Cinemapranthan

മാതൃസ്‌നേഹത്തിന്റെ പുതിയ ഭാവങ്ങൾ മലയാളിയെ കാണിച്ച അഭിനേത്രി; മലയാളത്തിന്റെ അമ്മ കവിയൂർ പൊന്നമ്മയെ കുറിച്ച് വായിക്കാം

null

സിനിമയെ ജീവിതവുമായി ഏറെ ബന്ധപ്പെടുത്തിക്കാണുന്ന മലയാളിക്ക് എന്നും വാത്സല്യം നിറഞ്ഞ അമ്മയുടെ മുഖവും മനസ്സും ആണ് കവിയൂർ പൊന്നമ്മക്ക്. സത്യൻ, മധു, പ്രേംനസീർ, സോമൻ, സുകുമാരൻ, മമ്മൂട്ടി, മോഹൻലാൽ തുടങ്ങി മലയാള സിനിമയിലെ സൂപ്പർ താരങ്ങളുടെ എല്ലാം അമ്മവേഷങ്ങളിലൂടെ തിളങ്ങി മലയാളത്തിന്റെ പ്രിയപ്പെട്ട അമ്മയായി മലയാളിയുടെ മനസ്സിൽ ചേക്കേറിയ കവിയൂർ പൊന്നമ്മ വിടവാങ്ങി. കഴിഞ്ഞ ദിവസം കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.

അമ്മ എന്നാൽ മലയാളിക്ക് കവിയൂർ പൊന്നമ്മ തന്നെ ആണ്. അഭിനയിച്ച ആയിരത്തോളം സിനിമകളിൽ ഭൂരിഭാഗവും അമ്മവേഷങ്ങളായിട്ടും എല്ലാ കഥാപാത്രങ്ങൾക്കും ഒരു വ്യത്യസ്തത ഉണ്ടായിരുന്നു അവർക്ക്. ഗായികയായി തുടങ്ങി നാടകത്തിലൂടെ അഭിനേത്രിയായി സിനിമയിലെത്തിയ കവിയൂർ പൊന്നമ്മ തുടക്ക കാലത്ത് തന്നെ ‘അമ്മ വേഷങ്ങളിൽ തളച്ചിടപ്പെട്ട നടി കൂടി ആയിരുന്നു

1962 ൽ ശ്രീരാമ പട്ടാഭിഷേകം എന്ന സിനിമയിൽ ആണ് ആദ്യമായി അവർ കാമറക്കു മുമ്പിൽ എത്തുന്നത്. രാവണനായി കൊട്ടാരക്കര ശ്രീധരൻ നായരെത്തിയപ്പോൾ സുന്ദരിയായ മണ്ഡോദരിയായത് കവിയൂർ പൊന്നമ്മ വേഷമിട്ടത്, പിന്നീട് തൊമ്മന്റെ മക്കൾ (1965) എന്ന സിനിമയിൽ സത്യന്റെയും മധുവിന്റെയും അമ്മയായി കവിയൂർ പൊന്നമ്മ അഭിനയിച്ചിട്ടുണ്ട്. 1973 ൽ പെരിയാർ എന്ന ചിത്രത്തിൽ മകനായി അഭിനയിച്ച തിലകൻ പിൽക്കാലത്ത് കവിയൂർ പൊന്നമ്മയുടെ ഭർത്താവ് എന്ന നിലക്ക് നല്ല ജോടി ആയി ഖ്യാതി നേടി.

1965 ലെ തന്നെ ഓടയിൽനിന്നിൽ സത്യന്റെ നായികാകഥാപാത്രമായി ‘അമ്പലക്കുളങ്ങരെ’ എന്ന മലയാളത്തിലെ സൂപ്പർ ഹിറ്റ് ഗാനമുൾപ്പടെയുള്ള രംഗങ്ങളിൽ നമുക്ക് കവിയൂർ പൊന്നമ്മയെ കാണാം. ആ വർഷം തന്നെ സത്യന്റെ അമ്മവേഷവും ചെയ്തു എന്നത് ആ അഭിനേത്രിയുടെ കഴിവിന്റെ സാക്ഷ്യപത്രം തന്നെയാണ്. നെല്ല് (1974)എന്ന ചിത്രത്തിലെ സാവിത്രി എന്ന കഥാപാത്രമാണ് അമ്മവേഷങ്ങളിൽ നിന്ന് വേറിട്ട് കാണാവുന്ന പൊന്നമ്മയുടെ മറ്റൊരു കഥാപാത്രം. മിക്ക പ്രമുഖ നടൻമാരുടെയും അമ്മയായി കവിയൂർ പൊന്നമ്മ വേഷമിട്ടിട്ടുണ്ടെങ്കിലും മോഹൻലാലിന്റെ അമ്മയായുള്ള വേഷങ്ങൾ ആണ് ജനഹൃദയങ്ങളിൽ കൂടുതൽ സ്ഥാനംപിടിച്ചത്.

ഏറ്റവും നല്ല രണ്ടാമത്തെ നടിക്കുള്ള അവാർഡുകൾ നാലുതവണ )1971,72,73,94 എന്നീ വർഷങ്ങളിൽ) കവിയൂർ പൊന്നമ്മയ്ക്ക് ലഭിച്ചിട്ടുണ്ട്.

മാതൃസ്‌നേഹത്തിന്റെ പുതിയ ഭാവങ്ങൾ മലയാളിയെ കാണിച്ച അഭിനേത്രി തന്നെയാണ് കവിയൂർ പൊന്നമ്മ.. പ്രിയ കലാകാരിക്ക് ആദരാഞ്‌ജലികൾ

cp-webdesk

null

Latest Updates