കോവിഡ് വ്യാപനം അതിരൂക്ഷമായി പടരുമ്പോൾ രാജ്യം അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം ആശുപത്രികളിലെ സ്ഥല പരിമിതിയും ബെഡുകളുടെയും ഓക്സിജൻ സിലിണ്ടറുകളുടെയും അഭാവമാണ്. സിനിമാ മേഖലയിൽ നിന്നും അല്ലാതെയും നിരവധി പേരാണ് രാജ്യത്തിന്റെ കോവിഡ് പ്രതിരോധത്തിൽ സഹായഹസ്തങ്ങളുമായി അണി ചേർന്നത്. ഇപ്പോഴിതാ തെലുങ്കാനയിലെ കോവിഡ് രോഗികൾക്ക് ഷൂട്ടിങ്ങിനായി ഒരുക്കിയ കിടക്കകളും സ്ട്രെച്ചറുകളും നൽകിയിരിക്കുകയാണ് ‘രാധേ ശ്യാം’ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.
കോവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിൽ കേരളമുൾപ്പടെ നിരവധി സംസ്ഥാനങ്ങളാണ് നിലവിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതേ തുടർന്ന് സിനിമാ മേഖല വീണ്ടും അടച്ചു പൂട്ടിയിരിക്കുകയാണ്. തെലങ്കാനയിലെയും സ്ഥിതി വ്യത്യസ്തമല്ല. പ്രഭാസ് നായകനാവുന്ന രാധേ ശ്യാം എന്ന ചിത്രത്തിന്റെ അവസാന ഷെഡ്യൂള്‍ ഹൈദരാബാദില്‍ വെച്ച് നടക്കാനിരിക്കെയാണ് ചിത്രീകരണം നിര്‍ത്തി വെക്കേണ്ടി വന്നത്.
തെലുങ്കാനയിലെ ആശുപത്രികളിൽ കിടക്കകൾക്ക് വലിയ ക്ഷാമമാണ് നേരിടുന്നത്. ഈ സാഹചര്യത്തിലാണ് ‘രാധേ ശ്യാം’ അണിയറ പ്രവർത്തകർ സിനിമയുടെ ഷൂട്ടിങ്ങിനു ഉപയോഗിച്ച കിടക്കകൾ ആശുപത്രികളിലേക്ക് എത്തിച്ചത്. ചിത്രീകരണത്തിനായി നിര്‍മ്മിച്ച സെറ്റില്‍ കിടക്കകള്‍, സ്‌ട്രെച്ചറുകള്‍, പിപിഇ സ്യൂട്ടുകൾ, ഓക്സിജൻ സിലിണ്ടറുകൾ, മറ്റ് മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവ ഉണ്ടായിരുന്നു. ഇതെല്ലാം കൊവിഡ് രോഗികള്‍ക്കായി സംഭാവന ചെയ്തിരിക്കുകയാണ്. സര്‍ക്കാര്‍ ആശുപത്രികളിലേക്കാണ് ഇവയെല്ലാം നൽകിയത്.
ഇറ്റലിയിലെ 70കളിലെ ആശുപത്രിയായി പ്രത്യേകം നിര്‍മ്മിച്ച ഈ സെറ്റില്‍ 50 കസ്റ്റം ബെഡ്ഡുകള്‍, സ്‌ട്രെച്ചറുകള്‍, പിപിഇ സ്യൂട്ടുകള്‍, മെഡിക്കല്‍ ഉപകരണ സ്റ്റാന്‍ഡുകള്‍, ഓക്‌സിജന്‍ സിലിണ്ടറുകള്‍ എന്നിവ ഉണ്ടായിരുന്നു. കിടക്കകള്‍ വലുതും ബലമുള്ളതും രോഗികള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്നതുമാണെന്ന് പ്രൊഡക്ഷന്‍ ഡിസൈനര്‍ രവീന്ദര്‍ റെഡ്ഡി പറഞ്ഞു. സെറ്റിലുണ്ടായിരുന്ന സാധനങ്ങള്‍ ഏകദേശം 9 ട്രക്കുകളിലായിട്ടാണ് ആശുപത്രിയിലേക്ക് എത്തിച്ചത്.
രാധാ കൃഷ്ണ സംവിധാനം ചെയ്യുന്ന രാധേ ശ്യാം ബഹുഭാഷാ ചിത്രത്തിൽ പ്രഭാസും പൂജ ഹെഗ്ഡെജുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വി ക്രിയേഷന്‍സിന്റെ ബാനറില്‍ വംസിയും പ്രമോദും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വ്വഹിക്കുന്നത്. വേറിട്ടൊരു വേഷത്തിലാണ് ചിത്രത്തില്‍ പ്രഭാസ് എത്തുന്നത്. മലയാളത്തിന്റെ പ്രിയതാരം ജയറാമും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട്.