തമിഴ് സിനിമയുടെ തുടക്കം മുതൽ ഒരു സ്ലാപ്സ്റ്റിക്ക് കോമഡിയുടെ സ്വാധീനം പ്രകടമാണ്. ഏതു വെറൈറ്റി ജോണർ ആണെങ്കിലും, അതിനിടയിൽ ഒരു കോമഡിക്കു വേണ്ടി മാത്രം ചില സീനുകൾ ഉൾപ്പെടുത്തുന്ന ഒരു രീതി പണ്ട് മുതലേ തമിഴ് സിനിമയിൽ കാണാം. മെയിൻ പ്ലോട്ടുംമായി അതിനു ബന്ധമുണ്ടോ ഇല്ലയോ, എന്നത് പലപ്പോളും ഒരു പരിഗണന വിഷയമായി മാറാറില്ല എന്നതാണ് സത്യം. പ്രേക്ഷകരെ രസിപ്പിക്കാൻ വേണ്ടി, ഗാനരംഗങ്ങൾ പോലെ ഒരു സെപ്പറേറ്റ് ഫില്ലറുകൾ മാത്രമായിരുന്നു അവ. (അതിൽ പലതും ബോഡി ഷേമിങ് പോലുള്ളവയാണ് എന്നത് ഒരു വസ്തുതയാണ്.) ഒരു പക്ഷെ അക്കാലത്തെ, ചില സംവിധായകരെങ്കിലും കോമഡിയെന്നത്, ഒരു ആളെ കൂട്ടാനുള്ള ഫില്ലറിനപ്പുറം, കഥയുടെ സ്വഭാവമാക്കി, കഥ പറയാനുള്ള ഒരു രൂപകമാക്കി ഉപയോഗിച്ചു. അകാലത്ത്, കെ. ബാലചന്ദർ, സിംഗീതം ശ്രീനിവാസ് റാവു തുടങ്ങിയവരുടെ സിനിമകളിൽ ഈ രീതി കാണാം. ഒരു പക്ഷെ അവരിൽ പലരുടെയും ശ്രമങ്ങൾക്ക് അടിത്തറ പകർന്നത് ക്രേസി മോഹൻ എന്ന പ്രതിഭാ ശാലിയായ തിരക്കഥാകൃത്താണ്. ‘അപൂർവ സഹോദരങ്ങളും’, ‘മൈക്കിൾ മദന കാമരാജനു’മൊക്കെ , ക്രേസി മോഹന്റെ തുടക്കകാലത്തെ മികച്ച ശ്രമങ്ങൾ തന്നെയായിരുന്നു. പിന്നീട് കെ.സ് രവി കുമാറിന്റെ അവ്വൈ ഷണ്മുഖിയുടെ സഹ തിരക്കഥാകൃത്തായതോടെ കോമഡിക്ക് പുതിയ മാനം വന്നുവെന്ന് പറയാം, പിന്നീട് ‘മി. റോമിയോയും’, ‘തെന്നാലി’യും, ‘പഞ്ച തന്തിരവും’, ‘പമ്മൽ. കെ. സംബന്ധവു’മൊക്കെ ആ കൂട്ടുകെട്ടിൽ പിറന്ന ചിത്രങ്ങളായിരുന്നു. സ്ലാപ്പ്സ്റ്റിക് കോമഡിയും സിറ്റുവേഷണൽ കോമഡിയും, ഒരു പോലെ ബ്ലെൻഡ് ചെയ്ത് സ്വാഭാവികമായ നർമ്മത്തിന്റെ സാധ്യതകൾ പരീക്ഷിച്ച സിനിമകളായിരുന്നു അവ.
