പത്ത് മാസത്തെ ഇടവേളക്ക് ശേഷം തിയറ്ററുകളിൽ എത്തിയ ‘വെള്ളം’ സിനിമ സിനിമ പ്രേമികളുടെ പ്രതീക്ഷകൾ തെറ്റിച്ചിട്ടില്ല. ജി.പ്രജേഷ് സെൻ സംവിധാനം ചെയ്ത് ജയസൂര്യ നായകനായി എത്തിയ ‘വെള്ളം’ സിനിമ മേഖലയിലുള്ളവരുടെയുടെയും പ്രേക്ഷകരുടെയും അഭിനന്ദനങ്ങൾ ഏറ്റു വാങ്ങുകയാണ്. ‘വെള്ളം’ സിനിമയെക്കുറിച്ച് മധുപാൽ പങ്ക് വെച്ച കുറിപ്പാണു ഏറ്റവുമൊടുവിലായി ‘വെള്ളത്തെ’ അഭിനന്ദിച്ചെത്തിയിരിക്കുന്നത്.
മധുപാൽ പങ്ക് വെച്ച കുറിപ്പ്
“ചില നിമിഷങ്ങൾ ജീവിതത്തിൽ ഓർക്കുവാനും മുന്നോട്ട് സഞ്ചരിക്കുവാനും പ്രേരണയാകും. ജീവിതത്തിൽ ഒരുവൻ്റെ വിജയം കണ്ണു നനയിക്കും. അത് സ്നേഹം കൊണ്ടും സന്തോഷം കൊണ്ടുമാവും. അവൻ്റെ കണ്ണിലെ വെളിച്ചമില്ലായ്യയും പിന്നെ ഉണ്ടാവുന്ന തെളിച്ചവും ആകാശത്തിലെ സൂര്യനെപ്പോലെ കാണും. അവൻ മനുഷ്യർക്ക് പ്രതീക്ഷയും പ്രത്യാശയുമാകും.
ജയസൂര്യ എന്ന അഭിനേതാവിൻ്റെ ഒരു ചിത്രം മാത്രമല്ല വെള്ളം. അത് എത്രയോ മദ്യപാനികളുടെ ജീവിതത്തിൻ്റെ നേർക്കാഴ്ചയാണ്. ജയസൂര്യ എന്ന താരത്തെ ഈ ചിത്രത്തിൽ കാണില്ല. വഴിയരികിൽ വീണ് കിടക്കുന്ന ബോധമില്ലാത്ത ഒരു മുഴുക്കുടിയൻ മാത്രമാണയാൾ. ഒരു നടൻ തന്നിലേക്ക് ഒരു കഥാപാത്രത്തെ മുഴുവനായി പ്രവേശിപ്പിക്കണമെങ്കിൽ ആ നടൻ അത്രമേൽ സത്യമുള്ളവനാകണം. കാഴ്ചയും അനുഭവവും ചേർന്ന പരകായപ്രവേശം. ജയസൂര്യയുടെ അഭിനയത്തിൻ്റെ സത്യമുള്ള മുഹൂർത്തങ്ങളാണ് വെള്ളം. ഒരു നടൻ വെള്ളം പോലെയാവണം എന്നു പറയാറുണ്ട്. ഏത് രൂപവും എടുത്തണിയുവാൻ പാകമായത് എന്ന അർത്ഥത്തിൽ. ജയസൂര്യ പഞ്ചഭൂതവും ചേർന്ന പ്രപഞ്ചമാണ്.
വെള്ളം ഈ നൂറ്റാണ്ടിൻ്റെ ചിത്രമാണ്.
അഭിനന്ദനങ്ങൾ പ്രിയപ്പെട്ട പ്രജേഷിനും ജയസൂര്യയ്ക്കും.”