Cinemapranthan
null

തമിഴകത്തിന്റെ സ്റ്റൈൽ മന്നന് ദാദാ സാഹെബ് ഫാൽക്കെ അംഗീകാരം; അഭിനന്ദനവുമായി മോദിയും, കമലഹാസനും

വാര്‍ത്താ വിതരണ വകുപ്പ് മന്ത്രി പ്രകാശ് ജാവദേകര്‍ ആണ് അവാര്‍ഡ് പ്രഖ്യാപിച്ചത്

null

തമിഴകത്തിന്റെ തലൈവർ രജനികാന്തിന് രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാ സാഹെബ് ഫാൽക്കെ അംഗീകാരം. അമ്പതു വര്‍ഷം ഇന്ത്യൻ ചലച്ചിത്ര ലോകത്ത് നല്‍കിയ സമഗ്ര സംഭവനകള്‍ക്ക് ആണ് അവാര്‍ഡ്. വാര്‍ത്താ വിതരണ വകുപ്പ് മന്ത്രി പ്രകാശ് ജാവദേകര്‍ ആണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. 51ാമത് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം നേടിയ നടൻ സ്റ്റൈൽ മന്നന് പ്രധാനമന്ത്രി നരേന്ദ്ര മോദി, കമൽ ഹാസൻ തുടങ്ങി നിരവധി പേർ അഭിനന്ദനം അറിയിച്ചിരിക്കുകയാണ്.

“തലമുറകളിലുടനീളം ജനപ്രീതിയാർജ്ജിച്ച, കുറച്ച് പേർക്ക് മാത്രം കഴിയുന്ന, വൈവിധ്യമാർന്ന വേഷങ്ങളും ആകർഷകമായ വ്യക്തിത്വവും, അതാണ് രജനികാന്ത്. തലൈവയ്ക്ക് ദാദാസാഹിബ് പുരസ്കാരം ലഭിച്ചതിൽ അതിയായ സന്തോഷം, അദ്ദേഹത്തിന് ആശംസകൾ നേരുന്നു..” മോദി കുറിച്ചു.

”രജനികാന്തിന് അവാര്‍ഡ് ലഭിച്ചതില്‍ സന്തോഷമുണ്ട്. അദ്ദേഹം 100 ശതമാനവും അവാര്‍ഡിന് അര്‍ഹനാണ്” എന്ന് കമല്‍ഹാസൻ പറഞ്ഞു. രജനികാന്തിന്റെ ആദ്യ സിനിമയായ അപൂര്‍വ രാഗങ്ങളില്‍ കമല്‍ഹാസനായിരുന്നു നായകൻ.

ഇന്ത്യൻ ചലച്ചിത്രരംഗത്ത് നൽകിയ ആജീവനാന്ത സംഭാവനകളെ മാനിച്ച് ഭാരത സർക്കാർ സമ്മാനിക്കുന്ന പുരസ്കാരമാണ് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം. ഇന്ത്യൻ ചലച്ചിത്രത്തിന്റെ പിതാവായി വിശേഷിപ്പിക്കപ്പെടുന്ന ദാദാസാഹിബ് ഫാൽക്കെയുടെ 100-ആം ജന്മവാർഷികമായ 1969 മുതൽക്കാണ് ഈ പുരസ്കാരം നല്കിത്തുടങ്ങിയത്. 2018 ൽ അമിതാഭ് ബച്ചനായിരുന്നു പുരസ്കാര ജേതാവ്.

cp-webdesk

null
null