Cinemapranthan
null

നടന സൗകുമാര്യം സുകുമാരിയമ്മ വിട പറഞ്ഞിട്ട് ഇന്നേക്ക് 11 വർഷം

null

മലയാള സിനിമയുടെ നടന സൗകുമാര്യം സുകുമാരി വിട പറഞ്ഞിട്ട് ഇന്നേക്ക് 11 വർഷം പിന്നിടുന്നു. എണ്ണമറ്റ കഥാപാത്രങ്ങളിലൂടെ ആറ് പതിറ്റാണ്ടോളം കാലം ഏതാണ്ട് 2500 ഓളം ചിത്രങ്ങളിലൂടെ നമ്മളെ വിസ്മയിപ്പിച്ച സുകുമാരിയമ്മ 2013 ൽ ഇതേ ദിവസമായിരുന്നു നമ്മളോട് വിടപറഞ്ഞത്

ചലച്ചിത്രരംഗത്ത് 60 വർഷത്തിലേറെ അഭിനയിച്ച അപൂർവ്വം ചില അഭിനേത്രികളിൽ ഒരാളായിരുന്നു സുകുമാരി. 1940 ഒക്ടോബർ 6-ന് തമിഴ് നാട് സംസ്ഥാനത്തിലെ നാഗർകോവിൽ എന്ന സ്ഥലത്ത് മാധവൻ നായരുടേയും സത്യഭാമയുടേയും മകളായാണ് സുകുമാരിയുടെ ജനനം.
തിരുവിതാംകൂർ സഹോദരിമാരെന്ന് ഖ്യാതി നേടിയ ലളിത, പദ്മിനി , രാഗിണിമാരുടെ അടുത്ത ബന്ധുവായ സുകുമാരി ഭരതനാട്യവും കഥകളിയും കേരള നടനവും ഉൾപ്പെടെയുള്ള നൃത്തരൂപങ്ങളിൽ ബാല്യത്തിൽ തന്നെ പ്രാവീണ്യം നേടി.

പത്താമത്തെ വയസ്സിൽ ഒരിരവ് എന്ന തമിഴ് ചലച്ചിത്രത്തിലൂടെയാണ് സുകുമാരി അഭിനയ ലോകത്ത് അരങ്ങേറ്റം കുറിച്ചത്. ദീർഘമായ നൃത്തരംഗത്താണ് ഈ സിനിമയിൽ അവർ പ്രത്യക്ഷപ്പെട്ടത്. 1957 ൽ ആറു ഭാഷകളിൽ പുറത്തിറങ്ങിയ തസ്കര വീരനിലാണ് സുകുമാരി ആദ്യമായി ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചത്. ഇതേ വർഷം തന്നെ മലയാള സിനിമയായ കൂടപിറപ്പിലും അഭിനയിച്ചു. ആദ്യകാല ബ്ലാക് & വൈറ്റ് ചിത്രങ്ങളിലും പിന്നീട് പുതിയ ചിത്രങ്ങളായ ചേട്ടത്തി, കുസൃതി കുട്ടൻ, കുഞ്ഞാലി മരക്കാർ, തച്ചോളി ഒതേനൻ, യക്ഷി, കരിനിഴൽ എന്നിവയിലെയും അഭിനയം ശ്രദ്ധേയമായി. പിൽക്കാലത്ത് പ്രിയദർശന്റെ ചിത്രങ്ങളിൽ ഹാസ്യ വേഷങ്ങളും ചെയ്ത് വളരെ ശ്രദ്ധേയയായി. പൂച്ചക്കൊരു മൂക്കുത്തി, ഓടരുതമ്മാവാ ആളറിയാം, ബോയിംഗ് ബോയിംഗ്, വന്ദനം തുടങ്ങിയ ചിത്രങ്ങളിലെ അഭിനയും വളരെ മികവുറ്റതായിരുനു. അക്കാലത്ത് ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത ചിത്രങ്ങളിലും. അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത ചിത്രങ്ങളിലും സുകുമാരി ശ്രദ്ധേയയായി.

നാടന്‍ വേഷങ്ങളും മോഡേണ്‍ വേഷങ്ങളും ഹാസ്യ വേഷങ്ങളും ഗൗരവ വേഷങ്ങളുമെല്ലാം ഒരുപോലെ വഴങ്ങുന്ന അഭിനേത്രി ആയിരുന്നു സുകുമാരി. ഒരുവശത്ത് പാവപ്പെട്ട അമ്മ-സഹോദരി വേഷങ്ങളിൽ തിളങ്ങുമ്പോഴും അപ്പുറത്ത് കർക്കശക്കാരിയാ കലഹിക്കുന്ന കൊച്ചമ്മ കഥാപാത്രങ്ങളും സുകുമാരിയിൽ ഭദ്രമായിരുന്നു.

അങ്ങനെ ചിരിപിച്ചും, കരയിച്ചും നമ്മുടെ ഇഷ്ടനടിയായി മാറിയ സുകുമാരി എന്ന അഭിനയ പ്രതിഭ 2013 മാര്‍ച്ച് 26 നാണ് ലോകത്തോട് വിടപറഞ്ഞു. വീട്ടിലെ പൂജാമുറിയിലെ വിളക്കിൽ നിന്നും തീ പടർന്ന് പൊള്ളലേറ്റ സുകുമാരി ഒരു മാസത്തോളം ചെന്നൈയിൽ ചികിത്സയിലായിരുന്നു. കൈയിലും കാലിലും നെഞ്ചിലും പൊള്ളലേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയവേ ഹൃദയാഘാതത്തെ തുടർന്ന് അന്ത്യം സംഭവിക്കുകയായിരുന്നു.

പ്രശസ്ത മലയാളം – തമിഴ് – ഹിന്ദി ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും ചിത്ര സംയോജകനും നിർമ്മാതാവുമായിരുന്ന എ. ഭീംസിംഗ് ആയിരുന്നു സുകുമാരിയുടെ ഭർത്താവ്.

cp-webdesk

null
null