ക്രേസി മോഹനും, രവികുമാറുമൊക്കെ ഉപയോഗിച്ച സ്ലാപ്പ്സ്റ്റിക്ക് കോമഡി മേക്കിങ് സ്റ്റൈലിന്റെ അംശങ്ങൾ അടങ്ങിയ, നർമ്മത്തിന്റെ പുതിയ സാധ്യതകൾ പരീക്ഷിച്ചു കൊണ്ടിരിക്കുന്ന, അതേ സമയം അതിൽ മാസ്സ് ആക്ഷൻ ജോണറും സമന്യയിപ്പിക്കുന്ന തമിഴ്- പുതു തലമുറ സംവിധായകനാണ് നെൽസൺ ദിലീപ് കുമാർ. ഒരു ഡാർക്ക് കോമഡി നരേഷൻ അദ്ദേഹത്തിന്റെ സിനിമകളിലെ കഥാപാത്രങ്ങളിലും , സംഭാഷണങ്ങളിലും, ഫിലിം മേക്കിങ് സ്റ്റൈലിലും പ്രകടമാണ്. അദ്ദേഹത്തിന്റെ ആദ്യ സിനിമയായ ‘കോലമാവ് കോകില’ യിലും, പിന്നീട് വന്ന ‘ഡോക്ടറി’ലും പരിപൂർണമായും കാണാം, അദ്ദേഹത്തിന്റെ മൂന്നാമത്തെ ചിത്രമായ ‘ബീസ്റ്റിൽ ചെറിയ തോതിലും കാണാം. വളരെ ഇൻട്രോവെർട്ടായ, ചില ഹിഡൻ ടാലന്റ്സ് ഒളിഞ്ഞിരിക്കുന്ന, ഒരു സാധാരണകാരന്റെ വൈകാരിക മനോഭാവത്തിൽ ചിന്തിക്കുകയും, എന്നാൽ സാധാരണ മനുഷ്യന്റെ ‘കോമൺസെൻസി’ൽ അല്പം വ്യത്യസ്തമായി കാര്യങ്ങളെ സമീപിക്കുകയും ചെയ്യുന്ന, അത്യാവശ്യ ഘട്ടങ്ങളിൽ ഒരു ‘യൂണിക് ഗ്രൂപ്പി’ന്റെ ലീഡർഷിപ്പ് ഏറ്റെടുക്കേണ്ടി വരുന്നവരാണ് നെൽസന്റെ നായക/ നായിക കഥാപാത്രങ്ങൾ. നായക കഥാപാത്രങ്ങളും അവർ നയിക്കുന്ന ‘ഡിഫ്രന്റ്ലി ഏബിൾഡ്’ആയ ഒരു ചെറിയ കൂട്ടം സാധാരണക്കാർ അടങ്ങുന്ന ഒരു സംഘവും , അവർ ഏറ്റെടുക്കുന്ന ഒരു ‘മിഷനും’, അതിലേക്കു അവർ എത്തി ചേരാനുള്ള സാഹചര്യവും, അവരുടെ പിന്നീടുള്ള ശ്രമങ്ങളുമാണ് ‘നെൽസൺ’ സിനിമകളുടെ സ്ഥിരം പാറ്റേൺ എന്ന് പറയാം.
അൽപ്പം കാരിക്കേച്ചർ ഷെയ്ഡിലുള്ള കഥാപാത്രങ്ങളും അവരുടെ വ്യക്തിപരമായ സ്വഭാവ സവിശേഷതകൾ അടങ്ങിയ ആക്ഷേപ ഹാസ്യം നിറഞ്ഞ അവരുടെ സംഭാഷണങ്ങളുമാണ് ഈ സിനിമകളുടെ നട്ടെല്ലായി മാറുന്നത്. അത്തരം പരസ്പരം വ്യത്യസ്തങ്ങളായ കുറെ കഥാപാത്രങ്ങൾക്കു നടുവിൽ കേന്ദ്ര കഥാപാത്രത്തെ പ്രതിഷ്ഠിച്ചു ഒരു വീഡിയോ ഗെയിമിലേതു പോലെ ഒരു ലെവൽ കഴിഞ്ഞു അടുത്ത ലെവൽ എന്ന രീതിയിൽ ആ കഥാപാത്രത്തെ മുന്നോട്ടു കൊണ്ട് പോയി അവസാനം ഒരു ‘ചിക്കൻ ഡിന്നർ’ പാർട്ടി പോലെ അവസാനിപ്പിക്കുന്ന രീതിയാണ് നെൽസന്റേത്. ‘ബ്രേക്കിങ് ബാഡ്’ സീരീസിന്റെ റെഫറൻസും ഒരു ‘നെൽസൺ ബ്രില്യൻസ്സാണ്. അതു നമ്മൾ പ്രേക്ഷകർ ഒരുപാട് ചർച്ച ചെയ്തിട്ടുമുള്ളതുമാണ്.
