Cinemapranthan
null

‘പാപ്പച്ചൻ ഒളിവിലാണ്’ നാളെ എത്തും; ഓഗസ്റ്റ് ആദ്യ വാരം റിലീസുകൾ

മലയാളത്തിൽ നിന്ന് മാത്രം നാലോളം സിനിമകളാണ് പ്രദർശനത്തിന് എത്തുന്നത്

null

ഓഗസ്റ്റ് മാസം ആരംഭിക്കുമ്പോൾ റിലീസിന് കാത്തിരിക്കുന്നത് ഒരുപിടി സിനിമകളും സീരീസുകളുമാണ്. മലയാളത്തിൽ നിന്ന് മാത്രം നാലോളം സിനിമകളാണ് പ്രദർശനത്തിന് എത്തുന്നത്. ഓഗസ്റ്റ് ആദ്യ വാരം തിയറ്ററുകളിൽ എത്തുന്ന മറ്റ് ചിത്രങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

‘ടീനേജ് മ്യൂട്ടന്റ് നിഞ്ച ടർട്ടിൽ: മ്യൂട്ടന്റ് മെയ്‌ഹെം’ (Teenage Mutant Ninja Turtles: Mutant Mayhem)

ജെഫ് റോവ് സംവിധാനം ചെയ്ത് ഓഗസ്റ്റ് 2 ന് തിയറ്ററുകളിൽ എത്തിയ അമേരിക്കൻ കമ്പ്യൂട്ടർ – ആനിമേറ്റഡ് സൂപ്പർഹീറോ ചിത്രമാണ് ‘Teenage Mutant Ninja Turtles: Mutant Mayhem’. ‘ടീനേജ് മ്യൂട്ടന്റ് നിൻജ ടർട്ടിൽസ്’ പരമ്പരയിലെ ഏഴാമത്തെ തിയറ്ററിക്കൽ റിലീസാണ് പുറത്തിറങ്ങിയത്. ജോൺ സിന, ജാക്കി ചാൻ, മൈക്ക ആബി, ഷമോൺ ബ്രൗൺ ജൂനിയർ, ഹാനിബാൾ ബ്യൂറസ്, റോസ് ബൈർൺ, നിക്കോളാസ് കാന്റു എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾക്ക് ശബ്ദം നൽകിയവർ.

ദി ലിങ്കൺ ലോയർ സീസൺ 2 (The Lincoln Lawyer)

നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത ‘ദി ലിങ്കൺ ലോയർ’ സീരീസിന്റെ രണ്ടാം ഭാഗം ആണ് ‘ദി ലിങ്കൺ ലോയർ സീസൺ 2’. ആദ്യ ഭാഗത്തിന്റെ അവസാനത്തിൽ നടന്ന ഒരു ക്രൂരമായ കൊലപാതകത്തിന്റെ തുടർച്ചയാണ് രണ്ടാം ഭാഗത്തിൽ. രണ്ടാം പകുതിയിൽ കോടതി മുറിയിൽ ആളിക്കത്തുന്ന പിരിമുറുക്കം ആണ് കാണാനാവുക. ഓഗസ്റ്റ് 3 ന് നെറ്റ്ഫ്ലിക്സിൽ റിലീസിനെത്തുന്ന ഡ്രാമ – മിസ്റ്ററി – ക്രൈം സീരീസിൽ മാനുവൽ ഗാർസിയ-റൂൾഫോ, നെവ് കാംപ്ബെൽ, ബെക്കി ന്യൂട്ടൺ, ആംഗസ് സാംപ്സൺ എന്നിവരാണ് പ്രധാന താരങ്ങളായി എത്തുന്നത്.

ചൂന (Choona)

ഹിന്ദി ഹീസ്റ്റ് – കോമഡി ഡ്രാമ സീരീസാണ് ‘ചൂന’. പുഷ്‌പേന്ദ്ര നാഥ് മിശ്ര രചന – സംവിധാനം നിർവ്വഹിക്കുന്ന സീരീസ് ഓഗസ്റ്റ് 3 ന് നെറ്റ്ഫ്ലിക്സിലൂടെയാണ് റിലീസ് ചെയ്യുന്നത്. ജിമ്മി ഷെർഗിൽ, ആഷിം ഗുലാത്തി, അർഷാദ് വാർസി, വിക്രം കൊച്ചാർ, നമിത് ദാസ്, ചന്ദൻ റോയ് എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ക്രൂരനും അന്ധവിശ്വാസിയും രാഷ്ട്രീയക്കാരനുമായ പൊതു ശത്രുവിനെതിരെ പ്രതികാരം ചെയ്യുന്നതിനായി ഒരു കൂട്ടം ആൾക്കാർ ഒരു കവർച്ച നടത്തുന്നതാണ് സീരീസ് പറയുന്നത്.

