Cinemapranthan
null

‘മലയാളത്തിന് മാത്രമല്ല.. ഇന്ത്യൻ സിനിമക്ക് തന്നെ തീരാനഷ്ട്ടം’ ‘ക്ലാസ്’ സംവിധായകൻ സംഗീത് ശിവന് വിട

null

ചുരുങ്ങിയ സിനിമകൾ കൊണ്ട് മലയാള സിനിമയിൽ തന്റേതായ ഇടം സൃഷ്‌ടിച്ച സംവിധായകനാണ് സംഗീത് ശിവൻ. തിരക്കഥാകൃത്തായും നിർമ്മാതാവായും തിളങ്ങിയ അപൂർവം സംവിധായകരിൽ ഒരാൾ. യോദ്ധ, ഗാന്ധർവം, നിർണയം, വ്യൂഹം എന്നീ സിനിമകൾ മാത്രം മതി സംവിധായകൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ സംവിധായക മികവ് അറിയാൻ. തൈപ്പറമ്പിൽ അശോകനും, അരശുംമൂട്ടിൽ അപ്പുകുട്ടനും, റിമ്പോച്ചെയും, അശ്വതിയും, ദമയന്തിയും, ഗാന്ധർവ്വത്തിലെ സാമും, ശ്രീദേവിയും, നിർണ്ണയത്തിലെ ഡോ.റോയ് മാത്യൂസും ഡോ ആനിയും വ്യൂഹത്തിലെ ടോണി ലിയോസ് എല്ലാം കാലം പിന്നിട്ടിട്ടും മലയാള സിനിമാ പ്രേക്ഷക മനസ്സുകളിൽ ഇന്നും മായാതെ കിടക്കുന്നവയാണ്.

മലയാളത്തിലെ ആദ്യകാല സ്റ്റിൽ ഫോട്ടോഗ്രാഫറും, ഛായാഗ്രഹകനും, സംവിധായകനുമായ ശിവന്റെ മകനും ഛായാഗ്രഹകനും സംവിധായകനും ആയ സന്തോഷ് ശിവന്റെ സഹോദരനും ആയി 1959 ലാണ് സംഗീത് ശിവന്‍ ജനിക്കുന്നത്. എംജി കോളേജ്, മാർ ഇവാനിയോസ് കോളേജിലുകളുമായി പ്രീഡിഗ്രിയും ബി.കോം ബിരുദവും കരസ്ഥമാക്കിയ ശേഷം പിതാവിനൊപ്പം ഡോക്യുമെന്‍ററികളിലും മറ്റും ഭാഗമായാണ് സിനിമ രംഗത്തേക്ക് കടന്നുവന്നത്.

1990 ല്‍ ഇറങ്ങിയ വ്യൂഹം എന്ന ചിത്രമായിരുന്നു സംഗീത് ശിവന്‍റെ ആദ്യ സംവിധാന സംരംഭം. അന്നുവരെ വില്ലൻ വേഷങ്ങളിലൂടെ മാത്രം തിളങ്ങി നിന്നിരുന്ന രഘുവരനെ നായകനാക്കി ഒരുക്കിയ ക്രൈം ത്രില്ലെർ ആയിരുന്നു വ്യൂഹം. സ്റ്റൈലിഷ് മേയ്ക്കിംഗിലും
വ്യത്യസ്തമായ കഥപറച്ചിലിനാലും ശ്രദ്ധിക്കപ്പെട്ട ചിത്രം ഇന്നും ചർച്ചകളിൽ നിറയുന്ന സിനിമയാണ്.

എടുത്ത് പറയേണ്ടത് പിന്നീട് ചെയ്ത അദ്ദേഹത്തിന്റെ യോദ്ധ എന്ന സിനിമയാണ്. മലയാളത്തിൽ ഇക്കാലമിന്നോളം ഇറങ്ങിയ മികച്ച സിനിമകളിൽ ആദ്യ പത്തിൽ ഉൾപ്പെടുത്താൻ പറ്റുന്ന മാസ്റ്റർപീസ് സിനിമയാണ് യോദ്ധ. ബുദ്ധമതത്തിലെ നന്മയും തിന്മയും താന്ത്രിക് രീതികളും ബ്ലാക്മാജിക്കും ഉൾപ്പെടുത്തി ആരും പരീക്ഷിക്കാത്ത കഥാതന്തു ഒരു നാട്ടിൻപുറത്തെ സാധാരണക്കാരനുമായി ലിങ്ക് ചെയ്ത് വളരെ സീരിയസായി തന്നെ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്.

നിർണയവും ഗാന്ധർവ്വം മോഹൻലാൽ എന്ന നടന്റെ സ്റ്റൈലും പെർഫോമൻസും ഒരുപോലെ ഉപയോഗിച്ച ചിത്രങ്ങൾ ആയിരുന്നു. ഇന്നും മലയാളത്തിലെ ഒരു മികച്ച മെഡിക്കൽ ത്രില്ലെർ ചിത്രം ഏതാണെന്നു ചോദിച്ചാൽ ആദ്യം നമ്മുടെയൊക്കെ മനസിലേക്കെത്തുക നിർണയമാവും.
മോഹൻ ലാലിനെ ഏറ്റവും സ്റ്റൈലിഷ് ആയി കണ്ട ചിത്രങ്ങളിലൊന്ന് ഗാന്ധർവ്വം ആയിരുന്നു. ജോണി , ഡാഡി, സ്നേഹപൂർവ്വം അന്നാ എന്നീ ചിത്രങ്ങളടക്കം. ഏഴോളം ചിത്രങ്ങളാണ് സംഗീത് ശിവൻ മലയാളത്തിൽ ഒരുക്കിയത്. ഇഡിയറ്റ്സ് എന്നൊരു ചിത്രം നിർമ്മിക്കുകയും ചെയ്തു.

സണ്ണി ഡിയോളിനെ നായകനാക്കിയ സോർ എന്ന ചിത്രത്തിലൂടെയാണ് സംഗീത് ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. ബോളിവുഡില്‍ എട്ടോളം ചിത്രങ്ങൾ സംഗീത് ശിവന്‍ ഒരുക്കിയിട്ടുണ്ട്. എന്തായാലും അദ്ദേഹത്തിന്റെ വിയോഗം മലയാളത്തിന് മാത്രമല്ല ഇന്ത്യൻ സിനിമക്ക് തന്നെ തീരാ നഷ്ട്ടമാണ്.

cp-webdesk

null
null