Cinemapranthan
null

ഖുശ്ബുവിന്റെ കാറപകടം വ്യാജം; ആരോപണത്തിന് മറുപടി നൽകി താരം

കാർട്ടൂണിസ്റ്റ് ബാല എന്നയാളാണ് അപകടം വ്യാജമായിരുന്നുവെന്ന ആരോപണവുമായി എത്തിയത്

null

നടിയും ബിജെപി നേതാവുമായ ഖുശ്ബു സുന്ദറിന്റെ വാഹനാപകടം വ്യാജമായിരുന്നുവെന്ന് ആരോപണം. ഇതിനെതിരെ ശക്തമായ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഖുശ്ബു. ഖുശ്ബു യാത്ര ചെയ്തിരുന്ന വാഹനം അപകടത്തിൽപെട്ടത് ദിവസങ്ങൾക്ക് മുമ്പാണ്. താരം തന്നെയാണ് അപകടത്തിന്റെ കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. എന്നാലിപ്പോൾ കാർട്ടൂണിസ്റ്റ് ബാല എന്നയാളാണ് അപകടം വ്യാജമായിരുന്നുവെന്ന ആരോപണവുമായി എത്തിയത്. ഇതിനെതിരെയാണ് താരം മറുപടി നൽകിയിരിക്കുന്നത്. അദ്ദേഹത്തിന് വേഗം സുഖപ്പെടട്ടെയെന്നും അയാളുടേത് ഭീരുവിന്റെ ഭാഷയാണെന്നുമാണ് ഖുശ്ബു പ്രതികരിച്ചത്.

“ഖുശ്ബു മികച്ച നടിയാണെന്നിന് തെളിവാണ് ഈ ഫോട്ടോ. പ്രിയപ്പെട്ട സംഘികളെ കുറച്ചുകൂടി നല്ല തിരക്കഥയുമായി വാ. ഇതിൽ നിരവധി പഴുതുകളുണ്ട്”- കാർട്ടൂണിസ്റ്റ് ബാല ട്വിറ്ററിൽ കുറിച്ചു. ചില ചിത്രങ്ങളിൽ ഖുശ്ബു പിൻസീറ്റിൽ ഇരിക്കുകയായിരുന്നുവെന്നും മറ്റ് ചില ചിത്രങ്ങളിൽ അവർ മുൻസീറ്റിലാണെന്നും ഇയാൾ പരാമർശിച്ചിരുന്നു. ഇതിനാണ് ഖുശ്ബു ശക്തമായ മറുപടി നൽകിയിരിക്കുന്നത്.

“നിങ്ങൾക്ക് ധൈര്യമുണ്ടെങ്കിൽ അപകടമുണ്ടാക്കാൻ ശ്രമിക്കുക. നിങ്ങളുടെ മുഖത്ത് മരണം കാണുന്ന നിമിഷം, നിങ്ങളുടെ പാന്റ്സ് നനയ്ക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. കാരണം നിങ്ങൾക്ക് എന്നെപ്പോലെ ധൈര്യമുള്ളഒരാളല്ല. നിങ്ങൾ ഒരു ഭീരുവിനെപ്പോലെയാണ് സംസാരിക്കുന്നത്. ബാല, വേഗം സുഖം പ്രാപിക്കൂ”- ഖുശ്ബു ട്വിറ്ററിൽ കുറിച്ചു.

തൻറെ മരണവാർത്ത എഴുതാൻ കാത്തിരുന്ന ചിലർ, താൻ തിരികെ വന്നത് കണ്ട് അതിശയിച്ചിരിക്കുകയാണെന്ന് ഖുശ്ബു മറ്റൊരു ട്വീറ്റിൽ കുറിച്ചു. ദശലക്ഷക്കണക്കിന് ആളുകളുടെ സ്നേഹവും, തന്റെ കുടുംബവും സുഹൃത്തുക്കളും, ദൈവത്തിന്റെ അനുഗ്രഹവും തനിക്കൊപ്പമുണ്ടായിരുന്നതു കൊണ്ടാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടതെന്നും ഖുശ്ബു വ്യക്തമാക്കി.

പിന്നിലെ സീറ്റിലും മുന്നിലെ സീറ്റിലും ഇരിക്കുന്ന ചിത്രങ്ങളെ കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് ഖുശ്ബു നേരത്തെ തന്നെ മറുപടി നൽകിയിരുന്നു.
“വിഡ്ഢി എന്നും വിഡ്ഢിയായിരിക്കുമെന്നും രണ്ട് ചിത്രത്തിലെയും തന്‍റെ വസ്ത്രങ്ങൾ ഒന്നാണെന്ന് തോന്നുന്നുണ്ടോയെന്നും ഖുശ്ബു ചോദിച്ചു. ഇനി ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ ഇതുവരെ ഉപയോഗിച്ചിട്ടില്ലാത്ത തലച്ചോറ് ഉപയോഗിച്ച ശേഷം സംസാരിക്കണമെന്നും” ഖുശ്ബു പറഞ്ഞിരുന്നു.

ബുധനാഴ്ചയാണ് അപകടവാർത്ത ഖുശ്ബു ട്വിറ്ററിലൂടെ അറിയിച്ചത്. ടാങ്കർ ലോറി വന്ന് തൻറെ കാറിൽ ഇടിക്കുകയായിരുന്നുവെന്ന് താരം പറഞ്ഞു. ഗൂഡല്ലൂരിലേക്ക് പോകുന്നതിനിടെ മേൽമറുവത്തൂരിൽ വെച്ചാണ് അപകടം ഉണ്ടായത്.

cp-webdesk

null
null