Cinemapranthan

ഓർക്കുന്നുണ്ടോ ഈ നടിയെ

എത്ര ഭംഗിയായിരുന്നു കുട്ടിത്തം നിറഞ്ഞ ആ ചിരിക്കും മുഖഭാവത്തിനുമെല്ലാം. മോനിഷയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ആദ്യം മനസില്‍ വരുന്നത് മഞ്ഞൾ പ്രസാദവും എന്ന പാട്ടാണ്. ഇന്ത്യയില്‍ മറ്റൊരു നടിക്കും ലഭിക്കാത്ത അപൂര്‍വ ഭാഗ്യവും മോനിഷയെ തേടി വന്നു. ആദ്യ സിനിമയ്ക്ക് തന്നെ മികച്ച നടിക്കുളള ദേശീയ ബഹുമതി. ഏറ്റവും കുറഞ്ഞ പ്രായത്തില്‍ (15 വയസ്സ്) ഈ അംഗീകാരം ലഭിക്കുന്ന അഭിനേത്രിയും മോനിഷയാണെന്ന് കരുതപ്പെടുന്നു.

പുരസ്‌കാരം ഏറ്റുവാങ്ങുമ്പോള്‍ മോനിഷയ്ക്ക് പ്രായം കേവലം 16 വയസ്സ്. ഉര്‍വശിക്കും സീമയ്ക്കും മഞ്ജു വാരിയര്‍ക്കും ലഭിക്കാതെ പോയ അംഗീകാരമാണ് തുടക്കത്തില്‍ തന്നെ കൗമാരക്കാരിയായ മോനിഷ സ്വന്തമാക്കിയത്.മലയാളിത്തം നിഷ്‌കളങ്കതയുമായി സമന്വയിച്ച ഒരു അപൂര്‍വ ജനുസാണ് മോനിഷയില്‍ നാം കണ്ടുമുട്ടിയത്. പതിനഞ്ചാം വയസ്സിൽ സിനിമ ക്യാമറയെ അഭിമുഖീകരിച്ച മോനിഷ പരിണിതപ്രജ്ഞരായ നടികളെ പോലെ ഇരുത്തം വന്ന അഭിനയശൈലി കൊണ്ട് നമ്മെ അമ്പരപ്പിക്കുകയും മലയാളിയുടെ സ്‌നേഹവാത്സല്യങ്ങള്‍ക്ക് പാത്രീഭവിക്കുകയും ചെയ്തു.

കോഴിക്കോട് പന്നിയങ്കരയാണ് മോനിഷയുടെ സ്വദേശം. നാരായണന്‍ ഉണ്ണിയുടെയും ശ്രീദേവി ഉണ്ണിയുടെയും രണ്ട് മക്കളില്‍ ഇളയ ആള്‍. ഏകസഹോദരന്‍ സജിത്ത് ഉണ്ണി.സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കെ സിനിമയില്‍ വന്ന മോനിഷ കേവലം 6 വര്‍ഷം മാത്രം നീണ്ടു നിന്ന കരിയറിലെ തിരക്കിനിടയില്‍ ബെംഗളൂരുവിലെ മൗണ്ട് കാര്‍മല്‍ കോളജില്‍ നിന്നും സൈക്കോളജിയില്‍ ബിരുദം നേടി. കുടുംബസുഹൃത്തായിരുന്ന എം.ടി.വാസുദേവന്‍ നായരാണ് മോനിഷയിലെ അഭിനേത്രിയെ കണ്ടെടുക്കുന്നത്.

