Cinemapranthan
null

അവള്‍ക്കു ചുറ്റും നിഗൂഢതയുടെ കടലാണ്, പെണ്‍വസന്തത്തെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തൽ: ‘വാസന്തി’

തലതൊട്ടപ്പന്മാരില്ലാത്തതിന്റെ പേരില്‍ മലയാള സിനിമ പ്രതിഭാധനരെ അകറ്റി നിര്‍ത്തുമെന്നു തോന്നുന്നില്ല

null

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ അവ അർഹമായ കൈകളിൽ തന്നെയാണ് എത്തിയതെന്ന സന്തോഷം പ്രേക്ഷകരും മറച്ചു വെക്കുന്നില്ല. 119 ഓളം ചലച്ചിത്രങ്ങൾ പങ്കെടുത്ത മത്സരത്തിൽ കടുത്ത പോരാട്ടം തന്നെയാണ് നടന്നത്. ഒരുപിടി മികവാർന്ന ചിത്രങ്ങൾക്കിടയിൽ നിന്നും ഏറ്റവും മികച്ച സിനിമയായി തെരെഞ്ഞെടുക്കപ്പെട്ട ചിത്രമാണ് “വാസന്തി”. റഹ്മാന്‍ ബ്രദേഴ്‌സ് സംവിധാനം ചെയ്ത ‘വാസന്തി’ മൂന്ന് പുരസ്‌കാരങ്ങളാണ് നേടിയത്. ഏറ്റവും മികച്ച തിരക്കഥ, സ്വഭാവ നടി എന്നിവയ്ക്കുള്ള പുരസ്‌കാരങ്ങളാണ് മറ്റ് രണ്ടെണ്ണം. തിയറ്റർ റിലീസ് ചെയ്യുന്നതിന് മുൻപ് തന്നെ അംഗീകാരങ്ങൾ നേടിയ ‘വാസന്തി’യെക്കുറിച്ച് രമ്യ വിജയൻ എഴുതിയ നിരൂപണം സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നു.

രമ്യ വിജയൻ ഫേസ്ബുക്കിൽ പങ്ക് വെച്ച കുറിപ്പ്

ഒരു വാക്കു പോലും മാറ്റി പറയുവാനില്ല. വാസന്തിക്ക്… റഹ്മാന്‍ ബ്രദേഴ്സിന് …
സംസ്ഥാന അവാര്‍ഡ്.
അഭിമാനം .
വാസന്തി ടീം…. അഭിനന്ദനങ്ങള്‍

വാസന്തി ഒരു പെണ്‍വസന്തത്തെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലാണ്. വസന്തങ്ങളില്‍ നാം പ്രതീക്ഷിക്കുന്ന പൂക്കളുടെ ആഘോഷമല്ല അത്‌. ചവിട്ടിയരയ്ക്കപ്പെട്ടിട്ടും പിഴുതെറിയപ്പെട്ടിട്ടും മുളയിലെ നുള്ളപ്പെട്ടിട്ടും അതിജീവിക്കുന്ന ചില പൂക്കളില്ലേ… ശോഷിച്ചൊരു തണ്ടില്‍ ഒറ്റയ്ക്ക് വിടര്‍ന്നുനില്‍ക്കുന്നവള്‍… അവളാണ് വാസന്തി! പോയ കാലത്തിന്റെ കറുപ്പിനെ പരിഹസിച്ച് വസന്തത്തിന്റെ ഉണര്‍ച്ചകളെ ഭ്രാന്തമായി ആഘോഷിച്ചവള്‍.

