Cinemapranthan
null

സൂപ്പർ സ്റ്റാറുകൾക്ക് പേരിട്ട മലയാളത്തിലെ ആദ്യ സൂപ്പർ സ്റ്റാർ; തിക്കുറിശ്ശിയുടെ സിനിമ ജീവിതം വായിക്കാം

null

മലയാള സിനിമ ലോകത്തിലെ സകല കല വല്ലഭൻ എന്ന വിളിപ്പേരിന്റെ ആൾരൂപമായിരുന്നു തിക്കുറിശ്ശി സുകുമാരൻ നായർ.. സിനിമാഗാനരചയിതാവ്, തിരക്കഥാകൃത്ത്, നടൻ, നിർമ്മാതാവ്, സം‌വിധായകൻ എന്ന് തുടങ്ങി അദ്ദേഹം കൈവക്കാത്ത മേഖലതന്നെ ചുരുക്കമായിരുന്നു സിനിമയിൽ. എന്നിരുന്നാലും ചലച്ചിത്രനടൻ എന്ന നിലയിലാണ് തിക്കുറിശ്ശി മലയാളികൾക്കിടയിൽ കൂടുതൽ അറിയപ്പെടുന്നത്. അതിനപ്പുറം സൂപ്പർ സ്റ്റാറുകൾക്ക് അടക്കം പേരിട്ട മലയാളത്തിലെ ആദ്യ സൂപ്പർ സ്റ്റാർ ആണ് അദ്ദേഹം എന്ന് നിങ്ങൾക്ക് എത്ര പേർക്ക് അറിയാം

മങ്ങാട്ട് സി. ഗോവിന്ദപിള്ളയുടെയും ലക്ഷ്മിയമ്മയുടെയും മകനായി 1916 ഒക്ടോബർ 24-ന് (കൊല്ലവർഷം 1092 തുലാം 9, അത്തം നക്ഷത്രം) ഇപ്പോൾ തമിഴ്നാടിന്റെ ഭാഗമായ കന്യാകുമാരി ജില്ലയിലെ തിക്കുറിശ്ശി ഗ്രാമത്തിലാണ് സുകുമാരൻ നായർ ജനിച്ചത്. പിൽക്കാലത്ത് ജന്മഗ്രാമത്തിന്റെ പേരിലാണ് അദ്ദേഹം പ്രസിദ്ധനായത്. ഇന്ത്യയിലെ ആദ്യത്തെ വനിതാ മജിസ്ട്രേറ്റായിരുന്ന എൽ. ഓമനക്കുഞ്ഞമ്മ അദ്ദേഹത്തിന്റെ മൂത്ത സഹോദരിയായിരുന്നു. ചെറുപ്പത്തിൽ തന്നെ അദ്ദേഹം കവിതകളെഴുതുന്നതിൽ അസാമാന്യകഴിവ് തെളിയിച്ചിരുന്നു. എട്ടാമത്തെ വയസ്സിലാണ് അദ്ദേഹം ആദ്യകവിത രചിച്ചത്. പതിനാലാമത്തെ വയസ്സിൽ ആ കവിത പ്രസിദ്ധീകരിച്ചു. പിന്നീട് അദ്ദേഹത്തിന്റെ കവിതകൾ ‘കെടാവിളക്ക്’ എന്ന പേരിൽ കൂട്ടിച്ചേർത്ത് പ്രസിദ്ധീകരിച്ചു.

പിൽക്കാലത്ത് തിക്കുറിശ്ശി നാടകരചന തുടങ്ങി. ‘മരീചിക’, ‘കലാകാരൻ’ എന്നീ പേരുകളിൽ അദ്ദേഹം എഴുതിയ നാടകങ്ങൾ വൻ ജനപ്രീതി പിടിച്ചുപറ്റി. പിന്നീട് സ്ത്രീ, മായ, ശരിയോ തെറ്റോ എന്നിങ്ങനെ മൂന്ന് നാടകങ്ങൾ കൂടി അദ്ദേഹം രചിച്ചു. അതുവരെയുള്ള സംഗീതനാടകങ്ങൾ മാറ്റി റിയലിസ്റ്റിക് നാടകങ്ങൾക്ക് ജനകീയമുഖം നൽകുന്നതിൽ അദ്ദേഹം ശ്രദ്ധപുലർത്തി.

