കുറച്ചു ദിവസങ്ങളായി കൊച്ചിയിലെ ജനങ്ങൾ നേരിടുന്ന ദുരിത പ്രശ്‌നമാണ് ബ്രഹ്മപുരം തീപിടിത്തത്തെ തുടർന്ന് വമിക്കുന്ന വിഷപ്പുക. തീ അണച്ചെങ്കിലും ഏക്കറ് കണക്കിന് മാലിന്യം കത്തിയത് പുകഞ്ഞ് കൊണ്ടിരിക്കുന്നത് ജനങ്ങളെ ഒരുപോലെ ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്. ഇപ്പോഴിതാ ബ്രഹ്മപുരം തീ പിടുത്തത്തെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് സംവിധായകൻ വിനയൻ. തന്റെ ഫേസ്ബുക് പേജിലൂടെയാണ് വിനയൻ പോസ്റ്റ് പങ്ക് വെച്ചിരിക്കുന്നത്.
ഫേസ്ബുക് കുറിപ്പ്
“ഇത് കൊല്ലാക്കൊലയാണ്… ബ്രഹ്‍മപുരത്തെ പ്ലാസ്റ്റിക് മാലിന്യമല കത്തിച്ചവർ ജനങ്ങളേ കൊല്ലാക്കൊല ചെയ്യുന്നതിനു തുല്യമായ ക്രിമിനൽ പ്രവർത്തിയാണ് നടത്തിയിരിക്കുന്നത്. പാലാരിവട്ടത്തു താമസിക്കുന്ന ഒരു വ്യക്തി എന്ന നിലയിൽ ഈ വിഷപ്പുകയുടെ ഏറ്റവും ദുരന്തപുർണ്ണമായ അവസ്ഥ കണ്ടിട്ട് ഭയന്നു പോകുന്നു. വീടുകളെല്ലാം ജനാലകൾ പോലും തുറക്കാതെ അടച്ചിട്ടിട്ട് ദിവസങ്ങൾ പലതായി. എന്നിട്ടുപോലും ശ്വാസകോശത്തിന് അസുഖമുള്ളവർ പലരും ചികിത്സക്കായി ആശുപത്രികളിൽ അഭയം തേടിയിരിക്കുന്നു. എസി ഷോറും ഇല്ലാത്ത സാധാരണ കച്ചവടക്കാർക്കൊക്കെ ശാരീരിക അസ്വസ്ഥത അനുഭവപ്പെടുന്നു. പുറം ജോലി ചെയ്യുന്ന കൂലിപ്പണിക്കാരായ തൊഴിലാളികൾ പലരും ചുമയും ശ്വാസംമുട്ടലും മൂലം വിഷമിക്കുന്നു. സ്ലോ പോയിസൺ പോലെ മനുഷ്യന്‍റെ ജീവനെതന്നെ ഇല്ലാതാക്കാൻ പോന്ന ഈ വിപത്തിൻെറ ആഴം അധികാരികൾ വേണ്ടവിധം മനസ്സിലാക്കിയിട്ടുണ്ടോ എന്നറിയില്ല. ഈ വിഷമല കത്തിയതിനു പിന്നിൽ ഏതെങ്കിലും വ്യക്തികൾക്കു പങ്കുണ്ടോ എന്നറിയാൻ പോലീസ് അന്വേഷണം നടക്കുന്നത്രേ. അങ്ങനുണ്ടെങ്കിൽ അവർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ശിക്ഷിക്കണം. ഇത്തരം സാമൂഹിക വിപത്ത് സൃഷ്ടിക്കുന്നവർക്കെതിരെ എല്ലാവരും പ്രതികരിക്കണം.”
അതെ സമയം ബ്രഹ്മപുരത്തെ തീ അണച്ചെങ്കിലും മണ്ണ് മാന്തിയന്ത്രങ്ങൾ, ഹെലികോപ്റ്റർ എന്നിവ ഉപയോഗിച്ച് പുക കെടുത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. രണ്ട് ദിവസത്തിനുള്ളിൽ പുക കെടുത്താനാകുമെന്നാണ് അധികാരികൾ പറയുന്നത്.