വാസന്തിയുടെ കഥ കേള്‍ക്കുക അത്ര എളുപ്പമല്ല .സഹൃദയത്വം നന്നായി ആവശ്യമുണ്ട്. അവള്‍ക്കുചുറ്റും നിഗൂഢതയുടെ കടലാണ്. അവിടേക്കാണ് വാസന്തി പ്രേക്ഷകരെ ക്ഷണിക്കുന്നത്. ഒരര്‍ത്ഥത്തില്‍ സാമൂഹിക പ്രതിബദ്ധതയുടെയും മാന്യതയുടെയും അറിവിന്റെയും പുറംപൂച്ചുകളില്‍ ”ഞാന്‍” കിരീടങ്ങളണിഞ്ഞ കാണികളുടെ ഒളിനോട്ട വാസനയിലേക്ക് വാസന്തിയെറിഞ്ഞ എല്ലിന്‍ കഷ്ണമാണത്. ആ ഗന്ധത്തിനുപിന്നാലെ കൊതിയോടെ പാഞ്ഞുതുടങ്ങുമ്പോള്‍ മുഖം മൂടികളെ അവള്‍ പറിച്ചെറിയുന്നു. ചിലര്‍ ശവങ്ങളാകുന്നു. ചിരിയില്‍ മരണമുള്ളവളാണ് വാസന്തി.
നാടകത്തില്‍ നിന്നും ജീവിതത്തിലേക്കും ജീവിതത്തില്‍ നിന്നും നാടകത്തിലേക്കും പരകായ പ്രവേശം നടത്തുന്നവള്‍ …
..നിറങ്ങളുടെ വിശാലതയെ വാസന്തിയോളം ആരും പ്രണയിച്ചിരിക്കില്ല. അസ്വാതന്ത്ര്യങ്ങളെ അവളോളം ആരും വെറുത്തിട്ടുമുണ്ടാവില്ല.

ചുവരില്‍ , കരിക്കട്ടവരയിലെ മീനിന് സുഖകരമായൊരു ലൈംഗിക സ്വപ്നത്തിന്റെ ഛായയുണ്ട്.
തലകീഴായമീനുകള്‍ അദമ്യമായ തൃഷ്ണകളുടെ പ്രതീകമെന്ന് എവിടെയോ വായിച്ചതോര്‍ക്കുന്നു.ചന്തു ക്ഷണിച്ച നിറങ്ങളുടെ ലോകംമിഥ്യയെന്നറിഞ്ഞിട്ടും അതിജീവനത്തിന്റെ നക്ഷത്രം തൂക്കാന്‍ അവളെ പ്രേരിപ്പിക്കുന്നതും മീന്‍വരകള്‍ അമ്മയും കുഞ്ഞുമാകുന്ന ചിത്രത്തുടര്‍ച്ചകളെ പ്രതീക്ഷിച്ചാവാം .

സര്‍വ്വസ്വതന്ത്രയായ വാസന്തിക്കരികിലേക്ക് വന്നുചേരുന്നവരാണെല്ലാവരും.വന്നവരൊക്കെയും വരാനിരിക്കുന്നവരുടെ വഴികാട്ടികളുമാകുന്നുണ്ട്.അവള്‍ ആഘോഷിക്കുന്നത് ബന്ധങ്ങളുടെ ഭാരമില്ലായ്മയെയാണ്. അതുകൊണ്ടുതന്നെ തന്നെ അടക്കിവയ്ക്കുന്നവരില്‍ നിന്നെല്ലാം വളരെ എളുപ്പത്തില്‍ ഇറങ്ങിപ്പോരാന്‍ വാസന്തിക്ക് കഴിയുന്നുണ്ട്. ”എന്നെ വില്ക്കാന്‍ നിന്റെ ആവശ്യമില്ലെ”ന്ന പുച്ഛത്തിലിറങ്ങിയ വാസന്തി വില്ക്കപ്പെടലിനെ ആസ്വദിക്കുന്നതിന്റെ ന്യായങ്ങള്‍ പ്രേക്ഷകര്‍ക്കു കണ്ടെത്താം…ജീവിതത്തില്‍ നിന്നും അനായാസമായി നാടകത്തിലേക്കും തിരിച്ചും വാസന്തി നടത്തുന്ന യാത്രകള്‍ …ഇത് നാടകമാണെന്ന് ഇടയ്ക്കിടെ ഓര്‍മ്മിപ്പിക്കുന്ന ബ്രഹ്റ്റിയന്‍ തന്ത്രം വാസന്തിയുടെ രംഗഭാഷ മികവുറ്റതാക്കുന്നു. അവളുടെ ആദ്യ കസ്റ്റമര്‍ മധുരമായി സംസാരിക്കുന്നൊരു കാര്‍ഡിയോളജിസ്റ്റായത് എത്ര യാദൃശ്ചികമാണ്.വേരുകളെ ആഴത്തിലേക്കയച്ച് ഊര്‍വ്വരതയുടെ പ്രതീകമാകുന്നുണ്ട് വാസന്തി. അവളെ ആസ്വദിക്കുവാന്‍ ശ്രമിക്കുന്നവര്‍ക്കും ഉന്മാദികളാകാതെ തരമില്ല. മുഖമൂടികള്‍ വലിച്ചെറിഞ്ഞ് ജീവിതത്തെ രസിക്കുന്ന മനുഷ്യനാകാനാണ് വാസന്തി ക്ഷണിക്കുന്നത്.എന്നാല്‍ ഉന്മാദികളുടെ സ്വര്‍ഗം തേടിയുള്ള യാത്രയില്‍ വീണുമരിക്കുന്നവരാണ് അധികവും.