‘ദി ഹണ്ട് ഫോർ വീരപ്പൻ’ (The Hunt for Veerappan)

കഥകളിലൂടെയും കേട്ടുകേൾവിയിലൂടെയും ജീവിച്ചിരുന്ന കുപ്രസിദ്ധ വനംകൊള്ളക്കാരൻ വീരപ്പന്റെ വേട്ടയും ജീവിതവും പറയുന്ന ഡോക്യുമെൻററി സീരീസാണ് ‘ദി ഹണ്ട് ഫോർ വീരപ്പൻ’. തമിഴ്നാടിനും കർണാടകയ്ക്കും ഒരു പോലെ തലവേദന ആയി മാറിയിരുന്ന വീരപ്പന്റെ ജീവിതത്തിലെ അറിയാക്കഥകൾ പുറം ലോകത്ത് എത്തിക്കുന്നത് പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ് ആണ്. വീരപ്പൻറെ ഭാര്യ മുത്തുലക്ഷ്മി, വീരപ്പൻ വേട്ടയ്ക്കായി കർണാടക പൊലീസ് രൂപീകരിച്ച പ്രത്യേക ദൌത്യസംഘാംഗമായിരുന്ന ബി ബി അശോക് കുമാർ (ടൈഗർ അശോക് കുമാർ) എന്നിവർ അടക്കമുള്ളവരുടെ അനുഭവങ്ങൾ ഉൾപ്പെടുത്തി എത്തുന്ന ഡോക്യൂ സീരീസ് സംവിധാനം ചെയ്യുന്നത് സെൽവമണി സെൽവരാജ് ആണ്. കിംബെർലി ഹസ്സെറ്റുമായി ചേർന്ന് അവഡേഷ്യസ് ഒറിജിനൽസിൻറെ ബാനറിൽ അപൂർവ്വ ബക്ഷിയും മോനിഷ ത്യാഗരാജനും ചേർന്നാണ് ഡോക്യുമെൻററി നിർമ്മിക്കുന്നത്. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലായി എത്തുന്ന ‘ദി ഹണ്ട് ഫോർ വീരപ്പൻ’, ഓഗസ്റ്റ് 4 ന് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യും.

പാപ്പച്ചൻ ഒളിവിലാണ്

സൈജു കുറുപ്പ് കേന്ദ്രകഥാപാത്രമായി എത്തുന്ന മലയാളം ചിത്രമാണ് ‘പാപ്പച്ചൻ ഒളിവിലാണ്’. വിജയരാഘവൻ, ജഗദീഷ്, ശ്രിന്ദ, ദർശന, അജു വർഗീസ്, ജോണി ആന്റണി, ശിവജി ഗുരുവായൂർ, കോട്ടയം നസീർ, ജോളി ചിറയത്ത്, വീണ നായർ, ജിബു ജേക്കബ് തുടങ്ങി വൻ താരനിര അണിനിരക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സിന്റോ സണ്ണിയാണ്. ഡ്രൈവർ ആയ പുത്തൻ വീട്ടിൽ പാപ്പച്ചൻ എന്ന കഥാപാത്രത്തെയാണ് സൈജു കുറിപ്പ് അവതരിപ്പിക്കുന്നത്. ഒരു കാട്ടുപോത്ത് വെടിവെപ്പ് കേസിൽ പെടുന്ന പാപ്പച്ചൻ ജീവിതത്തിൽ സംഭവിക്കുന്ന രസകരമായ മുഹൂർത്തങ്ങൾ കോർത്തിണക്കി എത്തുന്ന ചിത്രം ഒരു മലയോര ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ ആണ് ഒരുക്കിയിരിക്കുന്നത്. ‘പൂക്കാലം’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറിൽ തോമസ് തിരുവല്ലയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഔസേപ്പച്ചൻ ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ഓഗസ്റ്റ് 4 നു ചിത്രം തിയറ്ററുകളിൽ എത്തും.

