Cinemapranthan

മമ്മൂട്ടി -അഖിൽ അക്കിനേനി ചിത്രം ‘ഏജന്റ്’; ആദ്യ ഗാനം പുറത്ത്

ഈ വർഷം ഏപ്രിൽ 28 ന് ആണ്
‘ഏജന്റ്’ റിലീസിനെത്തുന്നത്

മമ്മൂട്ടിയും അഖിൽ അക്കിനേനിയും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ‘ഏജന്റ്’ എന്ന തെലുങ്ക് സിനിമക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ. ചിത്രത്തിനെക്കുറിച്ചുള്ള വാർത്തകൾക്ക് സമൂഹമാധ്യമങ്ങളിൽ വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങിയിരിക്കുകയാണ്. പുതുമുഖം സാക്ഷി വൈദ്യ നായികയായി എത്തുന്ന ചിത്രത്തിലെ ‘മല്ലി മല്ലി’ എന്ന ഗാനമാണ് അണിയറപ്രവർത്തകർ പുറത്ത് വിട്ടത്. ഏപ്രില്‍ 28ന് റിലീസിന് എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സുരേന്ദർ റെഡ്ഢിയാണ്.

തെലുങ്ക്, മലയാളം, ഹിന്ദി, തമിഴ്, കന്നഡ എന്നീ ഭാഷകളിൽ എത്തുന്ന ചിത്രത്തിൽ മഹാദേവ് എന്ന മിലിറ്ററി ഓഫീസറായാണ് മമ്മൂട്ടി എത്തുന്നത്. ചിത്രത്തിന്റെ രചന – സംവിധാനം ഒരുക്കിയിരിക്കുന്നത് സംവിധായകൻ സുരേന്ദര്‍ റെഡ്ഡി തന്നെയാണ്. ഹിപ്പോപ്പ് തമിഴൻ സംഗീതം നൽകുന്ന ചിത്രം ആക്ഷൻ രംഗങ്ങൾക്ക് പ്രാധാന്യം നൽകിയാണ് ഒരുക്കിയിരിക്കുന്നത്. വൻ മേക്കോവർ നടത്തിയാണ് ചിത്രത്തിൽ അഖിൽ അക്കിനേനി എത്തുന്നത്. രണ്ടായിരത്തി പത്തൊമ്പതില്‍ പുറത്തിറങ്ങിയ ‘യാത്ര’യാണ് മമ്മൂട്ടി അവസാനം അഭിനയിച്ച തെലുങ്ക് ചിത്രം.

ഹൈദരാബാദ്, ഡൽഹി, ഹംഗറി എന്നിവിടങ്ങളിലായാണ് ചിത്രീകരണം നടന്നത്. എകെ എന്റർടൈൻമെന്റ്‌സിന്റെയും സുരേന്ദർ 2 സിനിമയുടെയും ബാനറിൽ രാമബ്രഹ്മം സുങ്കരയാണ് ‘ഏജന്റ്’ നിർമ്മിച്ചിരിക്കുന്നത്. അഖിൽ, ആഷിക് എന്നിവരുടെ നേതൃത്വത്തിലുള്ള യൂലിൻ പ്രൊഡക്ഷൻസ് ആണ് ‘ഏജന്റ്’ കേരളത്തിലെത്തിക്കുന്നത്.

cp-webdesk