പെട്ടന്ന് നന്ദി പറഞ്ഞ് നാടകം അവസാനിപ്പിച്ച് വാസന്തി ഇനിയൊരു കഥപറച്ചിലിലേക്കകലുമ്പോള്‍ മിഥ്യയും യാഥാര്‍ത്ഥ്യവും കൂടിക്കലര്‍ന്ന് അന്ധമായ അവസ്ഥയില്‍ കയ്യടിക്കാന്‍ മറന്ന പ്രേക്ഷകര്‍ ബാക്കിയാകും.

വിത്തുകള്‍ വേരുകളുടെ ചരിത്രപരമായ ദൗത്യം മറന്ന് ഭൂഗര്‍ഭത്തിലേക്ക് വളര്‍ന്ന് മരമാകുന്നതുപോലെ വാസന്തി വേദി വിടുന്ന കാണികള്‍ക്കുള്ളില്‍ അര്‍ത്ഥസാധ്യതകളുടെ വടവൃക്ഷമായി പടര്‍ന്നു പന്തലിക്കുന്നു. ഒരു പ്രത്യേകതകളുമില്ലാത്തൊരു കാഴ്ച്ചക്കാരി എന്നനിലയില്‍ എന്നെ ആകര്‍ഷിച്ചത് സിനിമയുടെ സംവിധാനമികവ് തന്നെയാണ്. വാസന്തിയെ മികച്ച അനുഭവമാക്കിയ …വാസന്തിയുടെ ഉടമകള്‍ ‘ റഹ്മാന്‍ ബ്രദേഴ്സ് ‘…കളിപ്പാട്ടക്കാരനി നിന്നും വാസന്തിയിലേക്കുള്ള വളര്‍ച്ച … അഭിനന്ദിക്കാതെ തരമില്ല. സിനിമാലോകം ആവര്‍ത്തിച്ചുപഴകി നാലാംകിടയാക്കിയ വാസന്തിയെന്ന പേരിനെയാണ് നിങ്ങള്‍ ഉന്മാദങ്ങളുടെ വസന്തമാക്കിയത്.മുനകൂര്‍പ്പിച്ചു പാകപ്പെടുത്തിയ വാസന്തിക്ക് പോരായ്മകളില്ലെന്നല്ല…ചില ചോദ്യങ്ങള്‍ ബാക്കിയുണ്ട്. പക്ഷേ വാസന്തിയിപ്പോഴും ഒരു പെണ്‍ചിലന്തിയായി മനസ്സിലിങ്ങനെ കഥമെനയുകയാണ്. തലതൊട്ടപ്പന്മാരില്ലാത്തതിന്റെ പേരില്‍ മലയാള സിനിമ പ്രതിഭാധനരെ അകറ്റിനിര്‍ത്തുമെന്നു തോന്നുന്നില്ല. ഷിനുവേട്ടാ… ഇത് നിങ്ങളുടെ സിനിമയാണ്. ചലച്ചിത്രമേളകള്‍ റഹ്മാന്‍ ബ്രദേഴ്സിന്റെ പേരില്‍ അറിയപ്പെടുന്ന കാലത്തിനായി കാത്തിരിക്കുന്നു.

നന്മകളോടെ … രമ്യ വിജയന്‍-

ഒരു വാക്കുപോലും മാറ്റി പറയുവാനില്ല. വാസന്തിക്ക്… റഹ്മാന്‍ ബ്രദേഴ്സിന് …സംസ്ഥാന അവാര്‍ഡ്. അഭിമാനം . വാസന്തി …

Posted by Remya Vijayan on Tuesday, October 13, 2020

cp-webdesk

null
null