Cinemapranthan

‘ലൂസിഫറിലെയും മരക്കാറിലെയും’ ആ ശബ്ദം; മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റ് നേട്ടവുമായി വിനീത്

വർഷങ്ങളായി അഭിനയരംഗത്ത് ഉണ്ടെങ്കിലും ഇതാദ്യമായാണ് ഡബ്ബിംഗ് ആർട്ടിസ്റ്റ് എന്ന നിലയിൽ വിനീതിന് അവാർഡ് ലഭിക്കുന്നത്

മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന് ഇത്തവണ അർഹനായിരിക്കുന്നത് നടൻ വിനീത് ആണ്. ‘ലൂസിഫർ’, ‘മരക്കാർ’ എന്നീ ചിത്രങ്ങളിൽ ശബ്ദം നൽകിയതിനാണ് പുരസ്‌കാരം. അപ്രതീക്ഷിതമായെത്തിയ സന്തോഷത്തിലാണ് വിനീത്.

35 വർഷങ്ങളായി അഭിനയരംഗത്ത് ഉണ്ടെങ്കിലും ഇതാദ്യമായാണ് ഡബ്ബിംഗ് ആർട്ടിസ്റ്റ് എന്ന നിലയിൽ വിനീതിന് അവാർഡ് ലഭിക്കുന്നത്. വിനീതിന് ആദ്യ അവാർഡ് ലഭിക്കുന്നത് 2016ൽ മികച്ച കൊറിയോഗ്രാഫർക്കുള്ള പുരസ്കാരമായിരുന്നു. ‘കാംബോജി’ എന്ന ചിത്രത്തിൽ മികച്ച കൊറിയോഗ്രാഫറിനായിരുന്നു.

ഈ പുരസ്കാരം അപ്രതീക്ഷിതമായിരുന്നുവെന്നും, നന്ദി പറയേണ്ടത് പൃഥ്വിരാജ്, മോഹൻലാൽ, ആന്റണി പെരുമ്പാവൂർ, പ്രിയദർശൻ എന്നിവരോടാണെന്നും, മോഹൻലാൽ വിളിച്ചു സന്തോഷം പങ്കിട്ടുവെന്നും വിനീത് ഇന്ത്യൻ എക്സ്പ്രസ്സ് മലയാളത്തിനോട് പ്രതികരിച്ചിരുന്നു. ആദ്യമായാണ് സിനിമയിൽ സ്വന്തം കഥാപാത്രങ്ങൾക്കല്ലാതെ മറ്റൊരു കഥാപാത്രത്തിന് വേണ്ടി വിനീത് ഡബ്ബ് ചെയ്യുന്നത്. പൃഥ്വിരാജാണ് ലൂസിഫറിൽ വിവേക് ഒബ്‌റോയിക്ക് വേണ്ടി വിനീതിനെ ക്ഷണിക്കുന്നത്.

പ്രിയദർശൻ സംവിധാനം ചെയ്ത ‘മരക്കാർ അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിൽ നടൻ അർജുന് വേണ്ടിയാണ് വിനീത് ശബ്ദം നൽകിയത്. ‘ബിഗ് ബ്രദർ’ എന്ന ചിത്രത്തിൽ ബോളിവുഡ് താരം അർബാസ് ഖാനു വേണ്ടിയും വിനീത് ശബ്ദം നൽകി.

പതിനാറാം വയസ്സിലാണ് വിനീത് സിനിമ രംഗത്തേക്ക് പ്രവേശിക്കുന്നത്. ഐവി ശശി സംവിധാനം ചെയ്ത ‘ഇടനിലങ്ങൾ’ എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം.

cp-webdesk