വളരെ ജന്റിലും എന്നാൽ ചില ചില സാഹചര്യങ്ങളിൽ അൺ പ്രെഡിക്റ്റിബളുമായവയാണ് അദ്ദേഹത്തിന്റെ പ്രൊട്ടോഗണിസ്‌റ്റ് കഥാപാത്രങ്ങൾ. അതു കോകിലയിലും (കോലാമാവ് കോകില), വരുണിലും (ഡോക്ടർ) , വീരരാഘവനിലും (ബീസ്റ്റ്). ഒരു കോമൺ ഫാക്ടറായി നില നിൽക്കുന്നുണ്ട്. ‘കോലമാവ് കോകില’യിലെ ‘സ്പൈ കില്ലിംഗ്’ സീനിലും ‘ഡോക്ടറിലെ’ മെട്രോ ഫൈറ്റിന്റെ അവസ്സാന രംഗത്തിലും , ‘ബീസ്റ്റി’ലെ മാൾ ഫൈറ്റ് രംഗങ്ങളിലും ഇത് കാണാം. ‘കോലമാവ് കോകില’യിലും, ഡോക്ടറിലും ഈ അൺ പ്രെഡിക്റ്റിബിലിറ്റി പ്രേക്ഷകർക്ക് കൃത്യമായി ഫീൽ ചെയ്യുന്നുണ്ടെങ്കിലും ‘ബീസ്റ്റി’ൽ അതു വെറും സാധാരണ മാസ് രംഗമായി മാത്രം മാറി. ആദ്യ രണ്ടു ചിത്രങ്ങളിൽ ഒരു ക്യാറ്റ് & മൗസ് പ്ലേയിലൂടെയും സാഹചര്യങ്ങൾക്കനുസ്സരിച്ചുള്ള കോമഡിയിലൂടെയും മുന്നോട്ടു പോകുന്ന രീതിയാണ് സംവിധായകൻ അവംലംബിച്ചിട്ടുള്ളത്. ‘കോലമാവ് കോകിലയിൽ അവസാന അരമണിക്കൂറും, ഡോക്ടറിൽ രണ്ടാം പകുതിയിലും ഈ ക്യാറ്റ് & മൗസ് പ്ലേ ഫലപ്രദമായി സംവിധായകന് സാധിച്ചിട്ടുണ്ട്. എന്നാൽ ബീസ്റ്റിലേക്കെത്തുമ്പോൾ ഒരു ഇമോഷണൽ- മാസ് ഡ്രാമയായി ആ ചിത്രം മാറുന്നു. നെൽസന്റെ മുൻ സിനിമകളിലേതു പോലെ ഒരു ഡാർക്ക്- സറ്റയർ കോമഡി സ്റ്റൈൽ ബീസ്റ്റിൽ അത്ര വർക്ക് ആയില്ല എന്നു പറയാം. അതേ സമയം ടെക്‌നിക്കലി ഒരു മികച്ച സിനിമയായി മാറുന്നുണ്ട്. അദ്ദേഹത്തിന്റെ ഒരു മികച്ച വിഷ്വൽ സെൻസ് ഈ സിനിമയിൽ ഇതിലെ ഓരോ ഫ്രെയിമിലും കാണാം. ഇവിടെ നെൽസൺ എന്ന ടെക്നിക്കൽ ക്രാഫ്റ്റ്മാൻ വിജയിക്കുമ്പോൾ, നെൽസൺ എന്ന ‘സ്റ്റോറി ടെല്ലർ’ പുറകോട്ടു പോയി എന്നു പറയാം.
ഈ അടുത്തകാലത്ത് ഒരുപാടു പരിഹസിക്കപെട്ട ഒരു സംവിധായകനാണ് അദ്ദേഹം. അതു കൊണ്ട് തന്നെ നെൽസൺ എന്ന സംവിധായകന്റെ ‘do or die ‘ പ്രോജക്ടറ്റാണ് രജനികാന്ത് ചിത്രം ‘ജയിലർ’. ‘രജനികാന്ത് എന്ന ആക്ടറിനെ എങ്ങനെയാണ് അദ്ദേഹം അവതരിപ്പിക്കുക എന്നൊരു കൗതുകം സൗത്ത് ഇന്ത്യൻ പ്രേക്ഷകർക്കുണ്ട് എന്നു പറയാം. അതിനോടൊപ്പം ഒരു സ്ഥിരം മാസ് കൊമേഴ്ഷ്യൽ സിനിമയാണോ, അതോ അതിനോടൊപ്പം ഒരു ഡാർക്ക് കോമഡി ലയർ സംവിധായകൻ സമർത്ഥമായി ബ്ലെൻഡ് ചെയ്യുമോ എന്നൊരു സംശയം പ്രേക്ഷകരുടെ മനസ്സിൽ അവശേഷിക്കുന്നുണ്ട്. ആ കൗതുകങ്ങളുടെയും സംശയങ്ങളുടെയും ഉത്തരം ഈ ആഗസ്റ്റ് 10 നു നമ്മുക്ക് ലഭിക്കും. ഒരു പക്ഷെ ജയിലർ എന്ന സിനിമയുടെ റിസൾട്ട് എന്തു തന്നെ ആയിക്കോട്ടെ, നെൽസൺ എന്ന ഫിലിം മേക്കറുടെ സ്ലാപ്സ്റ്റിക്ക് കോമഡി- ആക്ഷൻ സ്റ്റൈലിന്റെ ക്വാളിറ്റി തന്റെ രണ്ടു ചിത്രങ്ങളിലൂടെ അദ്ദേഹം തെളിയിച്ചതുമാണ്. അതു മാത്രം മതി നെൽസൺ എന്ന ഫിലിം മേക്കറുടെ കഴിവ് മനസിലാക്കാൻ.
.