പുരാതന ഇന്ത്യൻ ആയോധന കലയായ കളരിപ്പയറ്റിനെ പര്യവേക്ഷണം ചെയ്തുകൊണ്ട് പ്രശസ്ത ചലച്ചിത്രകാരൻ രഞ്ജൻ മുള്ളാട്ട് സംവിധാനം ചെയ്ത ഒരു ഇംഗ്ലീഷ് ചിത്രമാണ് ‘ലുക്ക് ബാക്ക് – ബിയോണ്ട് ദ ബ്ലേഡ്സ്’. പത്മശ്രീ ജേതാവും ആദരണീയനായ ഗുരുവും കളരിപ്പയറ്റിൻ്റെ അഭ്യാസിയുമായ മീനാക്ഷി അമ്മ അഭിനയിക്കുകയും രണ്ട് തവണ ദേശീയ അവാർഡ് നേടിയ സംഗീതസംവിധായകൻ ഡോ. ഹംസലേഖ സൗണ്ട് ട്രാക്ക് അവതരിപ്പിക്കുകയും ചെയ്യുന്ന ഈ ചിത്രം ഏറെ പ്രതീക്ഷകളോടെ ഈ വരുന്ന സെപ്തംബര് 27 നു തിയേറ്ററുകളിലേക്ക് എത്തുകയാണ്

വ്യക്തിത്വ വളർച്ച, സാംസ്കാരിക പൈതൃകം, പ്രാചീന പാരമ്പര്യങ്ങളുടെ പരിവർത്തന ശക്തി എന്നിവയുടെ കൂടിച്ചേരൽ ആണ് ഈ സിനിമയുടെ പ്രമേയമായെത്തുന്നത്. കളരിപ്പയറ്റിൻ്റെ ഇതുവരെ കാണാത്ത അപൂർവ കാഴ്ച്ച ചിത്രത്തിൽ നമുക്ക് കാണാം. സാധാരണ ആയോധന കല സിനിമകളിൽ നിന്ന് വ്യത്യസ്തമായി, ഈ സിനിമ കളരിപ്പയറ്റിൻ്റെ സമഗ്രതയെ ആവും തുറന്നു കാണിക്കുക എന്നാണ് ചിത്രത്തിന്റെ അണിയറക്കാർ അവകാശപ്പെടുന്നത്. ഒരു ആക്ഷൻ ത്രില്ലെർ ആയാണ് ചിത്രമൊരുക്കിയത്

എന്നാൽ പൂർണ്ണമായും കളരിയിലേക് തിരിയാതെ വൈകാരികമായൊരു കഥയും ചിത്രം കൈകാര്യം ചെയ്യുന്നുണ്ട്. വിദ്യാർത്ഥിയായ സിദ്ധയുടെ നിശ്ചയദാർഢ്യത്തിന്റെയും പ്രതികാരത്തിന്റെയും കഥ കൂടി ആണ് ലുക്ക് ബാക്ക്. അവളുടെ ജീവിതത്തിലൂടെ പ്രേക്ഷകരെ വൈകാരികമായ ഒരു യാത്രയിലേക്ക് ചിത്രം കൊണ്ടുപോകുമെന്നു തീർച്ചയാണ്, ഗുരുക്കൾ ശ്രീ പത്മശ്രീ മീനാക്ഷി അമ്മ, ഗുരുക്കൾ രഞ്ജൻ മുള്ളാട്ട്, ഉപാസന ഗുർജാർ എന്നിവരാണ് പ്രധാനകഥാപാത്രങ്ങൾ ആയി എത്തുന്നത്. ഇവരുടെ ശക്തമായ പ്രകടനങ്ങൾ ഉറപ്പു നൽകുന്നതാണ് ചിത്രത്തിന്റെ ട്രൈലെർ.