Cinemapranthan
null

വേർപാടിന്റെ 26 ആം വർഷത്തിലും മീനയ്ക്ക് പകരം വക്കാൻ മറ്റാരുമില്ല; മലയാളത്തിന്റെ പ്രിയ നടി മീനയുടെ ഓർമ്മദിനം

null

അസാധ്യ കോമഡി ടൈമിങ് ഉണ്ടായിട്ടും മലയാള സിനിമ വേണ്ടവിധത്തില്‍ ഉപയോഗിച്ചിട്ടില്ലാത്ത ഒരു നടിയാണ് മീന എന്ന മേരി ജോസഫ്. ശരീര ഭാഷയും സംസാരത്തിലും സ്വാഭാവികത കലര്‍ന്ന ഹാസ്യം ഒളിപ്പിച്ചു നമ്മളെ രസിപ്പിക്കാന്‍ ഏറെ കഴിവുണ്ടായിരുന്ന നടി. നാടോടിക്കാറ്റിലെയും മേലേപറമ്പിലെ ആണ്‍വീടിലെയും യോദ്ധയിലെയും അമ്മ വേഷണങ്ങൾ മാത്രം മതി അവരുടെ അഭിനയത്തിലുള്ള റേഞ്ച് അറിയാൻ. ഒരു കാലത്ത് മലയാളികളുടെ പ്രിയപ്പെട്ട നടിയായിരുന്ന മീനയുടെ ഓർമ്മദിനായിരുന്നു ഇന്നലെ.

നാൽപതു വര്‍ഷത്തിലേറെ കാലം മലയാള ചലച്ചിത്ര ലോകത്ത് നിറഞ്ഞു നിന്ന താരം. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളായെത്തിയ അറുന്നൂറിലേറെ സിനിമകള്‍. ഹാസ്യ വേഷങ്ങളിലും സഹനടിയായും വില്ലത്തിയായും ഭാര്യയായും നാത്തൂനായും ജ്യേഷ്ഠത്തിയായും അമ്മയായും അമ്മായിയമ്മയായും മുത്തശ്ശിയായുമൊക്കെ അഭിനയിച്ച നിരവധി കഥാപാത്രങ്ങള്‍. മീന ‘അമ്മ ഓര്‍മ്മയായിട്ട് 26 വർഷം പിന്നീടുകയാണ്.

ആലപ്പുഴയിലെ ഹരിപ്പാടിനടുത്ത് കരുവാറ്റയിൽ കോയിക്കലേത്ത് ഇട്ടി ചെറിയാച്ചന്റെയും ഏലിയമ്മയുടെയും എട്ടുമക്കളിൽ അവസാനത്തെ കുട്ടിയായി ആണ് മേരി ജോസഫ് എന്ന മീന ജനിക്കുന്നത്. നാട്ടിലെ കലാ സമിതികളിലെ നാടകങ്ങളിൽ അഭിനയിച്ചു കൊണ്ട് തുടങ്ങിയ ഇവരുടെ അഭിനയ ജീവിതം പിന്നീട് കലാനിലയത്തിന്റെയും ഗീഥ യുടെയുമൊക്കെ നാടകങ്ങളിലേക്ക് വ്യാപിച്ചു. ഇവരുടെ ആദ്യ പ്രൊഫിഷണൽ നാടകം നിർദ്ദോഷി ആയിരുന്നു. നായികയായി നാടകങ്ങളിലൂടെ തിളങ്ങി നിന്ന സമയത്താണ് 1964 ൽ ശശികുമാർ സംവിധാനം ചെയ്ത കുടുംബിനി എന്ന ചിത്രത്തിലൂടെ സിനിമയിലെത്തുന്നത്. പക്ഷെ സിനിമ അവരെ വരവേറ്റത് കൂടുതലും ചെറിയ വേഷങ്ങളിലേക്കായിരുന്നു. അതിൽ തന്നെ ആദ്യകാലത്ത് ഭാര്യ , കാമുകി വേഷങ്ങൾ ആയിരുന്നെങ്കിലും പിന്നീട് അത് ദുഷ്ടയായ അമ്മ അമ്മായിയമ്മ/രണ്ടാനമ്മ/ഭാര്യ റോളുകൾ ആയി പരിണമിച്ചു

ഇതിൽ നിന്ന് വ്യത്യസ്തമായി 1982 ൽ റിലീസ് ചെയ്ത സത്യന്‍ അന്തിക്കാട് ചിത്രമായ കുറുക്കന്റെ കല്യാണത്തിലെ റോള്‍ ചെയ്തു. തുടർന്ന് ഒട്ടുമിക്ക സത്യൻ അന്തിക്കാട് ചിത്രങ്ങളിൽ ഇവർ സ്ഥിര സാന്നിദ്ധ്യമായി. ഈ കൂട്ടുകെട്ടില്‍ നിന്നാണ് അവരുടെ ഏറ്റവും മികച്ച പല കഥാപാത്രങ്ങളുമുണ്ടായത്. സുകുമാരി, കെ പി എ സി ലളിത, കവിയൂർ പൊന്നമ്മ, ഫിലോമിന തുടങ്ങി കാരക്ടർ റോളുകളിൽ തിളങ്ങിയ പ്രതിഭകൾക്കിടയിലും മീന തന്റെ സ്വതസിദ്ധമായ ശൈലികൊണ്ട് വേറിട്ട നിന്നിരുന്നു. ഏതാണ്ട് 600 ൽ അധികം സിനിമകളിൽ അഭിനയിച്ചിട്ടുള്ള മീനയുടെ അവസാനം ചിത്രം 1997 ൽ പുറത്തിറങ്ങിയ തിരകൾക്കപ്പുറം ആയിരുന്നു. 1997 സെപ്റ്റംബര്‍ 17 ഹൃദയാഘാതത്തെ തുടര്‍ന്ന് തന്റെ 56 ആം വയസ്സിൽ ആണ് അവർ അന്തരിക്കുന്നത്.

വേർപാടിന്റെ 26 ആം വർഷത്തിലും മീനയ്ക്ക് പകരം വക്കാൻ മറ്റാരുമില്ല എന്ന് വരുന്നിടത്താണ് അവരുടെ ഓർമ്മകൾ പ്രസക്തമാവുന്നത്

cp-webdesk

null
null