Cinemapranthan

‘ഒരായിരം വട്ടം ആലോചിച്ചെടുത്ത തീരുമാനം’; വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോർജും സംവിധായകരാകുന്നു

പ്രമുഖ പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയാണ് ചിത്രത്തിന്റെ നിർമ്മാതാവ്.

null

അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഋതിക് റോഷൻ, ഒരു യമണ്ടൻ പ്രേമകഥ എന്നിവയുടെ തിരക്കഥാകൃത്തുക്കളായി സിനിമാ രംഗത്തെത്തുകയും പിന്നാലെ അഭിനയത്തിലൂടെ മലയാളികളുടെ മനസ്സില്‍ ഇടംനേടിയവരുമാണ് വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോർജും. ഇപ്പോഴിതാ ഇരുവരും ഒന്നിച്ച് സിനിമ സംവിധാനം ചെയ്യാൻ ഒരുങ്ങുകയാണ്.

ബിബിൻ ജോർജ് തന്നെയാണ് ഈ വിവരം സമൂ​ഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുന്നത്. 2020 ഇന്നവസാനിക്കുകയാണ് നിങ്ങളെല്ലാവരേം പോലെ തന്നെ അടുത്ത വർഷത്തിന്റെ നല്ല പ്രതീക്ഷയിലാണ് ഞാനും. ആ പ്രതീക്ഷയുടെ ഭാഗമായി അതിനിത്തിരി മാറ്റ് കൂട്ടാൻ എന്റെ ജീവിതത്തിലെ വലിയൊരു തീരുമാനം നിങ്ങളെ ഞാൻ അറിയിക്കുകയാണെന്ന് കുറിച്ചുകൊണ്ടാണ് ബിബിൻ ഇക്കാര്യം അറിയിച്ചത്. പ്രമുഖ പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയാണ് ചിത്രത്തിന്റെ നിർമ്മാതാവ്.

ഒരായിരം വട്ടം ആലോചിച്ചെടുത്ത തീരുമാനമാണിതെന്നും സംവിധാനം എന്നത് ഒരു വലിയ ഉത്തരവാദിത്തമാണെന്നും ബിബിൻ കുറിച്ചു. ബിബിനും വിഷ്ണുവും തന്നെയാണ് പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. അടുത്ത വർഷം പകുതിയോടെയാവും ചിത്രീകരണം ആരംഭിക്കുക

ബിബിനൊപ്പം പ്രേക്ഷകരുടെ പിന്തുണ ആവശ്യപ്പെട്ട് വിഷ്ണുവും എത്തിയിരുന്നു. ‘പ്രിയപ്പെട്ടവരേ, മിമിക്രി വേദികളില്‍ മുതല്‍ വെള്ളിത്തിരയിലെത്തും വരെ നിങ്ങള്‍ നല്‍കിയ സ്‌നേഹവും പിന്തുണയും പ്രോത്സാഹനവും ആണ് ഞങ്ങളുടെ കൈമുതല്‍…! ഇന്ന് ഞങ്ങള്‍ പുതിയൊരു ചുവട് വയ്ക്കാന്‍ ഒരുങ്ങുകയാണ്. ബിബിനും ഞാനും ചേര്‍ന്ന് ഞങ്ങളുടെ അടുത്ത സിനിമ സംവിധാനം ചെയ്യാന്‍ പോവുകയാണ്.

ഞങ്ങള്‍ ആദ്യമായി എഴുതിയ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, ഒരു യമണ്ടന്‍ പ്രേമകഥ എന്നീ ചിത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയ സംവിധായകര്‍- നാദിര്‍ഷ ഇക്ക, നൗഫല്‍ ഇക്ക, നിര്‍മ്മാതാക്കള്‍ – ആല്‍വിന്‍ ആന്റണി ചേട്ടന്‍, ഡോ. സക്കറിയ തോമസ്, ദിലീപേട്ടന്‍, ആന്റോ ജോസഫ് ചേട്ടന്‍ മുതല്‍, ഞങ്ങളില്‍ വിശ്വാസം അര്‍പ്പിച്ച് ഈ ചിത്രം നിര്‍മ്മിക്കുന്ന ബാദുഷ ഇക്കയെയും, സിനിമയിലും സിനിമയ്ക്ക് പുറത്തും ഉള്ള ഞങ്ങളുടെ ഗുരുതുല്യരായ എല്ലാവരെയും ശിരസാ നമിച്ചു കൊണ്ട് ഞങ്ങള്‍ തുടങ്ങുകയാണ്… അനുഗ്രഹിക്കണമെന്ന് വിഷ്ണുവും പറയുന്നു.

cp-webdesk

null