കൊറോണ ധവാൻ

ശ്രീനാഥ് ഭാസി, ലുക്ക് മാൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന കോമഡി ചിത്രം ‘കൊറോണ ധവാൻ’ ആഗസ്ത് 4 ന് ആണ് റിലീസിനെത്തുന്നത്. കൊറോണക്കാലത്ത് മദ്യത്തിനായുള്ള ഒരു കൂട്ടം ആളുകളുടെ പരക്കംപാച്ചിലാണ് ചിത്രം പറയുന്നത്. നവാഗതനായ സി.സി സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് ജെയിംസ് & ജെറോം പ്രൊഡക്ഷൻസിൻറെ ബാനറിൽ ജെയിംസും ജെറോമും ചേർന്നാണ്. ജോണി ആൻറണി, ശരത് സഭ, ഇർഷാദ് അലി, ബിറ്റോ, ശ്രുതി ജയൻ, ഉണ്ണി നായർ, സിനോജ് അങ്കമാലി, ധർമജൻ ബോൾഗാട്ടി, വിജിലേഷ്, അനീഷ് ഗോപാൽ, സുനിൽ സുഗത, ശിവജി ഗുരുവായൂർ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. സംഗീതമൊരുക്കിയിരിക്കുന്നത് റിജോ ജോസഫും പശ്ചാത്തല സംഗീതം ബിബിൻ അശോകുമാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസാണ് ചിത്രം തീയറ്ററുകളിലേക്ക് എത്തിക്കുന്നത്.

ഓളം

നവാഗതനായ വി.എസ് അഭിലാഷ് സംവിധാനം ചെയ്ത്, അർജുൻ അശോകൻ നായകനായി എത്തുന്ന ചിത്രം ‘ഓളം’ ഓഗസ്റ്റ് 4 ന് തിയറ്ററുകളിൽ എത്തും. വി എസ് അഭിലാഷിനൊപ്പം ചലച്ചിത്ര താരം ലെനയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ലെന, ബിനു പപ്പു, ഹരിശ്രീ അശോകൻ, നോബി മാർക്കോസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പുനത്തിൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ നൗഫൽ പുനത്തിൽ ആണ് ‘ഓളം’ നിർമ്മിക്കുന്നത്. അരുൺ തോമസ് ആണ് സംഗീതം നിർവ്വഹിച്ചിരിക്കുന്നത്. ജീവിതവും ഫാന്റസിയും ഇടകലർത്തി കൊണ്ട് സസ്പെൻസ്, ത്രില്ലർ ജോണറിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

നിള

നവാഗതയായ ഇന്ദുലക്ഷ്മി രചന – സംവിധാനം നിർവ്വഹിച്ച് കേരള ചലച്ചിത്ര വികസന കോർപ്പറേഷൻ നിർമ്മിക്കുന്ന ചിത്രം ആണ് ‘നിള’. കെ.എസ്.എഫ്.ഡി.സിയുടെ വനിതാ സംവിധായകരുടെ സിനിമാ പദ്ധതിയിലുൾപ്പെടുത്തി നിർമ്മിക്കുന്ന ചിത്രത്തിൽ ശാന്തികൃഷ്ണ, മാമുക്കോയ, വിനീത് എന്നിവരാണ് പ്രധന വേഷങ്ങളിലെത്തുന്നത്. ബിജിപാലാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയത്. അപകടത്തെ തുടർന്ന് ഒരു മുറിക്കുള്ളിലേക്ക് മാത്രം ഒതുങ്ങിപ്പോകുന്ന ഡോ.മാലതിയുടെ ജീവിതമാണ് ‘നിള’ പറയുന്നത്. തിരക്കേറിയ ജീവിതത്തിൽ നിന്ന് പെട്ടെന്ന് ഒറ്റപ്പെടലിലേക്കും ആശ്രിതത്വത്തിലേക്കും വീണു പോയ മാലതി ഒരു പുതിയ സൗഹൃദം കണ്ടെത്തുന്നതാണ് കഥ. ആഗസ്ത് 4 ന് ആണ് ‘നിള’ റിലീസിനെത്തുന്നത്.

cp-webdesk

null
null