കാഴ്ചയുടെ വേലിക്കപ്പുറത്തെ യാഥാർത്ഥ്യം വിളിച്ചോതുന്ന ഒരടിപൊളി സിനിമയാണ് നരിവേട്ട. കണ്ണിലൂടെ കയറി ഹൃദയത്തിൽ തുളച്ചു കയറി അടിയുറച്ചു നിൽക്കുന്ന ഒരു സിനിമാ അനുഭവം. ആദ്യം മുതൽ അവസാനം വരെ പ്രേക്ഷകരെ ചിന്തിപ്പിക്കുകയും ചെയ്ത ഈ ചിത്രത്തിൻ്റെ കഥ ,അവതരണം ,സംഗീതം എല്ലാം ഒരുമിച്ച് ചേർന്ന് മികച്ച സിനിമാനുഭവം തന്നെയാണ് ഈ ചിത്രം നൽകുന്നത്. അബിൻ ജോസഫ് എഴുതിയ തിരക്കഥയും ടോവിനോ തോമസിൻ്റെ കരിയറിലെ
ഏറ്റവും മികച്ച പ്രകടനവുമായി ഒന്നിച്ചപ്പോൾ നമുക്ക് ലഭിക്കുന്നത് ഒരു കിടിലൻ കലാസൃഷ്ടിയാണ്.
2003 ലെ വയനാട് മുത്തങ്ങയിൽ നടന്ന മുത്തങ്ങ സമരം സിനിമയുടെ ഹൃദയമാണെന്ന് തന്നെ പറയാം.ആദിവാസി സമൂഹത്തിൻ്റെ നിലവിളിയാണ് നരിവേട്ട.അവരുടെ അവഗണിക്കപ്പെടുന്ന നിലപാടുകൾ, ഭൂമിക്കുള്ള അവകാശവാദങ്ങൾ,അതിനെ ചെറുക്കുന്ന ഭരണ സംവിധാനങ്ങൾ എല്ലാം സിനിമയിൽ പ്രതിഫലിക്കുന്നു.കൂടാതെ ജേക്സ് ബിജോയിയുടെ സംഗീതസംവിധാനത്തിൽ ഒരുക്കിയ ‘ വേടാ വാടാ ‘ എന്ന പാട്ട് നരിവേട്ട സിനിമയുടെ ആത്മവിനൊപ്പം നിൽക്കുന്ന വരികളും ഈണവുമാണ്. വേടൻ തൻ്റെ വരികളുമായി ആ പാട്ട് പാടിയപ്പോൾ തികച്ചും ജനഹൃദയം കവർന്നെടുത്തു.

വേലിക്കപ്പുറത്ത് ആഹാരത്തിനായി കാടുകളിൽ പോകുന്ന ആദിവാസികളുടെ കഷ്ടതകളും വിണ്ടുപോകുന്ന സ്വപ്നങ്ങളും ഈ പാട്ടിലുണ്ട്. പക്ഷേ അതൊരു ദുഃഖഗാനമല്ല, മറിച്ച് അതൊരു പോരാട്ടത്തിൻ്റെ പാട്ടാണെന്ന് തന്നെ പറയാം.നീതിയോടുള്ള ,ഓർമ്മയോടുള്ള പോരാട്ടം.
ടോവിനോയുടെ അഭിനയവും, ശാന്തിയായി ആര്യ സലീം,ബഷീർ സാറായി സുരാജ്, രഘുറാമായി ചേറൻ…ഇവരൊക്കെ സിനിമയുടെ തീക്ഷ്ണത കൂട്ടും വിധത്തിലുള്ള അഭിനയവുമാണ്.ആര്യ സലീം അവതരിപ്പിച്ച ശാന്തി,സി.കെ ജാനുവിൻ്റെ ഓർമ്മകൾ ഉണർത്തുന്നു.അവരുടെ ഭാഷ ,ബോഡി ലാംഗ്വേജും, സമരത്തിലെ ആത്മാഭിമാനം എല്ലാം പ്രതിഫലിപ്പിക്കുന്ന വിധമുള്ള പ്രകടനമാണ് അവർ കാഴ്ചവെച്ചത്.
നരി വേട്ട ഒരു അനുഭവം തന്നെയാണ് .അത് കാണേണ്ട ചിത്രമാണ്.മാത്രമല്ല മനസ്സിലാക്കേണ്ട ചിത്രം കൂടിയാണ്.വേദനയുടെ പടികൾ കയറുകയും ഓർമ്മയുടെ പേരിൽ നമുക്ക് മുന്നിൽ ഒരു ചോദ്യം ഉയർത്തുകയും ചെയ്യുന്നത് നരിവേട്ട സിനിമയുടെ വലിയ വിജയം തന്നെയാണ്.
നരിവേട്ട ഒരു ദൃശ്യകാവ്യം ആണെങ്കിൽ വേടൻ പാടിയ പാട്ട് അതിലെ ഹൃദയ സ്പന്ദനമാണ്. മുത്തങ്ങ സമരം അതിൻ്റെ പ്രചോദനവും ഉത്തരവാദിത്വവുമാണ്. ഈ ചിത്രം കാണാൻ മറക്കരുത്, കണ്ടു മനസ്സിലാക്കണം… ചിന്തിക്കണം…








