Cinemapranthan
null

‘വിടുതലൈ’ കാണാൻ കുട്ടികളുമായെത്തിയ സാമൂഹ്യപ്രവർത്തകക്കെതിരെ കേസെടുത്ത് പോലീസ്

വലർമതി എന്ന സ്ത്രീക്കെതിരെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്

null

തന്റെ സിനിമകളിലൂടെ അനീതികൾക്കും അനാസ്ഥകൾക്കുമെതിരെ പോരാടുന്ന സംവിധായകൻ വെട്രിമാരന്റെ പുതിയ സിനിമയാണ് ‘വിടുതലൈ’. വിജയ് സേതുപതി, സൂരി എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തിൽ വയലൻസ് രംഗങ്ങൾ ഉള്ളതിനാൽ A സർട്ടിഫിക്കറ്റ് ആണ് ലഭിച്ചത്. അതുകൊണ്ട് 18 വയസ്സിന് താഴെയുള്ള കുട്ടികൾ A സർട്ടിഫിക്കറ്റ് സിനിമ കാണരുതെന്നാണ്. എന്നാൽ കഴിഞ്ഞ ദിവസം ‘വിടുതലൈ’ കാണാൻ കുട്ടികളുമായെത്തിയ സാമൂഹ്യ പ്രവർത്തകക്കെതിരെ കേസെടുത്തിരിക്കുകയാണ് പോലീസ്. ചെന്നൈയിലെ തിയറ്ററിൽ കുട്ടികളുമായി സിനിമ കാണാൻ എത്തിയ വലർമതി എന്ന സ്ത്രീക്കെതിരെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.

‘കുട്ടികള്‍ എന്റേതാണ്. അവര്‍ എന്തു കാണണം കാണേണ്ട എന്നത് ഞാന്‍ തീരുമാനിക്കും. സഹജീവികളുടെ വേദന പറയുന്നതാണ് ഈ സിനിമ അത് അവര്‍ കാണേണ്ടതാണ് അതില്‍ നിന്നും ആര്‍ക്കും തടയാന്‍ സാധിക്കില്ല. അര്‍ദ്ധ നഗ്നരായ യുവതികളുടെ ഡാന്‍സുള്ള എത്ര ചിത്രങ്ങള്‍ ഇവിടെ കളിക്കുന്നു. കുട്ടികള്‍ കാണുന്നു. അതില്‍ പ്രശ്നമില്ലല്ലോ അതിനാല്‍ ഇതിലും ഇല്ല’, എന്നാണ് വലർമതി പോലീസിനോട് ചോദിക്കുന്നത്.

അതെ സമയം വലര്‍മതിയും കുടുംബവും സിനിമ കാണാൻ ടിക്കറ്റ് എടുത്ത് തിയറ്ററിനകത്ത് പ്രവേശിക്കാൻ നേരമാണ് സ്റ്റാഫ് ഇവരെ തടഞ്ഞത്. എന്നാൽ ഇത് വകവെയ്ക്കാതെ അകത്ത് കടന്ന ഇവരെ തടയാൻ അധികൃതർ പോലീസിൽ അറിയിക്കുകയായിരുന്നു.

അരുമാപുരി എന്ന വനത്തിൽ നിന്ന് ധാതു സമ്പത്ത് വേർതിരിച്ചെടുക്കാൻ സ്വകാര്യ കമ്പനിക്ക് സർക്കാർ അനുമതി നൽകുന്നതും വനവിഭവങ്ങൾ ഖനനം ചെയ്യുന്നതിനെ ശക്തമായി എതിർത്ത് ജനകീയ ശക്തികൾ തടസ്സം നിൽക്കുകയും ഇവരെ അടിച്ചമർത്താൻ പോലീസ് വകുപ്പ് പതിവുപോലെ ക്രൂരമായ അക്രമം നടത്തുന്നതും അവർ തമ്മിലുള്ള സംഘട്ടനവും ആണ് ചിത്രത്തിന്റെ പ്രമേയം. മാർച്ച് 31 ന് റിലീസിനെത്തിയ ‘വിടുതലൈ പാർട്ട് 1’ മികച്ച പ്രതികരണമാണ് നേടുന്നത്.

cp-webdesk

null
null