അദ്ദേഹം തിരക്കഥ എഴുതി ഹരിഹരന്‍ സംവിധാനം ചെയ്ത ‘നഖക്ഷതങ്ങളി’ലൂടെയായിരുന്നു മോനിഷയുടെ രംഗപ്രവേശം. തലസ്ഥാനം, പെരുന്തച്ചന്‍, അധിപന്‍, ഒരു കൊച്ചുഭൂമികുലുക്കം, കുടുംബസമേതം, ചമ്പക്കുളം തച്ചന്‍, ചെപ്പടിവിദ്യ, കടവ്, കമലദളം എന്നിങ്ങനെ എണ്ണം പറഞ്ഞ മലയാളപടങ്ങള്‍ക്കൊപ്പം തമിഴ്‌സിനിമയിലും അഭിനയിച്ചിട്ടുണ്ട് മോനിഷ. ചെപ്പടിവിദ്യയുടെ ഷൂട്ടിങ് കഴിഞ്ഞ് കാറില്‍ മടങ്ങുകയായിരുന്ന മോനിഷയും അമ്മ ശ്രീദേവി ഉണ്ണിയും ചേര്‍ത്തലയ്ക്കടുത്ത് ബൈപാസ് ജംഗ്ഷനില്‍ വച്ച് ഒരു വാഹനാപകടത്തില്‍ പെട്ടു. കാറിന് എതിരെ വന്ന കെ.എസ്.ആര്‍.ടി ബസുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.

അമ്മ പരുക്കുകളോടെ രക്ഷപ്പെട്ടെങ്കിലും മോനിഷ സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. അപകടം സംഭവിക്കുമ്പോള്‍ കാറിന്റെ പിന്‍സീറ്റില്‍ കിടന്ന് ഉറങ്ങുകയായിരുന്നു മോനിഷ. അപകടത്തെ തുടര്‍ന്ന് നടുവിന് ക്ഷതമേറ്റിരുന്നതായും മൂക്കിലൂടെയും ചെവിയിലൂടെയും രക്തസ്രാവം സംഭവിച്ചതായും അക്കാലത്ത് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കാര്‍ ഡ്രൈവറും അപകടത്തില്‍ മരിച്ചിരുന്നു. മോനിഷയെ അടുത്തുളള ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അങ്ങനെ 15-ാം വയസ്സിൽ സിനിമയില്‍ വന്ന മോനിഷ 21-ാം വയസ്സിൽ ആക്‌ഷനും കട്ടും ഇല്ലാത്ത ഒരു ലോകത്തേക്ക് യാത്രയായി. മരണം സംഭവിച്ച് മൂന്ന് പതിറ്റാണ്ടുകള്‍ കടന്നു പോയിട്ടും ഇന്നും മോനിഷ മലയാളി മനസ്സുകളിലെ മായാത്ത നോവായി നിലനില്‍ക്കുന്നു.

ടെലിവിഷന്‍ ചാനലുകളിലും യൂട്യൂബിലും ഒടിടിയിലുമുളള അവരുടെ സിനിമകളിലൂടെ ആ മുഖം, അതിന്റെ നിഷ്‌കളങ്കത തെല്ലും നഷ്ടപ്പെടാതെ നമ്മളിലേക്ക് എത്തുന്നു. ഇടയ്‌ക്കൊക്കെ ആനുകാലികങ്ങളിലും സമൂഹമാധ്യമങ്ങളിലും അമ്മയും നടന്‍ വിനീതും അടക്കം മോനിഷയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നവരുടെ ഓർമകളിലൂടെയും നാം അവരുടെ സാമീപ്യം അറിയാറുണ്ട്.

അടുത്തിടെ സംവിധായകന്‍ ആലപ്പി അഷറഫ് തന്റെ യൂട്യൂബ് ചാനലിലുടെ മോനിഷയെ സംബന്ധിച്ച തികച്ചും വ്യക്തിപരമായ ചില കാര്യങ്ങള്‍ വെളിപ്പെടുത്തുകയുണ്ടായി. ചലച്ചിത്രരംഗത്ത് ദീര്‍ഘകാല അനുഭവ സമ്പത്തുളള അദ്ദേഹത്തിന്റെ വാക്കുകളിലെ വിശ്വാസ്യത കണക്കിലെടുത്ത് ഏറെ കൗതുകത്തോടെയാണ് പ്രേക്ഷകസമൂഹം മോനിഷയെക്കുറിച്ച് അതുവരെ അറിയാത്ത രഹസ്യങ്ങള്‍ ശ്രവിച്ചത്.

cp-webdesk

null