Cinemapranthan

അക്ഷയുടെ ‘വീരൻ’ ഇനി ഖൽബിലേക്ക്

ചലച്ചിത്ര താരം അക്ഷയ് രാധാകൃഷ്ണന്റെ വളർത്തു നായയാണ് ‘വീരൻ’

യജമാനോടൊപ്പം സിനിമാ മേഖലയിലേക്ക് കാലെടുത്തു വെക്കുകയാണ് വീരനും. ചലച്ചിത്ര താരം അക്ഷയ് രാധാകൃഷ്ണന്റെ അക്ഷയുടെ വളർത്തു നായയാണ് ‘വീരൻ’. ‘പതിനെട്ടാം പടി’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ സാന്നിധ്യമറിയിച്ച താരമാണ് അക്ഷയ് രാധാകൃഷ്‌ണൻ. അക്ഷയ്‌ക്കൊപ്പം തന്നെ മലയാളികളുടെ ഇഷ്ടം നേടുകയായിരുന്നു ‘വീരനും’.

സാജിദ് യഹിയയുടെ സംവിധാനത്തിൽ ഷെയിൻ നിഗം നായകനായ “ഖൽബ്” എന്ന ചിത്രത്തിലൂടെയാണ് വീരൻ അരങ്ങേറ്റം കുറിക്കുന്നത്. അക്ഷയ് പോലെ തന്നെ താരമായ വീരന് ആയിരക്കണക്കിന് ഫോളോവേഴ്സ് ആണ് ഇൻസ്റ്റാഗ്രാമിലുള്ളത്.

നാടൻ ഇനത്തിൽപ്പെട്ട വീരൻ കാര്യങ്ങൾ പെട്ടെന്ന് മനസിലാക്കുമെന്ന് അക്ഷയ് പറയുന്നു. സന്തത സഹചാരിയായി എപ്പോഴും ഒപ്പമുള്ള വീരനുമൊന്നിച്ച് അക്ഷയ് ധാരാളം ദൂര യാത്രകൾ ചെയ്യാറുണ്ട്. കെട്ടിയിടാറില്ലാത്ത വീരനെ കഴിഞ്ഞ മാസം വീട്ടു പരിസരത്തു നിന്നും കാണാതായിരുന്നു. വീരനെ കണ്ടെത്തുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ചു കൊണ്ട് അക്ഷയ് സമൂഹ മാധ്യമത്തിൽ പങ്കു വെച്ച പരസ്യം നിരവധി പേരാണ് ഷെയർ ചെയ്‌തത്‌. കാണാതായതിന്റെ പിറ്റേ ദിവസം തന്നെ വീരനെ കണ്ടെത്തുകയും ചെയ്തിരുന്നു.

സിനിമയിലേക്ക് പ്രവേശിക്കുന്ന വീരൻ ഇതിനോടകം പരസ്യത്തിലും അഭിനയിച്ചിട്ടുണ്ട്. വീരന് പരിശീലനം നൽകിയിട്ടുള്ളത് കൊണ്ട് തന്നെ അഭിനയിക്കാൻ ബുദ്ധിമുട്ടുണ്ടാവില്ലെന്ന് അക്ഷയ് പറയുന്നു.

cp-webdesk