Cinemapranthan
null

കേണൽ മഹാദേവിന് മമ്മൂട്ടിയുടെ സ്വന്തം ശബ്ദം; ‘ഏജന്റ്’ ഡബ്ബിങ് പുനരാരംഭിച്ചു

മമ്മൂട്ടിയുടെ ശബ്ദത്തിലെ കല്ലുകടി ആരാധകരെ നിരാശരാക്കിയിരുന്നു

null

മമ്മൂട്ടി – അഖിൽ അക്കിനേനി എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ‘ഏജന്റ്’ സിനിമയിലെ ട്രെയിലർ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ആക്ഷൻ ത്രില്ലർ ചിത്രമായ ‘ഏജന്റിൽ’ കേണൽ മഹാദേവ് എന്ന മിലിട്ടറി ഓഫീസറായാണ് മമ്മൂട്ടി എത്തുന്നത്. എന്നാൽ ട്രെയിലറിൽ മമ്മൂട്ടിയുടെ സംഭാക്ഷണം രണ്ട് ശബ്ദത്തിലാണ് പുറത്ത് വന്നിരിക്കുന്നത്. ഇതിനെതിരെ മലയാളി ആരാധകർ സമൂഹമാധ്യമങ്ങളിൽ അതൃപ്തിയും അറിയിച്ചിരുന്നു. ഇപ്പോൾ ചിത്രത്തിന്റെ ഡബ്ബിംഗ് പുനരാരംഭിച്ചിരിക്കുകയാണ് മമ്മൂട്ടി.

മികച്ച അനുഭവമാണ് ട്രെയിലർ നൽകിയതെങ്കിലും മമ്മൂട്ടിയുടെ ശബ്ദത്തിലെ കല്ലുകടി ആരാധകരെ നിരാശരാക്കിയിരുന്നു. 2.19 മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലറിൽ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ ചില ഡയലോഗുകൾ അദ്ദേഹത്തിന്റെ ശബ്ദത്തിലും മറ്റു ചില ഡയലോഗുകൾ വേറെ ശബ്ദത്തിലും ആണ് എത്തുന്നത്. എന്നാൽ മമ്മൂട്ടി മുൻപ് ചെയ്ത തെലുങ്ക് ചിത്രമായ ‘യാത്ര’യിൽ അദ്ദേഹം തന്നെ ഡബ്ബ് ചെയ്തത് പോലെ ഇതും ചെയ്തു കൂടെ എന്നായിരുന്നു ആരാധകർ ചോദിക്കുന്നത്. തുടർന്നാണ് ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രമായ കേണൽ മഹാദേവിന് മമ്മൂട്ടി തന്നെ ഡബ്ബ് ചെയ്യുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചത്.

പാൻ ഇന്ത്യൻ ആക്ഷൻ ത്രില്ലർ ചിത്രമായ ‘ഏജന്റ്’ ഈ മാസം 28ന് ആണ് തിയറ്ററുകളിൽ എത്തുന്നത്. ചിത്രത്തിൽ വൻ മേക്കോവർ ആണ് അഖിൽ അക്കിനേനി നടത്തിയിരിക്കുന്നത്. ആക്ഷൻ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ രചന – സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് സുരേന്ദര്‍ റെഡ്ഡിയാണ്. സാക്ഷി വൈദ്യയാണ്‌ നായികാ വേഷം ചെയ്തിരിക്കുന്നത്. തെലുങ്ക്, മലയാളം, ഹിന്ദി, തമിഴ്, കന്നഡ എന്നീ ഭാഷകളിൽ എത്തുന്ന ചിത്രത്തിനു സംഗീതം നൽകുന്നത് ഹിപ്പോപ്പ് തമിഴൻ ആണ്. രണ്ടായിരത്തി പത്തൊമ്പതില്‍ പുറത്തിറങ്ങിയ ‘യാത്ര’യാണ് മമ്മൂട്ടി അവസാനം അഭിനയിച്ച തെലുങ്ക് ചിത്രം.

cp-webdesk

null
null