1950-ൽ, മലയാളസിനിമ പിച്ചവച്ചുതുടങ്ങിയ കാലത്താണ് തിക്കുറിശ്ശി ചലച്ചിത്രലോകത്തേയ്ക്ക് ചുവടുവയ്ക്കുന്നത്. അദ്ദേഹത്തിന്റെ ‘സ്ത്രീ’ എന്ന നാടകത്തിന്റെ അതേ പേരിലുള്ള ചലച്ചിത്രാവിഷ്കാരമായിരുന്നു ഇത്. അദ്ദേഹം തന്നെ നിർമ്മിച്ച ഈ ചിത്രത്തിൽ അദ്ദേഹം നായകവേഷം കൈകാര്യം ചെയ്തു. അക്കാലത്ത് ഹിന്ദി, തമിഴ് ചലച്ചിത്രങ്ങൾ ജനകീയമായി നിലനിന്നിരുന്നതിനാൽ ചിത്രം പരാജയമായി. എന്നാൽ, തൊട്ടടുത്ത വർഷം പുറത്തിറങ്ങിയ ജീവിതനൗകയിലൂടെ അദ്ദേഹം വെന്നിക്കൊടി പാറിച്ചു. മലയാളത്തിലെ ആദ്യ സൂപ്പർഹിറ്റ് ചലച്ചിത്രമായ ജീവിതനൗക കെ & കെ. പ്രൊഡക്ഷൻസ് നിർമ്മിച്ച് കെ. വേമ്പുവാണ് സംവിധാനം ചെയ്തത്. ഈ ചിത്രത്തിലൂടെ അദ്ദേഹം മലയാളത്തിലെ ആദ്യത്തെ സൂപ്പർസ്റ്റാർ എന്ന പദവി കരസ്ഥമാക്കി. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലേയ്ക്ക് ചിത്രം ഡബ്ബ് ചെയ്തു. അവിടങ്ങളിലും ചിത്രം വൻ വിജയമായിരുന്നു. തുടർന്ന് 1952-ൽ സാമൂഹികപ്രസക്തിയുള്ള ഒരു പ്രമേയം ആസ്പദമാക്കി നിർമ്മിച്ച ‘നവലോകം’ എന്ന ചിത്രത്തിൽ മിസ് കുമാരിയോടൊപ്പം അദ്ദേഹം അഭിനയിച്ചു. അതേ വർഷം പുറത്തിറങ്ങിയ വിശപ്പിന്റെ വിളി, അമ്മ എന്നീ ചിത്രങ്ങളിലൂടെ അദ്ദേഹം സൂപ്പർസ്റ്റാർ പദവി ഭദ്രമാക്കി

1953-ൽ പുറത്തിറങ്ങിയ ‘ശരിയോ തെറ്റോ’ എന്ന ചിത്രത്തിലൂടെ തിക്കുറിശ്ശി സംവിധാനരംഗത്തേയ്ക്കും ചുവടുവച്ചു. അദ്ദേഹത്തിന്റെ അതേ പേരുള്ള നാടകത്തിന്റെ ചലച്ചിത്രാവിഷ്കാരമായിരുന്ന ഈ ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം, ഗാനങ്ങൾ എന്നിവ എഴുതിയതും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചതും അദ്ദേഹമാണ്. പിന്നീട്, ഒരുപാട് ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. സത്യൻ, പ്രേം നസീർ, മധു, കെ.പി. ഉമ്മർ, ജയൻ, സോമൻ, സുകുമാരൻ, മമ്മൂട്ടി, മോഹൻലാൽ തുടങ്ങി നിരവധി പ്രമുഖ അഭിനേതാക്കൾക്കൊപ്പം അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 1968-ൽ മലയാളത്തിലെ ആദ്യമുഴുനീള ഹാസ്യചിത്രമായ വിരുതൻ ശങ്കുവിൽ അഭിനയിച്ച അദ്ദേഹം അവസാനമായി അഭിനയിച്ചത്, 1996-ൽ പുറത്തിറങ്ങിയ ഏപ്രിൽ 19-ലാണ്.

തിക്കുറുശ്ശിയെന്ന അഭിനേതാവിന്റെ കൗതുകരമായൊരു പ്രത്യേകത ആണ് അദ്ദേഹം പേരിട്ടവരെല്ലാം മലയാള സിനിമയിൽ സ്റ്റാറുകൾ ആയത് മലയാളത്തിലെ പല പ്രശസ്ത അഭിനേതാക്കളുടെയും പേരുകൾ മാറ്റിയത് തിക്കുറിശ്ശിയാണ്. അവയിൽ ഒന്നൊഴികെ എല്ലാം അതത് അഭിനേതാക്കൾക്ക് ജനപ്രീതി സമ്മാനിയ്ക്കുകയും ചെയ്തു. തിക്കുറിശ്ശി പേരുമാറ്റിയ അഭിനേതാക്കളിൽ ചിലർ ഇവരാണ്:

പ്രേം നസീർ – യഥാർത്ഥ നാമം അബ്ദുൾ ഖാദർ തിക്കുറിശ്ശിയുടെ വിശപ്പിന്റെ വിളിയിൽ പ്രേം നസീർ ഒരു വേഷം ചെയ്തിരുന്നു. അവിടെ വച്ചാണ് പേരുമാറ്റിയത്, മധു – യഥാർത്ഥ നാമം മാധവൻ നായർ, എസ്.ജെ. ദേവ് – യഥാർത്ഥ നാമം ദേവസ്യ, ജോസ് പ്രകാശ് – യഥാർത്ഥ നാമം കെ. ബേബി ജോസഫ്, ബഹദൂർ – യഥാർത്ഥ നാമം കുഞ്ഞാലി, കുതിരവട്ടം പപ്പു – യഥാർത്ഥ നാമം പത്മദളാക്ഷൻ , ജെ. ശശികുമാർ – യഥാർത്ഥ നാമം ജോൺ വർക്കി

cp-webdesk

null
null