നാനി – കീർത്തി സുരേഷ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ തെലുങ്ക് ചിത്രം ‘ദസറ’ മികച്ച പ്രതികരണമാണ് തിയറ്ററുകളിൽ നിന്ന് നേടുന്നത്. ഇപ്പോഴിതാ റിലീസ് ചെയ്ത് ഒരാഴ്ച്ച ആകുമ്പോഴേക്കും 100 കോടി ക്ലബ്ബിൽ കയറിയിരിക്കുകയാണ് ‘ദസറ’. ആദ്യമായാണ് ഒരു നാനി ചിത്രം പാൻ ഇന്ത്യൻ ലെവലിൽ 100 കോടി ക്ലബ്ബിൽ എത്തുന്നത്. ചിത്രത്തിന്റെ വിജയാഘോഷം കരിംനഗറിൽ നടന്നു. ‘ദസറ’യുടെ നിർമ്മാതാവായ സുധാകർ ചെറുകുരി സംവിധായകൻ ശ്രീകാന്ത് ഒഡേലയ്ക്ക് ആഡംബര കാർ സമ്മാനിച്ചു. കൂടാതെ ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കും അഭിനേതാക്കൾക്കും 10 ഗ്രാം സ്വർണ്ണം വീതം നൽകുകയും ചെയ്തു.
ആദ്യ ദിനം തന്നെ ആഗോള തലത്തിൽ 38 കോടിക്കുമേൽ കളക്ഷൻ നേടി വൻ കുതിപ്പായിരുന്നു ചിത്രം. ഇതോടെ രാജ്യത്ത് ഈ വർഷം ഏറ്റവും വലിയ ഓപ്പണിംഗ് കളക്ഷൻ നേടുന്ന തെന്നിന്ത്യൻ സിനിമയാവുകയായിരുന്നു ‘ദസറ’. ഈ നേട്ടം കൈവരിക്കുന്ന ആദ്യ നാനി ചിത്രമാണ് ദസറ. കൽക്കരി ഖനികളിൽ ജോലി ചെയ്യുന്നവരുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിൽ നാനിയും, കീർത്തി സുരേഷുമൊക്കെ മികച്ച പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്.
മലയാളി താരം ഷൈൻ ടോം ചാക്കോ, സമുദ്രക്കനി, സറീന വഹാബ് എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഷൈൻ ടോം ചാക്കോയാണ് ചിത്രത്തിൽ പ്രതിനായക വേഷത്തിലെത്തുന്നത്. സായ് കുമാറും ചിത്രത്തിൽ വേഷമിടുന്നു. കൈതി, മാസ്റ്റർ, തീരൻ തുടങ്ങിയ ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ച സത്യൻ സൂര്യൻ ആണ് ദസറയുടെ ഛായാഗ്രാഹകൻ.