വലിയ തോതിൽ പ്രേക്ഷക പ്രതികരണം നേടുകയാണ് വെട്രിമാരൻ സംവിധാനം ചെയ്ത ‘വിടുതലൈ പാർട്ട് 1’. മികച്ച അഭിപ്രായം നേടുന്ന ചിത്രത്തിൽ വിജയ് സേതുപതി, സൂരി എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 15 വര്‍ഷമായി വെട്രിമാരന്‍ മനസ്സില്‍ കൊണ്ടു നടന്ന സ്വപ്‍ന പദ്ധതിയായ ‘വിടുതലൈ’ വെറും 4 കോടിയിൽ പൂർത്തിയാക്കാനിരുന്ന ചിത്രമായിരുന്നു. എന്നാൽ 40 കോടിയാണ് ഒടുവിൽ ചിത്രത്തിന് വേണ്ടി മുടക്കിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ മേക്കിങ് വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. സിനിമയിലെ ഒരു സുപ്രധാന രംഗമായ റെയിൽവേ പാളം സ്ഫോടകവസ്തു ഉപയോഗിച്ച് തകർക്കുന്ന സീനിനിന് വേണ്ടി മാത്രം 8 കോടിയാണ് ചിലവാക്കിയത്.
ചിത്രത്തിന്റെ ആർട് ഡയറക്ടർ ആയ ജാക്കി വളരെ മികച്ച രീതിയിലാണ് ഈ രംഗങ്ങൾ എല്ലാം ഒരുക്കിയിരിക്കുന്നത്. ചെന്നൈയ്ക്ക് സമീപം കേളമ്പാക്കത്ത് ആണ് ട്രെയിൻ അപകടം സെറ്റ് ഇട്ടത്. സെറ്റിൽ ഈ രംഗം ചിത്രീകരിക്കുന്നതിനെ അപകടത്തിൽ പരിക്ക് പറ്റി സംഘട്ടന സംവിധാന സംഘത്തിലെ ഫൈറ്റിങ് പരിശീലകനായ സുരേഷ് (49) മരിച്ചിരുന്നു.
ഗൗതം വാസുദേവ് മേനോന്‍, ഭവാനി ശ്രീ, പ്രകാശ് രാജ്, രാജീവ് മേനോന്‍, ചേതന്‍ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. അരുമാപുരി എന്ന വനത്തിൽ നിന്ന് ധാതു സമ്പത്ത് വേർതിരിച്ചെടുക്കാൻ സ്വകാര്യ കമ്പനിക്ക് സർക്കാർ അനുമതി നൽകുന്നതും വനവിഭവങ്ങൾ ഖനനം ചെയ്യുന്നതിനെ ശക്തമായി എതിർത്ത് ജനകീയ ശക്തികൾ തടസ്സം നിൽക്കുകയും ഇവരെ അടിച്ചമർത്താൻ പോലീസ് വകുപ്പ് പതിവുപോലെ ക്രൂരമായ അക്രമം നടത്തുന്നതും അവർ തമ്മിലുള്ള സംഘട്ടനവും ആണ് ചിത്രത്തിന്റെ പ്രമേയം.
ബി ജയമോഹൻ എഴുതിയ ‘തുണയ്‌വൻ’ എന്ന നോവലിനെ ആധാരമാക്കി വെട്രിമാരൻ തന്നെ തിരക്കഥ എഴുതിയ ചിത്രം രണ്ടു ഭാഗങ്ങളായാണ് വരുന്നത്. ചിത്രത്തിന്റെ ആദ്യ ഭാഗമാണ് മാർച്ച് 31 ന് റിലീസായിരിക്കുന്നത്. ആര്‍. വേല്‍രാജ് ആണ് ഛായാഗ്രഹണം. സംഗീതം ഇളയരാജ, എഡിറ്റിങ് ആര്‍. രാമര്‍, സംഘട്ടനം പീറ്റര്‍ ഹെയ്‍ന്‍, സ്റ്റണ്ട് സിവ, വരികള്‍ സുക, യുഗ ഭാരതി. ആര്‍ എസ് ഇര്‍ഫോടെയ്ന്‍മെന്‍റിന്‍റെ ബാനറില്‍ എല്‍റെഡ് കുമാർ നിർമ്മിച്ച ചിത്രം വിതരണം ചെയ്യുന്നത് റെഡ് ജയന്‍റ് മൂവീസ് ആണ്.