2020ല്‍ ലോകത്തിലെ ഏറ്റവും സ്വാധീനം ചെലുത്തിയ 100 പേരുടെ പട്ടികയില്‍ ഇടംപിടിച്ച് ബോളിവുഡ് നടന്‍ ആയുഷ്മാന്‍ ഖുറാന. ടൈംസ് പുറത്തിറക്കിയ പട്ടികയില്‍ ഈ വര്‍ഷം ഇടം പിടിച്ച ഏക ഇന്ത്യന്‍ സിനിമാ താരവും അദ്ദേഹമാണ്. ഇന്‍സ്റ്റഗ്രാം പേജിലൂടെ താരം തന്നെയാണ് ഈ വാർത്ത പങ്കുവെച്ചത്.
“ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള 100 പേരുടെ പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നു. ലിസ്റ്റിന്‍റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നു”
ആയുഷ്മാന്‍ ഖുറാന കുറിച്ചു.
ഖുറാനെയെ അഭിനന്ദിച്ചുകൊണ്ട് നടി ദീപിക പദുക്കോണും രംഗത്തെത്തിയിരുന്നു ”1.3 ബില്യണിലധികം ജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യ. ഇവരില്‍ ഒരു ചെറിയ ശതമാനം മാത്രമാണ് അവരുടെ സ്വപ്നങ്ങൾ സാക്ഷാത്ക്കരിക്കുന്നത്. ആയുഷ്മാൻ ഖുറാന അവരിൽ ഒരാളാണ്. കഴിവും കഠിനാധ്വാനവും കൊണ്ടാണ് നിങ്ങള്‍ ഇവിടെ വരെയെത്തിയത്. അതിലുപരി നിങ്ങളുടെ ക്ഷമയും നിര്‍ഭയത്വവുമുണ്ട്. സ്വപ്നം കാണുന്നവര്‍ക്ക് നിങ്ങളുടെ ഉയര്‍ച്ച എന്നും ഒരു പ്രചോദനമായിരിക്കും” ദീപിക കുറിച്ചു
2012ല്‍ പുറത്തിറങ്ങിയ വിക്കി ഡോണറാണ് ആദ്യ ചിത്രം. ആദ്യ സിനിമ കൊണ്ട് തന്നെ ആരാധകരുടെ കയ്യടി നേടിയെടുത്തു ഖുറാന. ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രങ്ങളിലൊന്നാണ് 2018ലെ ക്രൈം ത്രില്ലർ അന്ധാദുൻ. ചിത്രത്തില്‍ അന്ധനായ പിയാനിസ്റ്റായിട്ടാണ് ഖുറാന പ്രത്യക്ഷപ്പെട്ടത്. ഇതിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ ചലച്ചിത്ര അവാർഡും മികച്ച നടനുള്ള ഫിലിംഫെയർ ക്രിട്ടിക്സ് അവാർഡും നേടി. 2013ല്‍ ഫോബ്സ് ഇന്ത്യയുടെ 100 പേരുടെ ലിസ്റ്റിലും താരം ഇടംപിടിച്ചിട്ടുണ്ട്. നിരവധി ചിത്രങ്ങളിലും അദ്ദേഹം പാടിയിട്ടുണ്ട്.