സൂര്യ നായകനായി എത്തിയ ചിത്രം ‘സൂരറൈ പോട്ര്’ ഓസ്കാറിലെ പ്രാഥമിക ഘട്ടം കടന്നു. 93-ാമത് അക്കാദമി അവാര്‍ഡിനായി മത്സരിക്കാന്‍ ആണ് ചിത്രം യോഗ്യത നേടിയിരിക്കുന്നത്. സുധ കൊങ്കര സംവിധാനം ചെയ്‍ത ചിത്രം ഓസ്‍കര്‍ അവാര്‍ഡിന് മല്‍സരിക്കുന്ന വിവരം നിര്‍മ്മാതാക്കള്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു. ഓസ്കാർ മത്സരത്തിനായി ‘സൂരറൈ പോട്ര്’ ഉൾപ്പടെ 366 ചിത്രങ്ങളാണ് തെരഞ്ഞെടുത്തിരിക്കുന്നത്.
കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ഇത്തവണ ഓസ്കാർ മത്സരത്തിനായുള്ള മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തിയിരുന്നു. ഇതാണ് ‘സൂരറൈ പോട്ര്’നും മത്സരിക്കാൻ അവസരമൊരുക്കിയത്. കോവിഡിനെ തുടർന്ന് തിയറ്ററുകള്‍ തുറക്കാത്തതിനാൽ നിരവധി സിനിമകൾ ഒ ടി ടി റിലീസാണ് ചെയ്തത്. അത് കൊണ്ട് തന്നെ ഡയറക്ട് ഒടിടി റിലീസുകള്‍ക്കും ഇത്തവണ മത്സരത്തില്‍ പങ്കെടുക്കാനുള്ള അവസരമുണ്ടായിരുന്നു.
എന്നാല്‍ ഈ മാസം 28 മുതല്‍ യുഎസിലെ ആറ് പ്രധാന നഗരങ്ങളിലെ ഏതെങ്കിലും തിയറ്ററുകളിലോ ഡ്രൈവ് ഇന്‍ തിയറ്ററുകളിലോ അത്തരം ചിത്രങ്ങളും ഒരാഴ്ച പ്രദര്‍ശിപ്പിക്കണമെന്ന് മാനദണ്ഡങ്ങളിൽ പറയുന്നു. മാര്‍ച്ച് 5 മുതല്‍ 10 വരെയാണ് വോട്ടിംഗ് നടക്കുക. 15ന് ആണ് ഈ വര്‍ഷത്തെ നോമിനേഷനുകള്‍ പ്രഖ്യാപിക്കുന്നത്.
ആമസോൺ പ്രൈം വീഡിയോയിലൂടെ പ്രേക്ഷകരിലേക്ക് എത്തിയ ചിത്രമാണ് സൂരറൈ പോട്ര്. സൂര്യയുടെ നായികയായി അപർണ്ണ ബാലമുരളി എത്തിയ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്.