‘ഡിവോഴ്സ്’ ഇന്ത്യയിലെ പൊതുമണ്ഡലത്തിൽ ഒരുപാട് മിഥ്യാ ധാരണകൾ നൽകുന്ന വാക്കാണത്.
ഡിവോഴ്സ് ചെയ്യപ്പെട്ട സ്ത്രീ ഇന്നത്തെ പുരോഗമനകാലത്ത് പോലും പാർശ്വവത്കരിക്കപ്പെടുന്നുണ്ട്. വേർപിരിയൽ നമ്മുടെ സാമൂഹ്യ വ്യവസ്ഥയിലെ ഏറ്റവും വലിയ പാപങ്ങൾ ആകുന്ന കാഴ്ച്ചയാണ്.
ഡിവോഴ്സിന്റെ കാരണം എന്തുമാകട്ടെ എന്നാൽ അതിന്റെ പ്രതിഫലനം ഏറ്റവും കൂടുതൽ അനുഭവിക്കേണ്ടത് സ്ത്രീ ജീവിതങ്ങളാണ്. ഭർത്താവുമായി സ്വരചേർച്ചയിൽ ആകുന്ന സ്ത്രീകൾ സ്വന്തം കുടുംബത്തിൽ പോലും ഒറ്റപെട്ടു പോകുന്ന അവസ്ഥയാണ്.
ആൺബോധ്യങ്ങളിൽ നിന്നുകൊണ്ട് ജീവിതകാലം മുഴുവൻ അവൾ ചോദ്യം ചെയ്യപെട്ടുകൊണ്ടിരിക്കും.
സ്വന്തം തീരുമാനങ്ങളിൽ ഉറച്ചു നിന്ന് തീരുമാനങ്ങൾ എടുക്കുന്ന സ്ത്രീജീവിതങ്ങളുടെ പ്രസക്തി കാണിച്ചു തരുന്ന ചിത്രമാണ് ഡിവോഴ്സ്.
കുടുംബജീവിതത്തിലെ താളപിഴകൾ ഡിവോഴ്സിലേക്ക് നയിക്കുന്ന ഒരു കൂട്ടം സ്ത്രീകളുടെ കഥയാണ് സിനിമ പറയുന്നത്.
പ്രതിസന്ധികളിൽ തളർന്നു പോകാതെ പൊരുതുന്ന ഒരു കൂട്ടം ജീവിതങ്ങൾ. മടുത്തു എന്ന് തോന്നുന്നിടത്ത് ബന്ധങ്ങളിൽ നിന്നും ഇറങ്ങി വരാൻ പെൺ ജീവിതങ്ങൾ പരുവപെടണമെന്ന് സിനിമ പറഞ്ഞു വെക്കുന്നു.