Cinemapranthan
null

അഞ്ഞൂറാനെ വിറപ്പിച്ച അച്ചാമ്മ;മലയാളത്തിലെ എക്കാലത്തെയും മികച്ച നടി ഫിലോമിനയുടെ ഓർമ്മദിനം

null

മലയാള സിനിമയിൽ നായികാപ്രാധാന്യമുള്ള അല്ലെങ്കിൽ നായികകേന്ദ്രീകൃത ചിത്രങ്ങൾ ഒരുപാട് ഉണ്ടായിട്ടുണ്ട്.. താരതമ്യേന കുറവാണെങ്കിലും പ്രതിനായിക കഥമാത്രമായി സ്ത്രീകൾ എത്തിയ കഥാപത്രങ്ങളും സംഭവിച്ചിട്ടുണ്ട്.. എന്നാൽ പ്രേക്ഷകർ എന്നും ഓർക്കുന്ന.. ഒരുകാലത്തും അതിനു മുകളിൽ ഒരു പ്രതിനായിക കഥാപാത്രമില്ലെന്നു ഉറപ്പിക്കുന്ന ഒരു കഥാപാത്രമുണ്ടായിട്ടുണ്ടെങ്കിൽ അത് ഗോഡ്ഫാദറിലെ ആനപ്പാറയിൽ അച്ചാമ്മയാണ്. ഫിലോമിന എന്ന അഭിനേത്രി അത്രമേൽ അനശ്വരമാക്കിയ കഥാപത്രം.

കര്‍ക്കശ്ശക്കാരിയായ, തന്റേടിയായ, ധാര്‍ഷ്ട്യമുള്ള സ്ത്രീയാണ് അച്ചാമ്മ. അഞ്ഞൂറാന്റെ കുടുംബത്തോട് പകരം വീട്ടാന്‍ സ്വന്തം പേരക്കുട്ടിയെ തന്നെ ആയുധമാക്കുന്ന സ്ത്രീ. വൈരാഗ്യം തീര്‍ക്കാനുള്ള വാശിയായാണ് ആനപ്പാറ അച്ചമ്മയെ ഭരിക്കുന്നത്. ഇതെല്ലാം പ്രേക്ഷകര്‍ക്ക് ബോധ്യപ്പെടുത്തിക്കൊടുക്കണമെങ്കില്‍ അപാരമായ കഴിവുള്ള ഒരു നടി വേണമെന്ന തീരുമാനത്തിലായിരുന്നു സിദ്ദിക്ക്ലാൽ മാർ ഫിലോമിനയിലേക്ക് എത്തുന്നത്. പിന്നീട് നടന്നത് നമുക്കറിയാലോ.. ഫിലോമിന എന്ന നടി ഇവിടെ ഉണ്ടായിരുന്നെന്ന് ലോകാവസാനം വരെ അടയാളപ്പെടുത്തുന്ന പ്രകടനം ആയിരുന്നു. ഇന്ന് ഫിലോമിന ഓർമയായിട്ട് 17 വർഷങ്ങൾ പിന്നിടുന്ന ദിവസമാണ് ആ കഥാപത്രത്തെ പറഞ്ഞല്ലാതെ പ്രാന്തൻ അവരെ എങ്ങനെ അനുസ്മരിക്കാനാണ്‌.

1964ൽ എം കൃഷ്ണൻ നായർ സംവിധാനം ചെയ്ത ‘കുട്ടിക്കുപ്പായ’മെന്ന ചിത്രത്തിലെ പ്രേംനസീറിൻറെ അമ്മവേഷത്തിലൂടെയാണ് ഫിലോമിനയുടെ സിനിമ അരങ്ങേറ്റം. പിന്നീട് ‘അമ്മ, അമ്മായിയമ്മ റോളുകൾ ആയിരുന്നു അധികവും. പിൽ‌കാലത്ത് സത്യൻ അന്തിക്കാടിന്റെ സിനിമകളിലൂടെ നർമ്മം തുളുമ്പുന്ന കഥാപാത്രങ്ങളുടെ വേഷ പകർച്ചയിലൂടെ ഫിലോമിന പ്രേക്ഷക മനസിൽ സ്ഥിരപ്രതിഷ്ഠ നേടി. നാട്ടിൻ പുറങ്ങളിൽ നമ്മൾ കാണാറുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിൽ ഫിലോമിനയുടെ രീതി ഏവരേയും അതിശയിപ്പിക്കുന്നവയാണ്. അത് തിരിച്ചറിഞ്ഞിട്ടുതന്നെയാവണം ഭരതൻ, പത്മരാജൻ, സത്യൻ അന്തിക്കാട് എന്നിവർ തങ്ങളുടെ ചിത്രത്തിൽ ഒരു റോൾ പതിവായി ഫിലോമിനയ്ക്കായി സൂക്ഷിക്കാറുണ്ടായിരുന്നു.

ചാട്ടയിലെ വേലുവിന്റെ അമ്മയും തനിയാവർത്തനത്തിലെ മുത്തശ്ശിയും, കിരീടത്തിലെ മുത്തശ്ശിയും, തലയണമന്ത്രത്തിലെ പാറുവമ്മായിയും വെങ്കലത്തിലെ അഛമ്മയും മഴവിൽ കാവടിയിലെ മുത്തശ്ശിയുമെല്ലാം അവരുടെ വ്യത്യസ്ത കഥാപത്രങ്ങളാണ്

തൃശൂരിലെ മുള്ളൂർക്കരയിൽ ജനിച്ച്, നാടകങ്ങളിലൂടെയാണ് ഫിലോമിന അഭിനയരംഗത്ത് സജീവമാകുന്നത്. കുറിക്കുന്നത്. ഏറെയും അമ്മവേഷങ്ങളാണ് ശ്രദ്ധേയമായിട്ടുള്ളത്. 45 വർഷത്തോളം ചലച്ചിത്ര-ടെലിവിഷൻ രംഗങ്ങളിൽ സജീവമായിരുന്ന ഫിലോമിന അഭിനയിച്ചത് 750ഓളം മലയാളം ചിത്രങ്ങളിലാണ്. മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്നവും’ ആയിരുന്നു അവസാന ചിത്രം. ഓർത്തുവയ്ക്കാവുന്ന ഒട്ടനവധി കഥാപാത്രങ്ങൾ ബാക്കിയാക്കിയാണ് ഫിലോമിന യാത്രയായത്. 80മത്തെ വയസിൽ, 2006 ജനുവരി 2 തിങ്കളാഴ്ച ചെന്നൈയിൽ മകൻ ജോസഫിന്റെ വസതിയിൽ വച്ചാണ് ഫിലോമിന വിടപറയുന്നത്. പകരം വയ്ക്കാനാകാത്ത പ്രിയതാരത്തിന്റെ സിനിമകളും സംഭാഷണങ്ങളും മലായള സിനിമയ്ക്ക് എക്കാലവും മുതൽകൂട്ടാണ്

cp-webdesk

null
null