“അംഗീകാരം ലഭിച്ച എല്ലാവർക്കും അഭിനന്ദനങ്ങള്‍. ഇപ്പോള്‍ ഡിജോ ഒരുക്കുന്ന ‘ജനഗണമന’ എന്ന സിനിമയിൽ പൃഥ്വിരാജിനൊപ്പം അഭിനയിക്കുകയാണ്. ഷൂട്ടിങ് ലൊക്കേഷനിലായതുകൊണ്ട് ഇന്ന് ഇവിടെ ഭയങ്കര ചെലവായിരിക്കും.” മികച്ച നടനുള്ള പുരസ്കാരം നേടിയതിൽ സന്തോഷം പങ്ക് വെച്ച് കൊണ്ട് സുരാജ് വെഞ്ഞാറമൂട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.
“2019-ൽ നിരവധി നല്ല കഥാപാത്രങ്ങള്‍ ലഭിച്ചു. ആ സിനിമകളെല്ലാം ആള്‍ക്കാള്‍ കണ്ടു. അവര്‍ ഏറ്റെടുത്തു. സര്‍ക്കാര്‍ അംഗീകാരം കൂടി ലഭിച്ചതിൽ അതിലേറെ സന്തോഷം. ഇതൊരു ഉത്തരവാദിത്തമാണ്.” സൂരാജ് പറഞ്ഞു.
രതീഷ് പൊതുവാൾ ഒരുക്കിയ ആൻഡ്രോയിഡ് കുഞ്ഞപ്പൻ, എം.സി ജോസഫ്ന്റെ വികൃതി എന്ന ചിത്രങ്ങളിലെ മികച്ച പ്രകടനമാണ് സുരാജ് വെഞ്ഞാറമൂട് എന്ന നടന് പുരസ്കാരം നേടി കൊടുത്തത്. ഇതിനു പുറമെ ഫൈനൽസ്, ഡ്രൈവിങ് ലൈസൻസ് തുടങ്ങി നിരവധി സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങളാണ് സുരാജിന് ലഭിച്ചിരുന്നത്.
‘ആൻഡ്രോയ്ഡ് കുഞ്ഞപ്പനിലേയും വികൃതിയിലേയും വേഷങ്ങള്‍ രണ്ടും വെല്ലുവിളി നിറഞ്ഞതായിരുന്നു. സിനിമയുടെ സഹപ്രവര്‍ത്തകര്‍ക്ക് ഒത്തിരി നന്ദി. ഇനിയും നല്ല കഥാപാത്രങ്ങള്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. –സുരാജ് വ്യക്തമാക്കി.