എന്ന് തോന്നുന്ന തരത്തിൽ സ്വയം വിശ്വസിക്കുകയും പ്രേക്ഷകനെ വിശ്വസിപ്പിക്കുകയും ആസിഫിന് കഴിഞ്ഞു. പൊസസീവ്നെസ് ഒരു പരിധി കഴിഞ്ഞാൽ അവനവനനെയും മറ്റുള്ളവരെയും നശിപ്പിക്കുന്ന ആഴത്തിലുള്ള മാനസിക രോഗമായി മാറുമെന്ന വലിയ സന്ദേശം ശക്തമായി പ്രേക്ഷകരിൽ പകരാൻ ആസിഫിന് കഴിഞ്ഞു. ആസിഫ് എന്ന ഒരു സാധാരണ നടൻ ഈ രണ്ട് കഥാപാത്രങ്ങളിലൂടെ ഒരു quantum jump ആണ് അഭിനയ കലയിൽ നടത്തിയത്.

സ്ലീവാച്ചൻ; കെട്ടിയോളാണ് എന്റെ മാലാഖ

ഇനി കെട്ട്യോളാണ് മാലാഖ എന്ന സിനിമയിലെ സ്ലീവാച്ചനിലേക്ക് വരികയാണെങ്കിൽ അതും വലിയ പ്രത്യേകതകൾ ഒന്നുമില്ലാത്ത ഒരു സാധാരണ കഥാപാത്രമാണ്. തന്റെ സ്വഭാവത്തിൽ ഒരു അസ്വാഭാവികതയും തോന്നാതെ ഏറ്റവും സ്വാഭാവികമായി ജീവിച്ചു പോകുന്ന ഒരു നാട്ടുമ്പുറത്തുകാരൻ. സാമൂഹികമായി വലിയ എക്സ്പോഷർ ഒന്നുമില്ലാത്ത നാട്ടുമ്പുറത്തെ ചേട്ടന്മാരുടെ കഥകൾ കേട്ടു വളരുന്ന, ഒരു സാധാരണക്കാരിൽ സാധാരണക്കാരൻ.

ഇതിൽ ആസിഫ് മാനസികമായി മാത്രമല്ല, നല്ല ശരീരം കൊണ്ടും ശബ്ദം കൊണ്ടും നിൽപ്പു കൊണ്ടും നടപ്പു കൊണ്ടും നോട്ടം കൊണ്ടും പൂർണാർത്ഥത്തിൽ സ്ലീവാച്ചൻ ആയി മാറുകയായിരുന്നു: സ്വന്തമല്ലാത്ത ഒരു ഭാഷ അനായാസമായി സംസാരിക്കുന്നത് ഒരു നടനെ സംബന്ധിച്ചിടത്തോളം ഏറ്റവും വെല്ലുവിളി നിറഞ്ഞ ഒന്നാണ്.

ഒരു കഥാപാത്രം, ആവിഷ്കരണത്തിൽ ശരീരം, ശബ്ദം, മനസ്സ് എന്നിവ പൂർണമായി കഥാപാത്രത്തിന്റെ ശൈലിയിലേക്ക് മാറ്റിയെടുക്കുകയും അവയെ സ്വാഭാവികമായി പ്രേക്ഷകനിലേക്ക് പകരുകയും ചെയ്യുന്നതാണ്. അതാണ് യഥാർത്ഥ അഭിനയത്തിന് ഏറ്റവും വലിയ വെല്ലുവിളി.

അടുത്ത കാലത്ത് കണ്ടിട്ടുള്ള ഏറ്റവും മനോഹരമായ റിയലിസ്റ്റിക് ഒരു പെർഫോമൻസാണ് ആസിഫ് അലി മുന്നോട്ടുവയ്ക്കുന്നത്. അഭിനയ വിദ്യാർഥികൾക്ക് ഒരു പാഠമായി ഇത് സ്വീകരിക്കാവുന്നതാണ്.

കഥാപാത്രത്തിന്റെ രൂപം അനുകരിക്കലോ അവനവനായി നിന്ന് കൊണ്ട് സ്വാഭാവികമായി പെരുമാറലോ അല്ല സ്വാഭാവികാഭിനയം.

കഥാപാത്രത്തിന്റെ മാനസികവും ശാരീരികവും സാമൂഹികവും മനഃശാസ്ത്രപരവുമായ പ്രത്യേകതകളെ ആഴത്തിൽ മനസ്സിലാക്കുകയും അത് ഏറ്റവും സ്വാഭാവികമായി പ്രേക്ഷകരിലേക്ക് പകരുകയും ചെയ്യുന്നു എന്നതാണ് റിയലിസം ലക്ഷ്യം വെക്കുന്നത്.

ഏറ്റവും ബുദ്ധിമുട്ടുള്ളതും അതും ജീവിതമെന്ന അജ്ഞാത പ്രതിഭാസത്തെ അടുത്തറിയുകയും നടൻ ബോധാഉപബോധങ്ങൾ വഴി ബോധപൂർവ്വം സാങ്കൽപ്പിക സാഹചര്യങ്ങളെ ഭാവനയിൽ കണ്ട് ജീവിതത്തിൽ സംഭവിക്കുന്ന അതേ രാസപ്രവർത്തനങ്ങൾ മനസ്സിലും ശരീരത്തിലും സംഭവിച്ച് പ്രേക്ഷകന് ആഴത്തിലുള്ള ജീവിതാനുഭവങ്ങൾ പകർന്നുകൊടുക്കുകയാണ് യഥാർത്ഥ അഭിനയത്തിലെ ലക്ഷ്യം. അപ്പോൾ മാത്രമാണ് അഭിനയം ഒരു ക്രാഫ്റ്റിംഗ് നിലവിട്ട കല എന്ന അവസ്ഥയിലേക്ക് ഉയരുന്നത്.

കണ്ണാടിയിൽ നോക്കുമ്പോൾ സുന്ദരനാണ് എന്ന് തോന്നുകയും എന്നാൽ സിനിമയിൽ അഭിനയിച്ച് കളയാം എന്ന് കരുതുന്ന ആര്‍ക്കും ഇത് ഒരു പാഠമാക്കാം. അഭിനയം ഏറ്റവും ഏറ്റവും ശ്രമകരവും പരിശീലനം വേണ്ടതുമായ നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു കലാരൂപമാണ്. ആഴത്തിൽ പഠിക്കുകയും മനസ്സിലാക്കുകയും ചെയ്യേണ്ട ‘അവസ്ഥാനുകരണം’.

“ഒഥല്ലോ ആയി അഭിനയിക്കാൻ എളുപ്പമാണ്; ഇയാഗോ ആയിരിക്കും ഒരു നടന്റെ യഥാർത്ഥ വെല്ലുവിളി”

സ്ലീവാച്ചനും,ഗോവിന്ദും ചിലഅഭിനയ ചിന്തകൾ .(അവാർഡ് ചിന്തയല്ല) എല്ലാവരും പൊതുവെ അഭിപ്രായം പറയുന്ന ഒന്നാണ് അഭിനയകല…

Posted by Jyothish Mg on Thursday, October 15, 2020

cp-webdesk

null
null