Cinemapranthan

കാശ്മീർ ഷെഡ്യൂൾ പൂർത്തിയാക്കി ടീം ‘ലിയോ’; സിനിമാസംഘം ഇന്ന് എത്തും

തുടർന്നുള്ള ചിത്രീകരണം ഹൈദരാബാദിലും ചെന്നൈയിലുമായുള്ള സ്റ്റുഡിയോകളിൽ തയ്യാറാക്കുന്ന സെറ്റുകളിലാവും നടക്കുക

null

ലോകേഷ് കനകരാജിന്റെയും വിജയിയുടെയും ആരാധകർ ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് ‘ലിയോ’. കമലഹാസൻ ചിത്രം ‘വിക്രമിന്റെ’ വൻ വിജയത്തിന് ശേഷം ലോകേഷ് ഒരുക്കുന്ന ‘ലിയോ’ക്ക് അത് കൊണ്ട് തന്നെ പ്രതീക്ഷകളും കൂടുതലാണ്. കോവിഡ് പ്രതിസന്ധിക്ക് ശേഷം തിയറ്ററുകളിൽ എത്തിയ ലോകേഷ് – വിജയ് കൂട്ടുകെട്ടിലെ ‘മാസ്റ്റർ’ ചിത്രത്തിന് ശേഷം വീണ്ടും ഇരുവരും ഒന്നിക്കുന്ന സിനിമ കൂടിയാണ് ‘ലിയോ’. വൻ പ്രീ – റിലീസ് ഹൈപ്പിലെത്തിയ ചിത്രത്തിന്റെ ഓരോ അപ്ഡേഷനുകളും ആരാധകർക്കിടയിൽ തരംഗമാവാറുണ്ട്. ഇപ്പോഴിതാ ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുന്ന ചിത്രത്തിന്റെ കാശ്മീർ ഷെഡ്യൂൾ പൂർത്തിയാക്കിയെന്നാണ് പുറത്ത് വരുന്ന വിവരം. ഒരു മാസത്തിലേറെ നീണ്ട കശ്മീരിലെ ഷൂട്ടിങ്ങിന് ശേഷം സിനിമ സംഘം ഇന്ന് ചെന്നൈയിൽ തിരിച്ചെത്തും. തുടർന്നുള്ള ചിത്രീകരണം ഹൈദരാബാദിലും ചെന്നൈയിലുമായുള്ള സ്റ്റുഡിയോകളിൽ തയ്യാറാക്കുന്ന സെറ്റുകളിലാവും നടക്കുക.

എന്നാൽ കേരളത്തിലെ മൂന്നാറിലും സിനിമയുടെ ഒരു ചെറിയ ഭാഗം ചിത്രീകരിച്ചേക്കുമെന്നാണ് പ്രമുഖ ട്രേഡ് അനലിസ്റ്റായ ശ്രീധര്‍ പിള്ള ട്വിറ്ററിൽ അറിയിച്ചിരിക്കുന്നത്. വിജയിയുടെ 67 മത് ചിത്രമായ ‘ലിയോ’ ബ്ലഡി സ്വീറ്റ് എന്ന ടാഗ്‍ലൈനോട് കൂടിയാണ് എത്തുന്നത്. തൃഷ നായികയായി എത്തുന്ന ചിത്രത്തിൽ സഞ്ജയ് ദത്ത്, പ്രിയ ആനന്ദ്, സാന്‍ഡി, സംവിധായകന്‍ മിഷ്കിന്‍, മന്‍സൂര്‍ അലി ഖാന്‍, ഗൌതം വസുദേവ് മേനോന്‍, അര്‍ജുന്‍, മലയാളി താരം മാത്യു തോമസ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അനിരുദ്ധ് രവിചന്ദ് ആണ് ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത്. പ്രമുഖ ബാനര്‍ ആയ സെവന്‍ സ്ക്രീന്‍ സ്റ്റുഡിയോ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാ​ഗ്രഹണം മനോജ് പരമഹംസയാണ്. എഡിറ്റിംഗ് ഫിലോമിന്‍ രാജ്. ലോകേഷിനൊപ്പം രത്മകുമാറും ധീരജ് വൈദിയും ചേര്‍ന്നാണ് സംഭാഷണ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.

cp-webdesk

null