Cinemapranthan

‘ഏറനാടിന്റെ ധീരപുത്രി’; മനസ്സ് നിറച്ച് ‘ആയിഷ’

നിലമ്പൂർ ആയിഷയുടെ സിനിമയാണ് ഇതെന്ന് എവിടെയും റിവീൽ ചെയ്യാതെയാണ് ചിത്രം തിയറ്ററുകളിൽ എത്തിയത്

പറഞ്ഞതല്ലേ… ‘ആയിഷ’ പ്രേക്ഷകർക്ക് വേണ്ടി എന്തോ കരുതി വെച്ചിട്ടുണ്ട് എന്ന്..! അതെ നമ്മൾ പ്രതീക്ഷിച്ചതൊന്നുമല്ല ‘ആയിഷ’. ചിലപ്പോഴൊക്കെ മറന്നു പോയ ചരിത്രങ്ങൾ നമ്മൾ ചികഞ്ഞെടുക്കണം, ഓർക്കണം. അങ്ങനെ ഒന്നും മറന്നു പോവാൻ പാടില്ലാത്ത ഒരു ചരിത്രത്തിന്റെ ഓർമ്മയാണ് ആയിഷ എന്ന സിനിമ. ‘ഏറനാടിന്റെ ധീരപുത്രി’ ആയ നിലമ്പൂർ ആയിഷയെക്കുറിച്ച് കേൾക്കാത്തവരല്ല നമ്മൾ. എന്നാൽ അവരുടെ ജീവിതം സഞ്ചരിച്ച ചരിത്രവഴികളിൽ നമ്മൾ കാണാത്ത അറിയാത്ത ചില കനൽക്കഥകളുടെ മിഴിവാർന്ന ആവിഷ്കാരമാണ് ‘ആയിഷ’ എന്ന സിനിമ.

നിലമ്പൂർ ആയിഷയുടെ സിനിമയാണ് ഇതെന്ന് എവിടെയും റിവീൽ ചെയ്യാതെയാണ് ചിത്രം തിയറ്ററുകളിൽ എത്തിയത്. അത് കൊണ്ട് തന്നെ മഞ്ജു വാര്യർ എന്താവും കരുതി വെച്ചിരിക്കുക എന്ന ആകാംക്ഷയോടെയാണ് പ്രാന്തൻ സിനിമ കാണാനെത്തിയത്. ആയിഷ നിലമ്പൂർ ആയിഷയായി മാറിയ നിമിഷം സിനിമയിലെ രംഗങ്ങൾക്കൊപ്പം തന്നെ പ്രേക്ഷകന്റെയും ഹൃദയം നിറയും. പ്രതീക്ഷ തെറ്റിച്ചില്ല.. സിനിമയിൽ നിറഞ്ഞു നിൽക്കുന്ന മഞ്ജു വാര്യർ ആയിഷയായി മനസ്സ് നിറച്ചു. സ്വാഭാവികമായ അഭിനയത്തോടെ വളരെ തന്മയത്വത്തോടെ ആയിഷയെ അവർ സ്‌ക്രീനിൽ പകർന്നാടിയപ്പോൾ നിലമ്പൂർ ആയിഷ മുന്നിൽ നിൽക്കുന്നത് പോലെ.

നാടകാഭിനയവും പാർട്ടി പ്രവർത്തനവും ഒക്കെ ആയിഷയുടെ ജീവിതത്തിൽ കനൽ നിറക്കാൻ കാരണമായെങ്കിലും പൊരുതി നിന്ന ആയിഷ ജീവിതത്തിന്റെ മരുപ്പച്ച തേടിയാണ് സൗദിയിലേക്ക് എത്തുന്നത്. തുടർന്ന് ഗദ്ദാമയായി നിൽക്കുന്ന വീട്ടിലെ അറബി സ്ത്രീയായ മാമ്മയുമായി ആയിഷക്കുണ്ടാവുന്ന ആത്മബന്ധവും സൗഹൃദവമാണ് ‘ആയിഷ’ എന്ന സിനിമ. ഇമോഷൻസ് കണക്ട് ചെയ്യുന്ന സീനുകളാണ് ആയിഷയുടെ പ്രധാന ജീവൻ. എവിടെയൊക്കെയോ ആയിഷയും മാമ്മയും നമ്മുടെ ഹൃദയത്തെ വല്ലാതെ പിടിച്ചുലക്കും. മാമ്മയും ആയിഷയും തമ്മിൽ ഉടലെടുക്കുന്ന ഒരു പ്രത്യേക സൗഹൃദം, അതിലൂടെ സഞ്ചരിക്കുന്ന പ്രേക്ഷകന്റെ ഹൃദയം.. ‘ആയിഷ’ ആത്മാവിലേക്ക് കയറി പോവും..

ആമിർ പള്ളിക്കൽ എന്ന സംവിധായകന്റെ തുടക്കം കലക്കിയെന്നു പറയാം. ഒരു തുടക്കക്കാരന്റെ യാതൊരു പതർച്ചയുമില്ലാതെയാണ് ആമിർ ‘ആയിഷ’ ഒരുക്കിയിരിക്കുന്നത്. ആദ്യത്തെ ഇൻഡോ – അറബ് സിനിമ എന്ന പ്രത്യേകതക്കൊപ്പം അഭിനേതാക്കളിൽ ഭൂരിഭാഗവും മറ്റ് രാജ്യക്കാർ ആയതു കൊണ്ടും ‘ആയിഷ’ ഒരു തുർക്കിഷ് സിനിമ ഫീലാണ് നൽകിയത്. മികച്ച ബാക്ക്ഗ്രൗണ്ട് സ്കോർ ആണ് ആയിഷയുടെ മറ്റൊരു ജീവൻ. കൊളുത്തി വലിക്കുന്ന വികാരനിർഭര രംഗങ്ങൾക്കൊപ്പം എം ജയചന്ദ്രന്റെ സംഗീതവും കൂടി കയറി വരുമ്പോൾ വല്ലാത്തൊരു അനുഭവമാണ്. കണ്ണ് നനയിച്ചു കഥ പറഞ്ഞു പോകാൻ ‘ആയിഷക്ക്’ കഴിഞ്ഞു. സൗഹൃദവും ഇമോഷനും ബാക്‌സ്റ്റോറിയിൽ പറഞ്ഞു പോകുന്ന പ്രണയവും ഒക്കെ കാണികളുടെ മനസിനെ തൊടുന്നതാണ്. കൃഷ്ണ ശങ്കർ, രാധിക മേനോൻ തുടങ്ങിയവരുടെ കഥാപാത്രങ്ങളും സിനിമ കണ്ടിറങ്ങുമ്പോൾ കൂടെ നിൽക്കും. മികച്ച മേക്കിങ് ക്വാളിറ്റിയാണ് ചിത്രത്തിന്റെ വലിയൊരു പ്രത്യേകത. ഒറ്റവാക്കിൽ ആദ്യാവസാനം വരെ ‘ആയിഷ’ ഹൃദയഹാരിയാണ്.

cp-webdesk