Cinemapranthan

കോവിഡ് രോഗികളെ നോക്കാൻ അഭിനയം ഉപേക്ഷിച്ച നടി ശിഖയ്ക്ക് പക്ഷാഘാതം

ആറു മാസം മുൻപാണ് ശിഖ നഴ്സിംഗ് ജോലിയിൽ പ്രവേശിച്ചത്

null

കോവിഡ് രാജ്യത്ത് പിടിമുറുക്കിയ സമയം അഭിനയം ഉപേക്ഷിച്ച് നഴ്‌സായി പ്രവേശിച്ച ബോളിവുഡ് നടി ശിഖ പക്ഷാഘാതം പിടിപെട്ടു ആശുപത്രിയിൽ. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ രാജ്യത്തെ സാഹചര്യം കണക്കിലെടുത്ത് താന്‍ സ്വയംസന്നദ്ധയായി രോഗികളെ പരിചരിക്കാന്‍ പോവുകയാണെന്ന് പറഞ്ഞു ആറു മാസം മുൻപാണ് ശിഖ നഴ്സിംഗ് ജോലിയിൽ പ്രവേശിച്ചത്. ഒക്ടോബറിൽ ശിഖയെയും കോവിഡ് പിടികൂടിയിരുന്നു. ഏകദേശം ഒരു മാസത്തെ ചികിത്സക്ക് ശേഷം കോവിഡിൽ നിന്നും മുക്തയായെങ്കിലും പക്ഷാഘാതം ശിഖയെ പിടികൂടുകയായിരുന്നു. മുംബെെയിലെ കൂപ്പർ ആശുപത്രിയില്‍ ചികിത്സയിലാണ് ഇപ്പോൾ ശിഖ.

2014ല്‍ ഡല്‍ഹിയിലെ മഹാവീര്‍ മെഡിക്കല്‍ കോളേജില്‍ നിന്നും നഴ്സിങ്ങില്‍ ബിരുദം നേടിയ ശിഖ അഭിനയത്തോട് താൽക്കാലികമായി വിടപറഞ്ഞ് കോവിഡ് രോഗികളെ ചികിത്സിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച് രം​ഗത്ത് വരികയായിരുന്നു. ആറ് മാസത്തോളം കോവിഡ് രോഗികളെ പരിചരിച്ചു. കോവിഡ് മുക്തരായവരില്‍ ഇരുപത് ശതമാനത്തോളം പേര്‍ കോവിഡാനന്തര രോഗങ്ങള്‍ മൂലം ദുരിതമനുഭവിക്കുന്നുണ്ട് എന്നാണ് കണക്ക്.

സഞ്ജയ് മിശ്രയുടെ കാഞ്ച്‌ലി ലൈഫ് ഇന്‍ സ്ലൗ എന്ന സിനിമയില്‍ പ്രധാന വേഷം ചെയ്താണ് ശിഖ ശ്രദ്ധനേടുന്നത്. പിന്നീട് ഷാരൂഖ് ഖാൻ നായകനായ ഫാൻ എന്ന ചിത്രത്തിലും തപ്സി പന്നുവിന്റെ റണ്ണിങ് ശാദി എന്ന ചിത്രത്തിലും വേഷമിട്ടു. സിനിമയിൽ എത്തുന്നതിനും മുൻപ് ഡൽഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ അഞ്ച് വര്‍ഷം നഴ്‌സായി സേവനമനുഷ്ഠിച്ചു.

cp-webdesk

null