അറുപതുകളുടെ പകുതി മുതൽ എഴുപതുകളുടെ പകുതി വരെ നമ്മുടെ സിനിമയിൽ ദിലീപ് എന്നൊരു നടനുണ്ടായിരുന്നു .

അദ്ദേഹത്തെ പരിചയപ്പെടാം.. 1950 ഏപ്രിൽ 13 ന് വളാഞ്ചേരിയിൽ മുഹമ്മദ്-ഫാത്തിമ ദമ്പതികളുടെ മകനായി ജനിച്ച മുസ്തഫയാണ് സിനിമയിലെ ആദ്യത്തെ ദിലീപ്.. അഭിനയത്തോട് ആഭിമുഖ്യമുണ്ടായിരുന്ന മുസ്തഫ,വിദ്യാർത്ഥിയായിരുന്ന കാലത്ത് ഒട്ടനവധി നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സിനിമയിലഭിനയിക്കണമെന്ന ആശയോടെ മദിരാശിയിലെത്തിയ മുസ്തഫ, തൻ്റെ പതിനാറാം വയസ്സിൽ – JD തോട്ടാൻ സംവിധാനം ചെയ്ത കല്യാണഫോട്ടോ എന്ന ചിത്രത്തിലൂടെ ചലച്ചിത്ര നടനായി.
M കൃഷ്ണൻ നായരുടെ കുസൃതിക്കുട്ടനാ യിരുന്നു രണ്ടാമത്തെ ചിത്രം. സേതുമാധവൻ്റെ റൗഡിയിൽ ഷീല അവതരിപ്പിച്ച ദേവയാനിയുടെ അനിയനായി വേഷമിട്ടതാണ് ഒട്ടൊക്കെ ശ്രദ്ധിക്കപ്പെട്ട ആദ്യവേഷം. ആദ്യമാദ്യം ചിത്രങ്ങളുടെ ടൈറ്റിലിൽ മുസ്തഫ എന്ന പേരാണ് വച്ചിരുന്നതെങ്കിലും പിന്നീട് തിക്കുറിശ്ശി ഇദ്ദേഹത്തിൻ്റെ പേര് ദിലീപ് എന്നാക്കി. തുടർന്ന് കണ്മണികൾ,മാടത്തരുവി, വിരുതൻ ശങ്കു,അടിമകൾ,പളുങ്കുപാത്രം, വിവാഹംസ്വർഗ്ഗത്തിൽ,അഭയം, ഗംഗാസംഗമം,അനുഭവങ്ങൾ പാളിച്ചകൾ, ടാക്സികാർ,സ്നേഹദീപമേ മിഴി തുറക്കൂ, നൃത്തശാല,ചായം,വീണ്ടുംപ്രഭാതം,ദർശനം, സ്വർണ്ണവിഗ്രഹം,മുച്ചീട്ടുകളിക്കാരൻ്റെ മകൾ,നെല്ല്,അല്ലാഹു അക്ബർ തുടങ്ങി ഇരുപത്തഞ്ചോളം ചിത്രങ്ങളിൽ ഈ നടൻ വേഷമിട്ടു.
ഇവയിൽ രാമു കാര്യാട്ടിൻ്റെ നെല്ലിൽ സുമിത്രയുടെ ജോടിയായി അലിയാർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് എടുത്തുപറയത്തക്ക വേഷമാണ്. പത്തു വർഷത്തെ ചലച്ചിത്രാഭിനയം കൊണ്ട് ശ്രദ്ധിക്കപ്പെടുന്നൊരു നടനാകാനോ സാമ്പത്തിക ഭദ്രത നേടാനോ അദ്ദേഹത്തിന് കഴിഞ്ഞില്ല. തുടർന്നദ്ദേഹം 1975 ൽ അഭിനയരംഗമൊക്കെ വിട്ട് പ്രവാസജീവിതത്തിലേക്ക് പോയി. മുപ്പതിലധികം വർഷം ഗൾഫിൽ പണിയെടുത്ത ഇദ്ദേഹം 2008 ലാണ് പ്രവാസജീവിതം അവസാനിപ്പി ച്ച് മടങ്ങിയെത്തുന്നത്. ഇപ്പോളദ്ദേഹം തൻ്റെ എഴുപത്തഞ്ചാം വയസ്സിൽ മക്കളോടും കൊച്ചുമക്കളോടുമൊപ്പം സന്തോഷത്തോടെ വളാഞ്ചേരിയിൽ കഴിയുന്നു.








