നിർമാതാവ് കൽപ്പാത്തി എസ്. സുരേഷിന്റെ മകന്റെ വിവാഹ സൽക്കാരത്തിൽ തമിഴ് നടൻ വിജയ്‌യും തൃഷയും ഒന്നിച്ചെത്തിയ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിതെളിച്ചിരിക്കുകയാണ്. ഭാര്യ സംഗീതയുമായുള്ള വിവാഹമോചന വാർത്തകൾക്കിടെ ഇരുവരും പൊതുവേദിയിൽ ഒന്നിച്ച് പ്രത്യക്ഷപ്പെട്ടത് ആരാധകർക്കിടയിൽ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ഈ സാഹചര്യത്തിൽ വിജയ്‌യെ വിമർശിച്ച് നടി സനം ഷെട്ടി രംഗത്തെത്തിയതാണ് പുതിയ വാർത്ത. വിജയ് സ്വീകരിച്ചത് ശരിയായ രീതിയല്ലെന്നും ഒരു ഭാര്യയുടെ ദുഃഖം ഇങ്ങനെ അവഗണിക്കാനാവില്ലെന്നും സനം തന്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ വ്യക്തമാക്കി.
വിവാഹബന്ധം തുടരാനാവില്ലെങ്കിൽ നിയമപരമായ നടപടികൾ പൂർത്തിയാക്കിയ ശേഷം മാത്രമേ ഇത്തരം കാര്യങ്ങൾ പുറത്തറിയിക്കാവൂ എന്ന് സനം ഷെട്ടി കുറിച്ചു. അവർ സുഹൃത്തുക്കളായിക്കൂടെ എന്ന ആരാധകരുടെ ചോദ്യത്തിന്, “ദിവസങ്ങൾക്ക് മുൻപ് ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ പൊതുവേദിയിൽ ഒന്നിച്ച് പ്രത്യക്ഷപ്പെടാൻ ഇത് ശരിയായ സമയമാണോ?” എന്നായിരുന്നു സനത്തിന്റെ മറുപടി. ധാർമ്മികമായും നിയമപരമായും നിലവിലെ രീതി ശരിയല്ലെന്നും ഒരു ആരാധിക എന്ന നിലയിൽ ഈ കാഴ്ച നിരാശാജനകമാണെന്നും താരം കൂട്ടിച്ചേർത്തു.

വിജയ്‌യുടെ ഭാര്യ സംഗീത സ്വർണലിംഗം നൽകിയ വിവാഹമോചന ഹർജിയിൽ മറ്റൊരു നടിയുമായി വിജയ്‌ക്കുള്ള ബന്ധത്തെക്കുറിച്ച് ആരോപിച്ചിരുന്നു. ആ നടി തൃഷയാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ നിലനിൽക്കെയാണ് ഇരുവരും ഒന്നിച്ച് ക്യാമറയ്ക്ക് മുന്നിലെത്തിയത്. 2021-ൽ ഈ ബന്ധത്തെക്കുറിച്ച് അറിഞ്ഞതായും വിലക്കിയിട്ടും വിജയ് അത് തുടർന്നത് തനിക്ക് മാനസിക ബുദ്ധിമുട്ടുണ്ടാക്കിയതായും ഹർജിയിൽ സംഗീത ആരോപിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ ഇരുവരും നീലാങ്കരയിലെ വീട്ടിൽ അകന്നു കഴിയുകയാണ്.
അതേസമയം, കോടതി നടപടികളിലേക്ക് പോകാതെ പ്രശ്നം പരിഹരിക്കാൻ വിജയ് ശ്രമിക്കുന്നതായും വാർത്തകളുണ്ട്. ഇതിന്റെ ഭാഗമായി സംഗീതയ്ക്കും മക്കൾക്കുമായി 250 കോടി രൂപയുടെ നഷ്ടപരിഹാരം വിജയ് വാഗ്ദാനം ചെയ്തതായി തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ സംഗീത ഈ നിർദ്ദേശം സ്വീകരിച്ചോ എന്ന കാര്യത്തിൽ വ്യക്തതയില്ല. വിജയ്‌യുടെ രാഷ്ട്രീയ പരിപാടികളിൽ നിന്നും കുടുംബ ചടങ്ങുകളിൽ നിന്നും സംഗീതയും മക്കളും വിട്ടുനിൽക്കുന്നത് നേരത്തെ തന്നെ ആരാധകർക്കിടയിൽ ചർച്ചയായിരുന്നു.
തമിഴ്നാട്ടിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഈ ഘട്ടത്തിൽ, കുടുംബജീവിതത്തിലെ ഈ വിവാദങ്ങൾ വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തിന് തിരിച്ചടിയാകുമോ എന്ന ആശങ്കയിലാണ് ഒരു വിഭാഗം ആരാധകർ. 1998-ൽ പ്രണയിച്ച് വിവാഹിതരായ വിജയ്‍യും സംഗീതയും തമിഴ് സിനിമയിലെ മാതൃകാ ദമ്പതികളായിട്ടായിരുന്നു അറിയപ്പെട്ടിരുന്നത്.






