Cinemapranthan
null

‘ലിയോ’; ചിത്രങ്ങളും വീഡിയോകളും ചോരുന്നു: ലൊക്കേഷനിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി നിർമ്മാതാക്കൾ

സെറ്റിൽ മൊബൈൽ ഫോണുകളുടെ ഉപയോഗവും നിരോധിച്ചിരിക്കുകയാണ്

null

ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ലോകേഷ് – വിജയ് കൂട്ടുകെട്ടിലെത്തുന്ന ‘ലിയോ’. നിലവിൽ കാശ്മീരിൽ ചിത്രീകരണം നടക്കുന്ന സിനിമയുടെ ലൊക്കേഷൻ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. എന്നാലിപ്പോൾ ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങളും മറ്റും ചോരുന്നത് തടയാൻ ഒരു ടീമിനെ നിയോഗിച്ചിരിക്കുകയാണ് നിർമ്മാതാക്കൾ. മാത്രവുമല്ല, ഷൂട്ടിംഗ് സെറ്റിൽ മൊബൈൽ ഫോണുകളുടെ ഉപയോഗവും നിരോധിച്ചിരിക്കുകയാണ്.

അതെ സമയം, കശ്മീരിലെ ചിത്രീകരണത്തിന് ശേഷം പതിനഞ്ച് ദിവസത്തോളം ഇടവേളയെടുത്ത ശേഷമായിരിക്കും ‘ലിയോ’യുടെ അടുത്ത ഷെഡ്യൂൾ ആരംഭിക്കുക. ഏപ്രിൽ രണ്ടാം വാരത്തോടെ ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ ബാക്കി ഭാഗങ്ങൾ മുഴുവനും ചെന്നൈയിലായിരിക്കും ചിത്രീകരിക്കുക. തൃഷ നായികയായി എത്തുന്ന ചിത്രത്തിൽ സഞ്ജയ് ദത്ത്, പ്രിയ ആനന്ദ്, സാന്‍ഡി, സംവിധായകന്‍ മിഷ്കിന്‍, മന്‍സൂര്‍ അലി ഖാന്‍, ഗൌതം വസുദേവ് മേനോന്‍, അര്‍ജുന്‍, മലയാളി താരം മാത്യു തോമസ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അനിരുദ്ധ് രവിചന്ദ് ആണ് ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത്. പ്രമുഖ ബാനര്‍ ആയ സെവന്‍ സ്ക്രീന്‍ സ്റ്റുഡിയോ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാ​ഗ്രഹണം മനോജ് പരമഹംസയാണ്. എഡിറ്റിംഗ് ഫിലോമിന്‍ രാജ്. ലോകേഷിനൊപ്പം രത്മകുമാറും ധീരജ് വൈദിയും ചേര്‍ന്നാണ് സംഭാഷണ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.

cp-webdesk

null
null