Cinemapranthan
null

പുതിയ സിനിമ പൂർത്തിയാക്കാതെ മടക്കം; വിടവാങ്ങിയത് വാണിജ്യസിനിമയുടെ സ്വഭാവത്തെ മാറ്റിമറിച്ച തിരക്കഥാകൃത്ത്

null

മലയാള സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റുകൾ പിറവിയെടുത്തത് ഡെന്നീസ് ജോസഫ് എന്ന എഴുത്തുകാരന്റെ തൂലികയിൽ നിന്നായിരുന്നു.മമ്മൂട്ടിക്ക് ന്യൂഡൽഹിയും മോഹൻലാലിന് രാജാവിൻറെ മകനും സമ്മാനിച്ചയാൾ ഇന്ന് നമ്മളെ വിട്ടു പിരിയുമ്പോൾ ഒരു കാലഘട്ടത്തിന്റെ തന്നെ അന്ത്യം കുറിക്കുകയാണ്. ഏഴ് വർഷങ്ങൾക്ക് ശേഷം വീണ്ടും ഒരു സിനിമക്കായി പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ച സമയത്താണ് അദ്ദേഹം നമ്മളെ വിട്ടുപോയിരിക്കുന്നത്.

നീണ്ട ഇടവേളയ്ക്ക് ശേഷം ഒരു സിനിമയ്ക്കായി തിരക്കഥയൊരുക്കുകയായിരുന്നു ഡെന്നീസ് ജോസഫ്. ഒരു സൂപ്പർ താരത്തെ കേന്ദ്രകഥാപാത്രമാക്കി ഒമർ ലുലു സംവിധാനം ചെയ്യുന്ന സിനിമയുടെ പണിപ്പുരയിൽ ആയിരുന്നു അദ്ദേഹം. അതേസമയം ഈ ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഒന്നുംതന്നെ പുറത്ത് വിട്ടിരുന്നില്ല.

2013 ല്‍ പ്രിയദര്‍ശന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം ‘ഗീതാഞ്ജലി’യാണ് അദ്ദേഹം ഒടുവിൽ തിരക്കഥ രചിച്ച ചിത്രം. അതേസമയം ഈ നീണ്ട ഇടവേളക്ക് ശേഷം മോഹൻലാലിനൊപ്പം ഒരു ചിത്രം ഒരുക്കാനും അദ്ദേഹം ആലോചിച്ചിരുന്നതായും റിപോർട്ടുകൾ ഉണ്ട്.

കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു അന്ത്യം. വീട്ടില്‍ കുഴഞ്ഞുവീണ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മലയാളത്തിലെ വാണിജ്യസിനിമയുടെ സ്വഭാവത്തെത്തന്നെ മാറ്റിമറിച്ചു തിരക്കഥാകൃത്തായിരുന്നു അദ്ദേഹം. സൂപ്പർ താരങ്ങളുടെ ഉദയംതന്നെ അദ്ദേഹം തിരക്കഥയൊരുക്കിയ ചിത്രങ്ങളിലൂടെയായിരുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി തുടങ്ങിയവർ സൂപ്പർ താരപദവിയിലേക്ക് ഉയർന്നത് ഡെന്നീസ് ജോസഫിന്റെ ഹിറ്റ് ചിത്രങ്ങളിലൂടെയായിരുന്നു. സംവിധായകന്‍ ജോഷിക്കുവേണ്ടിയായിരുന്നു ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയത്. ഇതെല്ലാംതന്നെ ഹിറ്റുകളുമായിരുന്നു.

1985ല്‍ ജേസി സംവിധാനം ചെയ്ത ഈറന്‍ സന്ധ്യയ്ക്ക് എന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയാണ് സിനിമയില്‍ തുടക്കംകുറിക്കുന്നത്. പിന്നീട് ഈറന്‍ സന്ധ്യ, നിറക്കൂട്ട്, ശ്യാമ എന്നിങ്ങനെ തുടര്‍ച്ചയായി നിരവധി സിനിമകള്‍ക്ക് തിരക്കഥയൊരുക്കുകയും മലയാളത്തിലെ സൂപ്പര്‍ഹിറ്റ് തിരക്കഥാകൃത്തായി ഉയരുകയും ചെയ്തു. 1986ല്‍ പുറത്തിറങ്ങിയ രാജാവിന്റെ മകന്‍ മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തില്‍ നിര്‍ണായകമായിരുന്നു. മമ്മൂട്ടി എന്ന നടനെ സൂപ്പര്‍ ഹീറോയിലേക്ക് ഉയര്‍ത്തിയ ചിത്രമായിരുന്നു 1987ല്‍ പുറത്തുവന്ന ന്യൂ ഡല്‍ഹി.

കോട്ടയം ജില്ലയിലെ ഏറ്റുമാനൂരില്‍ 1957 ഒക്ടോബര്‍ 20ന് എം എന്‍ ജോസഫിന്റെയും ഏലിയാമ്മ ജോസഫിന്റെയും മകനായി ജനിച്ചു. ഏറ്റുമാനൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍നിന്ന് സ്‌കൂള്‍ വിദ്യാഭ്യാസവും കുറവിലങ്ങാട് ദേവമാതാ കോളെജില്‍ നിന്നും ബിരുദവും നേടി. ഡെന്നീസ് ജോസഫ് ആദ്യമായി സംവിധാനം ചെയ്ത മനു അങ്കിള്‍ മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു.

cp-webdesk

null
null