Cinemapranthan
null

‘ബി ടി എസ്’ അംഗം ‘ജെ – ഹോപ്പും’ നിർബന്ധിത പട്ടാള സേവനത്തിന് ഒരുങ്ങുന്നു

സൈന്യത്തിൽ ചേരുന്ന രണ്ടാമത്തെ ‘ബി ടി എസ്’ അംഗമാണ് ജെ – ഹോപ്പ്

null

ലോകപ്രശസ്ത സംഗീത ബാൻഡായ ‘ബിടിഎസിലെ’ അംഗവും, റാപ്പറും പ്രധാന നൃത്തസംവിധായകനുമായ ജെ-ഹോപ്പ് പട്ടാള സേവനത്തിന് ഒരുങ്ങുന്നു. ദക്ഷിണ കൊറിയൻ മിലിട്ടറിയിൽ ചേരുന്നത് നീട്ടി വെക്കുന്നതിനുള്ള അപേക്ഷ ജെ – ഹോപ്പ് നേരത്തെ നൽകിയിരുന്നു. ഇത് കെ – പോപ്പ് താരം പിൻവലിച്ചിരിക്കുകയാണ്. ഞായറാഴ്ചയാണ് ജെ – ഹോപ്പിന്റെ ഏജൻസിയായ ബിഗ് ഹിറ്റ് മ്യൂസിക് ഇക്കാര്യം അറിയിച്ചു കൊണ്ടുള്ള പ്രസ്താവന പുറത്തിറക്കിയത്.

“ഹലോ, ഇത് ബിഗ് ഹിറ്റ് മ്യൂസിക് ആണ്. ജെ-ഹോപ്പ് തന്റെ എൻ‌ലിസ്റ്റ്മെന്റ് മാറ്റിവയ്ക്കൽ അവസാനിപ്പിക്കുന്നതിന് അപേക്ഷിച്ചുകൊണ്ട് സൈനിക എൻ‌ലിസ്‌മെന്റ് പ്രക്രിയയ്ക്ക് തുടക്കമിട്ടെന്ന് ഞങ്ങളുടെ ആരാധകരെ അറിയിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ കാര്യങ്ങൾ ഞങ്ങൾ നിങ്ങളെ അറിയിക്കും. ജെ-ഹോപ്പ് സൈനിക സേവനം പൂർത്തിയാക്കി സുരക്ഷിതമായി മടങ്ങി വരുന്നതു വരെ നിങ്ങളുടെ തുടർന്നും സ്‌നേഹവും പിന്തുണയും ഞങ്ങൾ ആവശ്യപ്പെടുന്നു. ഞങ്ങളുടെ കലാകാരന് പിന്തുണ നൽകുന്നതിനുള്ള ഒരു ശ്രമവും കമ്പനി പാഴാക്കില്ല.. നന്ദി.” ബിഗ് ഹിറ്റ് മ്യൂസിക് പ്രസ്താവനയിൽ പറഞ്ഞു.

സൈന്യത്തിൽ ചേരുന്ന രണ്ടാമത്തെ ‘ബി ടി എസ്’ അംഗമാണ് ജെ – ഹോപ്പ്. ‘ബി ടി എസ് ബോയ് ബാൻഡിലെ’ മുതിർന്ന അംഗമായ ജിൻ ആയിരുന്നു ആദ്യം പട്ടാളത്തിൽ ചേർന്നത്. ഇക്കഴിഞ്ഞ ഡിസംബറിൽ ഒരു ഫ്രണ്ട്-ലൈൻ ദക്ഷിണ കൊറിയൻ ബൂട്ട് ക്യാമ്പിൽ 18 മാസത്തെ നിർബന്ധിത സൈനിക സേവനം ജിൻ ആരംഭിച്ചു. ദക്ഷിണ കൊറിയയിലെ 18 നും 28 നും ഇടയിൽ പ്രായമുള്ള എല്ലാ പുരുഷന്മാരും 18 മാസം നിർബന്ധിത സൈനിക സേവനമനുഷ്ഠിക്കണമെന്നാണ് നിയമം.

എന്നാൽ 2020-ൽ കൊറിയൻ പാർലമെന്റ്, ബി ടി എസ് താരങ്ങൾക്ക് 30 വയസ്സ് വരെ സേവനം മാറ്റി വയ്ക്കാൻ ഇളവ് അനുവദിക്കുന്ന ഒരു ബിൽ പാസാക്കിയിരുന്നു. ബി ടി എസ് രാജ്യത്തിന് നൽകിയ സംഭാവനകളും പ്രശസ്തിയും കണക്കിലെടുത്താണ് ഈ ഇളവ് നൽകിയിരുന്നത്. എന്നാൽ പട്ടാളസേവനത്തിൽ നിന്ന് ഇവരെ ഒഴിവാക്കണമെന്ന് ആവശ്യം ഉയർന്നെങ്കിലും അധികാരികൾ ഇത് അനുവദിച്ചില്ല. ബിടിഎസിലെ ഏഴ് അംഗങ്ങളും നിർബന്ധിത സൈനിക സേവനം ചെയ്യുമെന്ന് ബിഗ് ഹിറ്റ് പറഞ്ഞു. 2025 ഉള്ളിൽ എല്ലാ അംഗങ്ങളും സൈനിക സേവനം ചെയ്തതിനു ശേഷം വീണ്ടും ബാൻഡ് പുരുജ്ജീവിപ്പിക്കാനാണ് തീരുമാനം. നിലവിൽ ജെ – ഹോപ്പ് ഉൾപ്പടെയുള്ള അംഗങ്ങൾ വ്യക്തിഗത സംഗീത ആൽബത്തിൽ ആണ് ശ്രദ്ധ നൽകിയിരിക്കുന്നത്.

cp-webdesk

null
null