Cinemapranthan

പാമ്പിനെ പിടിക്കുന്ന വീഡിയോ പുറത്ത്; ചിമ്പുവിനെതിരെ പരാതിയുമായി മൃഗസംരക്ഷണ പ്രവര്‍ത്തകർ

സംഭവത്തെ തുടർന്ന് വനം വകുപ്പ് അന്വേഷണം ആരംഭിച്ചതായാണ് റിപ്പോർട്ട്

null

തമിഴ് നടൻ ചിമ്പുവിനെതിരെ പരാതിയുമായി മൃഗസംരക്ഷണ പ്രവര്‍ത്തകർ. ചിമ്പുവിന്റെ ഏറ്റവും പുതിയ ചിത്രമായ ‘ഈശ്വരന്റെ’ ചിത്രീകരണത്തിനിടെ പാമ്പിനെ പിടിക്കുന്ന വിഡിയോ പുറത്തു വന്നിരുന്നു. ഇതിനെതിരെയാണ് ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൃഗസംരക്ഷണ പ്രവര്‍ത്തകർ പരാതി നൽകിയിരിക്കുന്നത്. സിനിമാ ചിത്രീകരണത്തിനായി യഥാർത്ഥ പാമ്പുകളെ ഉപയോഗിക്കാന്‍ പാടില്ല എന്ന നിയമം നിലവിലുണ്ട്. ചിമ്പു മരത്തില്‍ നിന്നും പാമ്പിനെ പിടിച്ച് ചാക്കിലാക്കുന്നതാണ് വീഡിയോയിൽ ഉള്ളത്. വിഡിയോയില്‍ കാണുന്നത് യഥാർത്ഥ പാമ്പാണെന്നും മരുന്ന് നല്‍കി മയക്കിയ നിലയിലാണ് പാമ്പെന്നും പരാതിക്കാർ പറയുന്നു. ചിമ്പു പിടിച്ചത് യഥാര്‍ത്ഥ പാമ്പിനെയാണെന്ന് തെളിഞ്ഞാല്‍ വന്യജീവി സംരക്ഷണ നിയമ പ്രകാരം താരത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യും. സംഭവത്തെ തുടർന്ന് വനം വകുപ്പ് അന്വേഷണം ആരംഭിച്ചതായാണ് റിപ്പോർട്ട്. നടനെതിരെ അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യയ്ക്കും മൃഗസംരക്ഷണ പ്രവര്‍ത്തകർ പരാതി നൽകിയിട്ടുണ്ട്.

ചിമ്പു പാമ്പിനെ പിടിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. വീഡിയോയിൽ ചിമ്പുവിനൊപ്പം രണ്ട് പേർ കൂടിയുണ്ട്. നേരത്തെ പുറത്തുവന്ന ചിത്രത്തിന്റെ പോസ്റ്ററിൽ പാമ്പിനെ കഴുത്തിലിട്ട് നില്‍ക്കുന്ന ചിമ്പുവിനെ കാണാം.

സുശീന്ദ്രൻ സംവിധാനം ചെയ്യുന്ന ‘ഈശ്വരൻ’ എന്ന ചിത്രത്തിൽ വ്യത്യസ്ത ​ഗെറ്റപ്പുകളിലാണ് സിമ്പു എത്തുന്നത്. ലോക്ഡൗണിൽ സിനിമാ ചിത്രീകരണം നിലച്ചതോടെ സിമ്പുവിന്റെ ശരീരഭാരം 100 കടന്നിരുന്നു. എന്നാൽ ചിത്രത്തിന് വേണ്ടി ഇപ്പോ 30 കിലോ ഭാരമാണ് സിമ്പു കുറച്ചത്. ഇതിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമത്തിൽ വെെറലായിരുന്നു. ചിമ്പു അഭിനയിച്ച ‘അന്‍പാനവന്‍ അടങ്ങാതവന്‍ അസരാതവന്‍’, ‘ചെക്കാ ചിവന്ത വാനം’, ‘വന്താ രാജാവാതാന്‍ വരുവേന്‍’ തുടങ്ങിയ സിനിമകളില്‍ അഭിനയിക്കുമ്പോള്‍ ശരീരഭാരം കൂടുതലായിരുന്നു. ‘ഈശ്വരൻ’ എന്ന ചിത്രത്തിന് വേണ്ടി ചിമ്പു നൃത്തം പഠിക്കുന്നുവെന്ന വാർത്ത കഴിഞ്ഞ ദിവസം വന്നിരുന്നു.

cp-webdesk

null