Cinemapranthan
null

ഗാനങ്ങള്‍ക്ക് വരികള്‍ എഴുതുന്നതും അലി അക്ബര്‍; ‘151സീനുകളുള്ള വലിയ സിനിമ’: ചിത്രീകരണം ആരംഭിക്കുന്നതായി സംവിധായകൻ

ഫെബ്രുവരി 20ന് വയനാട്ടില്‍ വെച്ചാണ് ചിത്രീകരണം ആരംഭിക്കുന്നത്

null

1921ലെ മലബാർ സമരത്തിന്റെ പശ്ചാത്തലത്തിൽ അലി അക്ബർ സംവിധാനം ചെയ്യുന്ന ‘1921 പുഴ മുതല്‍ പുഴ വരെ’ എന്ന ചിത്രത്തിന്‍റെ ചിത്രീകരണം ആരംഭിക്കുന്ന വിവരം പങ്കുവെച്ച് സംവിധായകന്‍ അലി അക്ബര്‍. ഫെബ്രുവരി 20ന് വയനാട്ടില്‍ വെച്ചാണ് ചിത്രീകരണം ആരംഭിക്കുന്നത്.

ഒട്ടേറെ വിവാദങ്ങൾക്ക് ഇടയിലാണ് ഈ ചിത്രം പ്രഖ്യാപിക്കുന്നത്. പൃഥ്വിരാജ് നായകനായി ആഷിക് അബു സംവിധാനം ചെയ്യുന്ന വാരിയംകുന്നൻ സിനിമ പ്രഖ്യാപിച്ചതോടെയായിരുന്നു വിവാദം. തൊട്ടുപിന്നാലെ ഇതേ പ്രമേയം അടിസ്ഥാനമാക്കി നാല് സിനിമ ഇറങ്ങുന്നു എന്ന വിവരങ്ങളും പുറത്ത് വന്നിരുന്നു. അതിലൊന്നാണ് അലി അക്ബറിന്റേത്.

25 മുതല്‍ 30 ദിവസം വരെയാണ് ആദ്യ ഷെഡ്യൂള്‍. മൂന്ന് ഷെഡ്യൂളുകളായിട്ടായിരിക്കും ചിത്രം പൂര്‍ത്തിയാക്കുക. സിനിമയുടെ സ്വിച്ച് ഓണ്‍ കര്‍മ്മവും സോങ് റിലീസും ഫെബ്രുവരി 2ന് കോഴിക്കോട് വെച്ച് നടക്കും. ഹരി വേണുഗോപാലാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതമൊരുക്കുന്നത്. അലി അക്ബര്‍ തന്നെയാണ് ഗാനങ്ങള്‍ക്ക് വരികള്‍ എഴുതുന്നത്.

ALSO READ : മുഴുക്കുടിയനായ ‘മുരളി’യുടെ ജീവിത പ്രതിസന്ധികളുടെ നേർകാഴ്ച്ച; പകർന്നാടി ജയസൂര്യ : Vellam Movie Review

ഏകദേശം 151 സീനുകള്‍ ആണ് ചിത്രത്തിനുള്ളതെന്നും വലിയ സിനിമയായതിനാല്‍ ഒരുപാട് കഥാപാത്രങ്ങള്‍ സിനിമയുടെ ഭാഗമാണെന്നും അലി അക്ബര്‍ പറഞ്ഞു. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് അദ്ദേഹം തന്റെ സിനിമയെ കുറിച്ച് പറഞ്ഞത്.

ചിത്രത്തിൽ പല പ്രമുഖ താരങ്ങളും ഭാഗമാകുന്നുണ്ടെന്നും സൈബർ ആക്രമണം ഭയന്നാണ് പലരുടെയും പേര് പുറത്തുപറയാത്തതെന്നും അലി അക്ബർ നേരത്തെ പറഞ്ഞിരുന്നു. അലി അക്ബറിന്‍റെ നേതൃത്വത്തില്‍ രൂപീകരിച്ച മമധര്‍മ്മ എന്ന സംഘടനയുടെ പേരിൽ ജനങ്ങളിൽ നിന്ന് പണം സ്വരൂപിച്ചാണ് സിനിമ നിർമ്മിക്കുന്നത്. ചിത്രത്തിന് ജനങ്ങളിൽ നിന്നും ലഭിച്ച ആകെ തുക നേരത്തെ സംവിധായകൻ വെളിപ്പെടുത്തിയിരുന്നു. ഒരു കോടി രൂപയാണ് ജനങ്ങളിൽ നിന്ന് ലഭിച്ചത്.

സിനിമയുടെ ചിത്രീകരണത്തിനായി വീട്ടുമുറ്റത്ത് 900 സ്ക്വയര്‍ ഫീറ്റ് ഷൂട്ടിംഗ് ഫ്ലോര്‍ തയ്യാറാക്കുന്ന കാര്യം അലി അക്ബര്‍ നേരത്തെ അറിയിച്ചിരുന്നു. സിനിമയില്‍ ഉപയോഗിക്കുന്ന ഖുക്രിയുടെ ചിത്രവും അലി അക്ബര്‍ പങ്കുവെച്ചു. 80 ഓളം ഖുക്രി കത്തികള്‍ കൈയ്യിലുണ്ടെന്നും കത്തി ഡിസൈന്‍ ചെയ്തത് താനാണെന്നും അദ്ദേഹം പറഞ്ഞു. പാനസോണിക് ലൂമിക്സ് S1H 6 കെ ക്യാമറയാണ് ചിത്രീകരണത്തിന് ഉപയോഗിക്കുന്നത്. 1992ല്‍ അലി അക്ബറിന്‍റേതായി പുറത്തിറങ്ങിയ ‘മുഖമുദ്ര’ എന്ന സിനിമയുടെ ക്ലാപ് ബോര്‍ഡ് ആയിരിക്കും ചിത്രത്തിന് ഉപയോഗിക്കുകയെന്ന് അലി അക്ബര്‍ പറഞ്ഞു

cp-webdesk

null
null