Cinemapranthan

‘ബ്ലഡി സ്വീറ്റ് ലുക്ക്’; പട്ടാളക്കാർക്കും സഹപ്രവർത്തകർക്കുമൊപ്പം സമയം ചിലവഴിച്ച് വിജയ്: വൈറലായി വീഡിയോ

ചിത്രത്തിന്റെ ക്ര്യൂവിന് നന്ദി പറ‍ഞ്ഞുള്ള വീഡിയോ ലോകേഷ് പങ്ക് വെച്ചിട്ടുണ്ട്

ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രം ‘ലിയോ’ ചിത്രീകരണ ഘട്ടത്തിലാണ്. ലോകേഷ് കനകരാജ് – വിജയ് കൂട്ടുകെട്ടിലെത്തുന്ന ചിത്രം എന്നത് തന്നെയാണ് ‘ലിയോ’യുടെ ഹൈപ്പ് കൂട്ടുന്നതും. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ കാശ്‌മീരിൽ പൂർത്തിയാക്കി കഴിഞ്ഞ ദിവസം സംഘം തിരിച്ചെത്തിയിരുന്നു. ഇപ്പോഴിതാ ‘ലിയോ’യുടെ സെറ്റിലെ വിജയ്‌യുടെ കുറച്ച് രംഗങ്ങൾ അടങ്ങിയ വീഡിയോ പങ്ക് വെച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. ഒഴിവു സമയത്ത് സഹപ്രവർത്തകർക്കും കശ്മീരിലെ പട്ടാള ഉദ്യോഗസ്ഥർക്കുമൊപ്പം സംസാരിക്കുന്ന വിജയിയെ വിഡിയോയിൽ കാണാം.

ഷൂട്ടിംഗ് കഴിഞ്ഞ് തിരികെ എത്തിയ ലോകേഷ് കനകരാജ് ‘ലിയോ’യിൽ പ്രവർത്തിച്ച എല്ലാവർക്കും നന്ദി പറഞ്ഞു കൊണ്ടും ഒരു വീഡിയോ പങ്ക് വെച്ചിട്ടുണ്ട്. കശ്മീരിലെ ചിത്രീകരണ വേളയിലെ നിമിഷങ്ങൾ കോർത്ത് ഒരുക്കിയ വിഡിയോയിൽ ‘ലിയോ’ക്ക് വേണ്ടി അണിയറപ്രവർത്തകർ എടുത്ത എഫേർട്ട് കാണിക്കുന്നുണ്ട്. സിനിമക്ക് വേണ്ടി പ്രവര്‍ത്തിച്ചവരെ വലിയ ആദരവോടെ കാണുന്നുവെന്നാണ് വീഡിയോ പങ്കുവെച്ച് ലോകേഷ് കനകരാജ് പറയുന്നത്.

അതെ സമയം ‘ലിയോ’യുടെ ഇനിയുള്ള ചിത്രീകരണം ഹൈദരാബാദിലും ചെന്നൈയിലുമായുള്ള സ്റ്റുഡിയോകളിൽ തയ്യാറാക്കുന്ന സെറ്റുകളിലാവും നടക്കുക. എന്നാൽ കേരളത്തിലെ മൂന്നാറിലും സിനിമയുടെ ഒരു ചെറിയ ഭാഗം ചിത്രീകരിച്ചേക്കുമെന്നാണ് പ്രമുഖ ട്രേഡ് അനലിസ്റ്റായ ശ്രീധര്‍ പിള്ള ട്വിറ്ററിൽ അറിയിച്ചിരിക്കുന്നത്. വിജയിയുടെ 67 മത് ചിത്രമായ ‘ലിയോ’ ബ്ലഡി സ്വീറ്റ് എന്ന ടാഗ്‍ലൈനോട് കൂടിയാണ് എത്തുന്നത്. തൃഷ നായികയായി എത്തുന്ന ചിത്രത്തിൽ സഞ്ജയ് ദത്ത്, പ്രിയ ആനന്ദ്, സാന്‍ഡി, സംവിധായകന്‍ മിഷ്കിന്‍, മന്‍സൂര്‍ അലി ഖാന്‍, ഗൌതം വസുദേവ് മേനോന്‍, അര്‍ജുന്‍, മലയാളി താരം മാത്യു തോമസ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അനിരുദ്ധ് രവിചന്ദ് ആണ് ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത്. പ്രമുഖ ബാനര്‍ ആയ സെവന്‍ സ്ക്രീന്‍ സ്റ്റുഡിയോ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാ​ഗ്രഹണം മനോജ് പരമഹംസയാണ്. എഡിറ്റിംഗ് ഫിലോമിന്‍ രാജ്. ലോകേഷിനൊപ്പം രത്മകുമാറും ധീരജ് വൈദിയും ചേര്‍ന്നാണ് സംഭാഷണ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.

cp-webdesk